Connect with us

Gulf

ഷാര്‍ജയെ കുറിച്ചുള്ള സമ്പൂര്‍ണ ആപ് ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ അവതരിപ്പിക്കും

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ഇ-ഗവേണ്‍സ് ഡിപ്പാര്‍ട്‌മെന്റ് തയ്യാറാക്കിയ, എമിറേറ്റിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഏറ്റവും പുതിയ ആപ് ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ പരിചയപ്പെടുത്തും. എക്‌സിബിഷന്‍ നഗരിയില്‍ വെച്ച് ആപിന്റെ ലോഞ്ചിംഗ് നടത്തുമെന്ന് ഷാര്‍ജ ഇ-ഗവേണ്‍സ് ഡിപ്പാര്‍ട്‌മെന്റ് (ഡി ഇ ജി) ഡയറക്ടര്‍ ജനറല്‍ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അറിയിച്ചു.

ഒക്‌ടോബര്‍ 16 മുതല്‍ 20 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈറ്റക്‌സില്‍ തങ്ങളുടെ പങ്കാളിത്തം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഷാര്‍ജ ഇ-ഗവേണ്‍സ് ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി ഡിജിറ്റലായി ബന്ധപ്പെടാന്‍ ആപ് സഹായിക്കും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളും ആപ് വഴി ലഭ്യമാക്കും. ഉയര്‍ന്ന സൈബര്‍ സുരക്ഷയാണ് ആപ് പ്രദാനം ചെയ്യുന്നതെന്ന് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി വ്യക്തമാക്കി.

2019 ആകുമ്പോഴേക്കും മധ്യപൗരസ്ത്യ മേഖലയില്‍ വിവര സാങ്കേതിക വിദ്യ സംബന്ധമായി 78,200 കോടി ദിര്‍ഹം ചെലവഴിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.7 ശതമാനത്തിന്റെ വര്‍ധനയുണ്ടാകും. അതിനാല്‍ തന്നെ ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ ഡി ഇ ജിയുടെ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജയിലെ 32 ഡിപ്പാര്‍ട്‌മെന്റുകളെ ഉള്‍കൊള്ളിച്ച് 1,620 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ജൈറ്റക്‌സ് എക്‌സിബിഷന്‍ നഗരിയില്‍ പവലിയന്‍ തയ്യാറാക്കുകയെന്ന് ഡി ഇ ജി ഡയറക്ടര്‍ നൂര്‍ അലി അബ്ദുല്ല അല്‍ നുമന്‍ പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ വിവര സാങ്കേതിക വിദ്യ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നെന്നും സുസ്ഥിരമായ വികസനത്തിന് ഐ ടിയുടെ പങ്ക് എന്താണെന്നും സാങ്കേതിക വാരത്തില്‍ തങ്ങള്‍ തെളിയിക്കുമെന്ന് അല്‍ നുമന്‍ പറഞ്ഞു. ഇതിനുപുറമെ ഷാര്‍ജയുടെ ഭൂപ്രകൃതിയെ കുറിച്ചുള്ള മറ്റൊരു ആപും ജൈറ്റക്‌സില്‍ അവതരിപ്പിക്കും. എമിറേറ്റിലെ താമസക്കാരെ കുറിച്ചുള്ള വിവരങ്ങളറിയാനുള്ള സര്‍വേക്കും ആപ് ഉപയോഗിക്കുമെന്ന് അല്‍ നുമന്‍ കൂട്ടിച്ചേര്‍ത്തു.

Latest