Connect with us

Editorial

രാഹുല്‍ ഗാന്ധി പറഞ്ഞിടത്ത് നില്‍ക്കട്ടെ

Published

|

Last Updated

ഗാന്ധിജിയെ വധിച്ചതില്‍ ആര്‍ എസ് എസിന് പങ്കുണ്ടെന്ന പരാമര്‍ശം തിരുത്തില്ലെന്നും ആര്‍ എസ് എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാടെടുത്തിരിക്കുന്നു. വധത്തിന് പിന്നില്‍ ആര്‍ എസ് എസ് അനുകൂലികളായ ആളുകളുണ്ടെന്നാണ് പറഞ്ഞതെന്നും സംഘടന എന്ന നിലയില്‍ ആര്‍ എസ് എസിനെതിരെ ആക്ഷേപമുന്നയിച്ചിട്ടില്ലെന്നുമുള്ള വാദം തിരുത്തിക്കൊണ്ടാണ് കൃത്യമായ ഒരു നിലപാടിലേക്ക് അദ്ദേഹം നീങ്ങിയത്. ഫാസിസം ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ പരിസരത്ത് വെച്ച് ഇങ്ങനെയൊരു നിലപാടെടുക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടതിനെ ആര്‍ജവം തന്നെയെന്നു പറയാം. അലസമായ സമീപനങ്ങളും ഒളിച്ചോട്ടവുമൊക്കെ സുഖകരമായ കാലത്ത് കൃത്യമായ നിലപാടെടുക്കുക എന്നത് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനമാണല്ലോ.
ഈ വിഷയത്തില്‍ സാങ്കേതിക ശാഠ്യങ്ങള്‍ക്കപ്പുറം പൊതുവായി വിശ്വസിക്കപ്പെടുന്ന ചിലതുണ്ട്. അത് ആര്‍ എസ് എസിനെതിരാണ്. 1948 ജനുവരി 30ന് ഡല്‍ഹിയിലെ ബിര്‍ളാഹൗസില്‍ ഗാന്ധിജി വധിക്കപ്പെട്ട സംഭവത്തിന് പിറകെ ഫെബ്രുവരി നാലിന് സംഘടനയെ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. ആര്‍ എസ് എസുകാര്‍ക്ക് കോണ്‍ഗ്രസ് അംഗത്വമാകാമെന്ന വാദക്കാരനായിരുന്ന ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് അത് ചെയ്തിരുന്നത്. ആ കൊല വ്യക്തിപരമായിരുന്നില്ല. ഗോഡ്‌സെയും ഗാന്ധിയും തമ്മില്‍ വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങള്‍ തന്നെയായിരുന്നു ആ ക്രൂരതക്ക് അയാളെ ധൃഷ്ടനാക്കിത്. സൂക്ഷ്മാര്‍ഥത്തില്‍ ഇടര്‍ച്ചകള്‍ ആരോപിക്കാമെങ്കിലും, ഗാന്ധിജി മുന്നോട്ട് വെച്ച മതേതര നിലപാടുകള്‍ ഗോഡ്‌സെയെ പ്രകോപിതനാക്കിയിരുന്നു.
വിചാരണ വേളയില്‍ നാഥുറാം വിനായക് ഗോഡ്‌സെ താന്‍ ആര്‍ എസ് എസുകാരനല്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ പറയുന്നത് മറ്റൊന്നാണ്. 1994ല്‍ ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച ഗോപാല്‍ ഗോഡ്‌സെയുടെ അഭിമുഖത്തില്‍, ആര്‍ എസ് എസിന്റെ ബൗദ്ധിക് പ്രമുഖ് ആയി നാഥുറാം മാറിയെന്നും, സംഘില്‍ അംഗമായിരുന്നില്ലെന്ന് പറയാന്‍ കാരണം ഗാന്ധിവധത്തിന് ശേഷം ഗോള്‍വാള്‍ക്കറും ആര്‍ എസ് എസും വലിയ പ്രതിസന്ധിയിലായതുകൊണ്ടാണെന്നും വ്യക്തമാക്കുന്നുണ്ട്. ഗാന്ധിവധത്തിന് ശേഷം ആ സംഘടന വലിയ തോതില്‍ ഒറ്റപ്പെട്ടതും വലിയ ആഘാതമേറ്റതും ചരിത്ര യാഥാര്‍ഥ്യമാണല്ലോ. ഈയൊരു പശ്ചാത്തലമാണ് ആര്‍ എസ് എസിനെ പാപഭാരത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്.
