Connect with us

Articles

ആശാനക്ഷരമൊന്നു പിഴച്ചാല്‍...

Published

|

Last Updated

അധ്യാപക ദിനം ഒരു ഓര്‍മപ്പെടുത്തലാണ്. അധ്യാപകന്‍ അനുഷ്ഠിക്കേണ്ട ധര്‍മത്തെ ക്കുറിച്ചും വിദ്യാര്‍ഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള ഓര്‍മപ്പെടുത്തല്‍. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ, വിദ്യാഭ്യാസ വിചക്ഷണനും ദാര്‍ശനികനുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമായി 1962 മുതല്‍ ആചരിച്ചുപോരുന്നു.
ഒരു തൊഴില്‍ എന്നതിനപ്പുറം അധ്യാപനത്തിന് ഉന്നതമായ സ്ഥാനമാണ് സമൂഹം കല്‍പിച്ചു നല്‍കിയിട്ടുള്ളത്. ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയുമൊക്കെ പിന്നില്‍ ദൃശ്യമായോ അദൃശ്യമായോ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നതായി ചരിത്ര സംഭവങ്ങള്‍ വിശകലനം ചെയ്താല്‍ ബോധ്യമാകും. രാഷ്ട്രബോധത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും മാനവികതയുടെയും വിത്തുകള്‍ കുട്ടിയുടെ ആത്മാവില്‍ പകര്‍ന്നുകൊടുക്കാന്‍ അധ്യാപകന് കഴിയേണ്ടതുണ്ട്. കുട്ടികളുടെ മനസ്സില്‍ ഒരിക്കലും വിഷവിത്തുകള്‍ വിതയ്ക്കരുത്.
ഗുരുവും ഈശ്വരനും ഒരേ സമയം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഞാന്‍ ആദ്യം ഗുരുവിനെ വന്ദിക്കും. കാരണം ഗുരുവാണ് എനിക്ക് ദൈവത്തെ കാണിച്ചു തന്നത്- കബീര്‍ദാസിന്റെ ഈ വാക്കുകള്‍ അധ്യാപനത്തിന്റെ മഹത്വത്തിലേക്കും അധ്യാപകന്റെ ജീവിതലക്ഷ്യത്തിലേക്കും വിരല്‍ ചൂണ്ടുന്നു. ഹൃദയം ഹൃദയത്തോടു സംവദിക്കുന്ന സ്‌നേഹത്തിന്റെ മന്ത്രസ്വരം അധ്യാപകരില്‍ നിന്ന് വിദ്യാര്‍ഥിക്ക് ലഭിക്കണം. അധ്യാപനം സ്‌നേഹത്തിന്റെ പ്രകാശനമാകണം. വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാനും അവരുടെ ജീവിതവഴികളില്‍ ദിശാസൂചകങ്ങളാകാനും അധ്യാപകന് കഴിയുമ്പോഴേ അധ്യാപനത്തിന്റെ വിശുദ്ധി പൂര്‍ണത കൈവരിക്കുകയുള്ളൂ. അറിവും ആത്മബോധവും കൊണ്ട് സമൂഹത്തെ മുന്നില്‍നിന്നു നയിക്കാന്‍ കെല്‍പ്പുള്ളവനാകണം അധ്യാപകന്‍. ശുദ്ധമായ അറിവിന്റെ ഉപാസകനും പ്രചാരകനുമാകണം. നല്ല സാമൂഹികബോധം ഉണ്ടാകണം. ഏറ്റവും ആധുനികമായ അറിവുമായാണ് അധ്യാപകന്‍ ക്ലാസ്സില്‍ എത്തേണ്ടത്. ഓരോ ക്ലാസ് കഴിയുമ്പോഴും പുതുതായി എന്തോ ലഭിച്ചു എന്ന് വിദ്യാര്‍ഥിക്ക് തോന്നണം. അടുത്ത ക്ലാസ്സിനുവേണ്ടി അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കണം.
അധ്യാപനം പ്രേരണയുടെ കലയാണ്. കുട്ടികളുടെ ശാരീരികവും ബുദ്ധിപരവും സാമൂഹികവും സാന്മാര്‍ഗികവുമായ കഴിവുകളുടെ വികാസത്തെ ലക്ഷ്യമാക്കി അവരുടെ മേല്‍ ബോധനത്തില്‍ കൂടി ചെലുത്തുന്ന ക്രമാനുഗതമായ പ്രേരണയാണ് അധ്യാപനം.
ഗുരുവിന്റെ വാക്കും നോട്ടവും നടപ്പും ഇരിപ്പും വേഷവിധാനവും ശിഷ്യരെ സ്വാധീനിക്കും. കുട്ടികളുടെ മുന്നില്‍ അബദ്ധത്തില്‍പോലും ദുര്‍മാതൃകയായി അധ്യാപകന്‍ പ്രത്യക്ഷപ്പെടരുത്. നനഞ്ഞ സിമെന്റിന് സമാനമാണ് അവരുടെ മനസ്സ്. അവിടെ പതിയുന്ന മുദ്രകള്‍ കാലങ്ങളോളം നിലനില്‍ക്കും. അതിനാല്‍ ഏറ്റവും കരുതലോടെ നിര്‍വഹിക്കപ്പെടേണ്ടതാണ് അധ്യാപനം.
സ്‌നേഹവും സഹാനുഭൂതിയുമാണ് അധ്യാപകനു വേണ്ട പ്രഥമഗുണം. അധ്യാപകന്‍ ജീവിത വിശുദ്ധിയുടെ തിളങ്ങുന്ന താരമാകണം. ശിഷ്യര്‍ക്ക് നെഞ്ചിലേറ്റി ലാളിക്കാന്‍ കഴിയുന്ന മാതൃകയാകണം. അപ്പോള്‍ മാത്രമേ വിദ്യാഭ്യാസലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ.
വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം സ്വഭാവഗുണമാണെന്നും നല്ല സ്വഭാവഗുണം ആര്‍ജിക്കാത്ത വിദ്യാഭ്യാസം ആപത്കരവും ഉപയോഗശൂന്യവുമാണെന്നും ഡോ. എസ് രാധാകൃഷ്ണന്‍ പറയുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡി എസ് കോത്താരി 1966 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ തുടക്കം ഇങ്ങനെയായിരുന്നു- “ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലൂടെയാണ്”.
അധ്യാപകരുടെ വാക്ക്, നോട്ടം, പ്രവൃത്തി എന്നിവ സൂക്ഷ്മവും നിതാന്തജാഗ്രതയോടുകൂടിയതുമാകണം. അധ്യാപകന്റെ ധര്‍മപ്പിഴ സമൂഹത്തെ മൊത്തമായി ബാധിക്കും.””ആശാന് അക്ഷരം ഒന്നു പിഴച്ചാല്‍ അമ്പത്തിയൊന്നു പിഴക്കും ശിഷ്യന്” എന്ന പഴമയുടെ പ്രയോഗം അര്‍ഥവത്താണ്. ചുരുക്കത്തില്‍ ഒരു വിദ്യാര്‍ഥിക്ക് കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകമായിരിക്കണം അധ്യാപകന്‍.

Latest