Connect with us

International

കശ്മീരിനെ ഇന്ത്യന്‍ സേനയുടെ ശവപ്പറമ്പാക്കും: ഹിസ്ബുള്‍ നേതാവ്

Published

|

Last Updated

മുസാഫറാബാദ്: കശ്മീര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്‍. കൂടുതല്‍ കശ്മീരി ചാവേറുകളെ റിക്രൂട്ട് ചെയ്ത് ഇന്ത്യന്‍ പട്ടാളത്തെ നേരിടുമെന്നാണ് സലാഹുദീന്റെ ഭീഷണി.
കാശ്മീരില്‍ രാഷ്ട്രീയ പരിഹാരം കാണാനുള്ള ഏത് ശ്രമത്തേയും ചെറുക്കുമെന്ന് ഹിസ്ബുള്‍ മേധാവി സയ്യദ് സലാഹുദ്ദീന്‍ ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്ന് കാശമീരില്‍ എത്താനിരിക്കെയാണ് സലാഹുദ്ദീന്റെ പ്രസ്താവന.
കാശ്മീര്‍ പ്രശ്‌നത്തിന് സര്‍വകക്ഷി സംഘത്തിലൂടെ പരിഹാരം കാണാനുള്ള ശ്രമം പാഴ്‌വേലയാണ്. കാശമീരിലെ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം തീവ്രവാദം മാത്രമാണെന്നും ഇയാള്‍ പറഞ്ഞു.
തെക്കന്‍ ഏഷ്യന്‍ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് 26 രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോ സഖ്യത്തിന് ഓടിപ്പോകേണ്ടി വന്ന കാര്യം മറക്കരുത്. അതിനാല്‍ തന്നെ ഹിസ്ബുള്‍ ഭീകരരുടെ പോരാട്ടം കാശ്മീരില്‍ മാത്രമായി ഒതുങ്ങുമെന്ന് ആരും ധരിക്കരുത്. ഏഷ്യന്‍ മേഖല ഒന്നാകെ നിയന്ത്രണത്തിലാക്കുകയാണ് മുജാഹിദ്ദീന്റെ ലക്ഷ്യമെന്നും സലാഹുദ്ദീന്‍ പറഞ്ഞു. ആന്ധ്രാപ്രദേശ്, മദ്രാസ്, അസാം, നാഗാലാന്‍ഡ്, ഹരിയാന, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സൈനികര്‍ ഞങ്ങളുടെ കുടുംബങ്ങളുടെ പവിത്രത തകര്‍ത്താല്‍ ചാവേര്‍ ബോംബാക്രമണം നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. സലാഹുദീന്‍ പറഞ്ഞു.

പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളുടെ സഖ്യമായ യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍തലവനായ സലാഹുദീന്‍ കശ്മീരിലെ തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരില്‍ പ്രമുഖനാണ് സലാഹുദ്ദീന്‍.
ജൂലൈ ഒമ്പതിന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അരങ്ങേറുന്ന അക്രമങ്ങളില്‍ ഇതുവരെ എഴുപതിലേറെ പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിലെ പലസ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ കഴിഞ്ഞ ദിവസങ്ങളിലാണ് പിന്‍വലിച്ചത്.

Latest