Connect with us

Gulf

ഓണ്‍ അറൈവല്‍ ടൂറിസം വിസയെക്കുറിച്ച് മലയാളി സമൂഹം 'സ്വപ്ന' വ്യാഖ്യാനങ്ങളില്‍

Published

|

Last Updated

ദോഹ: ഇന്ത്യക്കാര്‍ക്ക് ഖത്വറില്‍ ഓണ്‍ അറൈവല്‍ ടൂറിസം വിസ അനുവദിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ പ്രവാസി മലയാളികളില്‍ ഒരുപാട് പേരുടെ മനസ്സില്‍ ലഡു പൊട്ടി. ഓണ്‍ അറൈവല്‍ വിസയില്‍ ഫാമിലിയെ കൊണ്ടുവരാന്‍ പറ്റുമോ എന്നതാണ് മലയാളികള്‍ക്കിടയിലെ സജീവ ചര്‍ച്ച. കെട്ടിട വാടക കുറഞ്ഞു വരുന്ന കാലമായതിനാല്‍ ഒരു മാസമെങ്കിലും കുടുംബത്തെ കൊണ്ടുവന്ന് ഒന്നിച്ചു താമസിക്കാമെന്ന സ്വപ്‌നത്തിന്റെ വ്യാഖ്യാനങ്ങളാണ് ടൂറിസം വിസ ഓണ്‍ അറൈവലിനു മേല്‍ മലയാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിസയുടെ വിശദാംശങ്ങളന്വേഷിച്ച് ട്രാവല്‍, ടൂര്‍സ് സ്ഥാപനങ്ങളിലും എയര്‍ലൈന്‍ ഓഫീസുകളിലും അന്വേഷണങ്ങളെത്തുന്നുണ്ട്. ഇതിനകം പലരും പ്ലാനും തയാറാക്കിക്കഴിഞ്ഞു.
സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ റസിഡന്റ്‌സ് വിസയിലും വിസിറ്റ് വിസയിലും കുടുംബത്തെ കൊണ്ടുവരുന്നിതിന് നിയമത്തിന്റെ നിയന്ത്രണ രേഖകള്‍ ഒരുപാട് കടക്കേണ്ടതുണ്ട്. ഉയര്‍ന്ന ശമ്പളം, തസ്തിക, സാലറി സ്റ്റേറ്റ്‌മെന്റ്, വാടകക്കരാര്‍ ഇങ്ങനെ നീളും കടമ്പകള്‍. ഇതിനൊന്നും സാധിക്കാതെ ഒരു തവണയെങ്കിലും കുടുംബത്തെ കൊണ്ടുവന്ന് ഒപ്പം പാര്‍പ്പിക്കുകയും ജോലി ചെയ്യുന്ന നാടു കാണിച്ചു കൊടുക്കുയും ചെയ്യുകയെന്ന കാലങ്ങളായുള്ള സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അവസരമൊരുങ്ങിയെന്ന രീതിയിലാണ് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ മുറുകുന്നത്. മറ്റു നിയന്ത്രണങ്ങളൊന്നുമില്ലാതെ കുടുംബാംഗങ്ങളെ കൊണ്ടു വരാനാകുമെന്ന ജീവിതാഭിലാഷത്തിനു നിറം പകരുന്നതായി മാറിയിട്ടുണ്ട് പ്രഖ്യാപനം. ഇതു സംബന്ധിച്ച് വിശദാംശങ്ങളറിയാനുള്ള തത്രപ്പാടിലാണ് പ്രവാസികളിപ്പോള്‍.
അതേസമയം, രാജ്യത്തെ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ട്രാവല്‍ ഏജന്റുമാര്‍ക്കും ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ലെ. സാധാരണ ഗതിയില്‍ ടൂറിസം, ട്രാവല്‍ രംഗത്തെ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഇ മെയില്‍ മാര്‍ഗമോ നേരിട്ടു വിളിച്ചു വരുത്തിയോ അറിയിക്കാറുണ്ടെന്നും എന്നാല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമുള്ള ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഇതു വരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ദോഹ ഖാനൂ ട്രാവല്‍സ് ടൂര്‍സ് വിഭാഗം പ്രതിനിധി എല്‍ബി പറഞ്ഞു. വിസ രീതി വരുന്നത് രാജ്യത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുയും എയര്‍ലൈന്‍, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലയില്‍ വളര്‍ച്ചക്കു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരെ ഉള്‍പ്പെടുത്തിയുള്ള ടൂറിസ്റ്റ് വിസ പരിഷ്‌കരണം വിമാന കമ്പനികള്‍ക്ക് ഗുണകരമായിരിക്കുമെന്നും യാത്രക്കാര്‍ വര്‍ധിക്കുമെന്നും ജെറ്റ് എയര്‍വേയ്‌സ് ഖത്വര്‍ സെയില്‍സ് മാനേജര്‍ അര്‍ഷാദ് ഇബ്രാഹിം പറഞ്ഞു. ഖത്വര്‍ എയര്‍വെയ്‌സില്‍ വരുന്നവര്‍ക്കു മാത്രമായിരിക്കും വിസ ലഭിക്കുക എന്ന നിബന്ധന പ്രതീക്ഷിക്കുന്നില്ല. അത്തരം രീതികള്‍ എളുപ്പമല്ല. എന്നാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ നിബന്ധനകളുണ്ടാകും. വിശദാംശങ്ങള്‍ വരുമ്പോഴേ പറയാന്‍ കഴിയൂ. അടുത്ത വര്‍ഷം മാര്‍ച്ചോടെയായിരിക്കും പുതിയ വിസ സമ്പ്രദായം നടപ്പില്‍ വരികയെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ യു എസ്, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ബിസിനസ്, ടൂറിസ്റ്റ് വിസകള്‍ ഓണ്‍ അറൈവലായി നല്‍കുന്നുണ്ട്. ജി സി സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ബിസിനസ് വിസിറ്റ് വിസയും ഓണ്‍ അറൈവലായി നല്‍കുന്നു. ജി സി സി റസിഡന്റ്‌സിന് സാധാരണ ഒരു മാസത്തെ വിസയാണ് നല്‍കുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ ബിസിനസായാലും ടൂറിസമായാലും രാജ്യങ്ങളെയും സന്ദര്‍ശനത്തിന്റെ സ്വഭാവവും പരിഗണിച്ചാണ് വിസയുടെ കാലാവധി നിശ്ചയിക്കുന്നതെന്ന് ഖാനൂ ട്രാവല്‍സ് പ്രതിനിധി എല്‍ബി പറഞ്ഞു.
ഹോട്ടല്‍ ബുക്കിംഗ് പോലുള്ള നിബന്ധനകള്‍ കാര്‍ക്കശ്യത്തോടെ നടപ്പിലാക്കുന്നില്ല. ടൂറിസ്റ്റ് വിസയില്‍ വരുന്നവരുടെ കൈവശം 5000 റിയാലിനു സമാനമായ തുക ഉണ്ടോ എന്നു പരിശോധിക്കാറുണ്ട്. എന്നാല്‍ ബിസിനസ് വിസക്കാര്‍ക്ക് ഈ നിയന്ത്രണമില്ല.
ഇന്ത്യക്കാര്‍ക്ക് ടൂറിസം വിസ ഓണ്‍ അറൈവലായി നല്‍കിത്തുടങ്ങുമ്പോള്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ സംബന്ധിച്ചും മലയാളി സമൂഹത്തിനിടയില്‍ ചര്‍ച്ചകളുണ്ട്. ഖത്വറിലെ വലിയ തൊഴില്‍ സമൂഹം എന്ന നിലയിലും തൊഴില്‍ അന്വേഷിച്ച് ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ നിരവധി പേര്‍ വരുന്ന രാജ്യം എന്ന നിലയിലും യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കര്‍ക്കശമായ നിബന്ധനകള്‍ ഉണ്ടായേക്കുമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.