എന്താണ് യഥാര്‍ഥത്തില്‍ ആര്‍ എസ് എസ്? അനുവാചകര്‍ പറയും പോലെ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ മാത്രം ചരിക്കുന്ന കേവലമൊരു സാംസ്‌കാരിക സംഘടനയാണോ അത്? ചരിത്രം സാമാന്യവത്കരണത്തെ ശരിവെക്കുന്നില്ല. പ്രസരിപ്പിക്കുന്ന പകയും മനുഷ്യരെ വൈകാരിക വിക്ഷോഭങ്ങളിലേക്ക് തള്ളിവിടുന്ന ആശയങ്ങളുമൊക്കെയായി ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ കലുഷമാക്കിയ പുരാവൃത്തമാണ് അതിനുള്ളത്. ചില ഒറ്റപ്പെട്ട ഗുണങ്ങള്‍ക്ക് ആ സംഘടന ഉടമയായിക്കാം. സ്വയംസേവകരുടെ ധൈര്യത്തെയും അച്ചടക്കത്തെയുമൊക്കെ പ്രകീര്‍ത്തിച്ച് സുഹൃത്ത് പറഞ്ഞപ്പോള്‍ ഗാന്ധിജി പ്രതിവചിച്ചത് “ഹിറ്റ്‌ലറുടെയും മുസ്സോളനിയുടെയും കീഴിലുള്ളവര്‍ക്കും ഈ മേന്മകളൊക്കെ ഉണ്ടല്ലോ” എന്നാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ മുന്നിലിരിക്കെ ആര്‍ എസ് എസിനെ തുറന്നുകാട്ടാനും അതിന്റെ ഭീഷണികളെ ബോധ്യപ്പെടുത്താനുമാണ് സന്ദര്‍ഭം കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മതേതര ഭാവം പകര്‍ന്നതില്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ മതനിരപേക്ഷ ധാരയുടെ സംഭാവന അനിഷേധ്യമാണ്. പാര്‍ട്ടിയില്‍ എന്നും മറുപക്ഷത്തൊരു അഭിപ്രായമുണ്ടായിരുന്നെങ്കിലും അതിനെ അതിജയിക്കാന്‍ കഴിഞ്ഞു നിര്‍ണായക ഘട്ടങ്ങളിലെല്ലാം അവര്‍ക്ക്. പിന്നീട് നേതൃത്വം മൃദുഹിന്ദുത്വത്തില്‍ ഇടറി വീണപ്പോള്‍ അതിന്റെ ദുരന്തം പാര്‍ട്ടി അനുഭവിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നെഹ്‌റുവിനെ വീണ്ടെടുക്കാനുള്ള ഏതൊരു ചെറിയ യത്‌നവും പ്രസക്തമാണ്. വിശ്വാസവും വര്‍ഗീയതയും വ്യതിരിക്തമാണെന്നും വിശ്വാസികളുടെ പിന്തുണക്ക് വര്‍ഗീയതയെ പരിലാളിക്കേണ്ടതില്ലെന്നും മനസ്സിലാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ നീക്കമെന്ന് കരുതുക. എങ്കില്‍ അത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തും.
ജയില്‍വാസവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് ഇന്ത്യക്കാര്‍ക്ക് കാണിച്ചുതന്നത് ഗാന്ധിജിയാണല്ലോ. അതുകൊണ്ട് രാഷ്ട്രപിതാവിന്റെ പേരിലുള്ള നിയമ പോരാട്ടത്തിനോ ഒരുവേള ജയില്‍വാസത്തിനോ പോലും രാഹുലിന് പ്രയാസം തോന്നേണ്ടതില്ല. ബാബരി മസ്ജിദില്‍ കൊണ്ടുവെച്ച വിഗ്രഹം സരയൂ നദിയില്‍ വലിച്ചെറിയാന്‍ ആവശ്യപ്പെടാനുള്ള ആത്മവിശ്വാസം നെഹ്‌റുവിന് ലഭിച്ചത് മതവിശ്വാസത്തെയും വര്‍ഗീയതയെയും കുറിച്ചുള്ള തന്റെ നിലപാടില്‍ അദ്ദേഹത്തിന് ആത്മവിശ്വസമുള്ളതുകൊണ്ടായിരുന്നു.
കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒഴിവുകഴിവുകളോ വിചിത്ര വാദങ്ങളോ എടുത്ത് പരിഹാസ്യനാകുന്നത് രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ക്ക് ഉചിതമല്ല. എടുത്ത നിലപാടില്‍ ധീരമായി ഉറച്ച് നില്‍ക്കാം. ആത്മവഞ്ചനാപരമായ ഒഴിഞ്ഞുമാറ്റങ്ങളേക്കാള്‍ അല്‍പ്പം സാഹസത്തോടെയുള്ള നിലപാട് തീര്‍ച്ചകള്‍ തന്നെയാണ് ചരിത്രം ശരിവെക്കുക.

Latest