Connect with us

National

സലഫിസത്തെ പ്രതിരോധിക്കാന്‍ ദേശീയ പ്രചാരണം നടത്തും: എസ്എസ്എഫ്

Published

|

Last Updated

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത കിരാത പ്രവര്‍ത്തനം നടത്തുന്ന ഐ എസ് മനുഷ്യത്വത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഐ എസിന്റെ ആശയ സ്രോതസ്സായ സലഫിസത്തെ പ്രതിരോധിക്കാന്‍ ദേശവ്യാപകമായ പ്രചാരണം നടത്തുമെന്നും എസ് എസ് എഫ് ദേശീയ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചരിത്രസ്മാരകങ്ങളും പുണ്യപുരുഷന്മാരുടെ മഖ്ബറകളും തകര്‍ത്തുകൊണ്ടാണ് ഐ എസ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. മാനവികതയുടെയും പാരസ്പര്യത്തിന്റെയും സ്വരങ്ങളെ ഇല്ലായ്മ ചെയ്യുന്ന ആശയഗതി സലഫിസത്തിന്റെതാണ്.
മുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിച്ച് മതസന്ദേശങ്ങളെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്ത സലഫിസം ഉയര്‍ത്തിവിട്ട ആശയ ധാരയാണ് ഐ എസ് പിന്തുടരുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി ലോകക്രമത്തെ അസ്ഥിരനാക്കുന്ന തീവ്രവാദ വര്‍ഗീയ നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കാനും ഡല്‍ഹിയില്‍ നടന്ന ദ്വിദിന ദേശീയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ഇസ്‌ലാം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത് സഹിഷ്ണുതയുടെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണെന്നും ഇസ്‌ലാമിക തീവ്രവാദമെന്ന ഒന്നില്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. പ്രസംഗത്തിലൂടെയും എഴുത്തിലൂടയുമല്ല, സ്വന്തം ജീവിതത്തിലൂടെയാണ് ഇസ്‌ലാമിനെ ലോകത്തിന് പരിചയപ്പെടുത്തേണ്ടത്. ലോകത്ത് സൂഫി പണ്ഡിതര്‍ ഈ ദൗത്യമാണ് നിര്‍വഹിച്ചിരുന്നത്. മുഴുവന്‍ മതങ്ങളെയും സഹിഷ്ണുതയോടെ നോക്കിക്കാണാനാണ് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളെ പഠിപ്പിക്കുന്നത്. ഐ എസ് ഉള്‍പ്പെടെ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഭീകര സംഘടനകളും ഇസ്‌ലാമിന്റെ ചട്ടക്കൂടിന്റെ പരിധിക്ക് പുറത്താണ്. ഒരു വിശ്വാസിക്കും ഇത്തരം പ്രവര്‍ത്തനങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ സെഷനുകളിലായി ഷൗകത്ത് നഈമി ബുഖാരി (കാശ്മീര്‍), നൗഷാദ് ആലം മിസ്ബാഹി (ഒറീസ), ഡോ. ശിഹാബുദ്ദീന്‍ റിസ്‌വി(ഉത്തര്‍പ്രദേശ്), സാലിഖ് അഹ്മദ് ലത്വീഫി (അസം), മുഈനുദ്ദീന്‍ (ത്രിപുര), സയ്യിദ് സാജിദ് അലി (ജമ്മുകാശ്മീര്‍), അബ്ദുര്‍സാഖ് സഖാഫി, എം അബ്ദുല്‍മജീദ് അരിയല്ലൂര്‍, അബ്ദുല്‍ കാലാം മാവൂര്‍, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ (കേരളം) സംസാരിച്ചു.

Latest