Connect with us

Ongoing News

ചര്‍ച്ച തന്നെയാണ് വഴി

Published

|

Last Updated

രണ്ട് മാസത്തോളമായി സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ സര്‍വകക്ഷി സംഘവുമായി ചര്‍ച്ചയില്ലെന്ന് നിലപാടെടുത്ത ഹുര്‍റിയത്ത് കോണ്‍ഫ്രന്‍സിന്റെ നടപടി നിരാശാജനകമായി. സംഘവുമായി ചര്‍ച്ചക്കില്ലെങ്കില്‍ പോകട്ടെ, വ്യക്തിപരമായി സംഭാഷണമാകാമെന്ന സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ അഭ്യര്‍ഥനയും അവര്‍ നിരാകരിക്കുകയാണുണ്ടായത്. അദ്ദേഹം സയ്യിദ് അലി ഷാ ഗീലാനിയുടെ വീട്ടിലെത്തിയെങ്കിലും കാണാന്‍ തയ്യാറായില്ല. ഹുര്‍റിയത്തിന്റെ വഴിയെ ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷനും നിസഹകര നിലപാടെടുത്തു. വെറുതെയൊരു സംഘത്തെ അയച്ചത് എന്ത് പ്രതീക്ഷയാണുണ്ടാക്കുന്നതെന്നും കശ്മീരിന്റെ സ്വയം നിര്‍ണയാവകാശം മുന്നോട്ട് വെക്കാതെയുള്ള സംഭാഷണം കൊണ്ട് കാര്യമില്ലെന്നുമാണ് വിഘടന വാദികളുടെ നിലപാട്. സംഘത്തിന്റെ സാധുതയെ നിരാകരിക്കാനും അവര്‍ തയ്യാറായി.
എന്തുകൊണ്ടാകാം ഹുര്‍റിയത്ത് ഇങ്ങനെ പാടേ മുഖം തിരിച്ചു കളഞ്ഞത് എന്ന ചോദ്യമുണ്ട്. സര്‍വകക്ഷി സംഘത്തില്‍ അഭിപ്രായ വ്യത്യാസം എന്ന് തന്നെ തോന്നുമാറ് യെച്ചൂരിയും മറ്റും നിലപാടെടുത്തിട്ടും വാതില്‍ തുറക്കാതിരിക്കാന്‍ മാത്രം അവരെ പ്രകോപിപ്പിച്ച എന്താണ് സംഭവിച്ചത്? കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ചില്ല എന്നൊന്നുണ്ട്. ഹുര്‍റിയത്ത് ചര്‍ച്ചക്കെത്തേണ്ടത് മുഖ്യമന്ത്രി മെഹ്ബൂബയുടെ മാത്രം ആവശ്യമാണെന്ന് അവര്‍ വിശ്വസിച്ച പോലുണ്ട്. മാത്രമല്ല, രണ്ട് മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടു. പെല്ലറ്റ് ഗണ്‍ പ്രയോഗങ്ങളില്‍ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. സേനാ ബലം പരിധിയില്‍ കവിഞ്ഞുപയോഗിച്ചതായി ചര്‍ച്ചക്ക് തയ്യാറായ ഏറെക്കുറെ എല്ലാവരും പരിഭവിക്കുകയും ചെയ്തു. എന്നാല്‍, ഈ വിഷത്തെ അഭിമുഖീകരിക്കാതെ എന്ത് സമാധാന ചര്‍ച്ച എന്നതാകാം തിരസ്‌കാരത്തിലേക്ക് ഹുര്‍റിയത്തിനെ എത്തിച്ചത്. മാത്രമല്ല, സുരക്ഷാ വിഭാഗങ്ങളുടെ നടപടികളെ മുഖ്യമന്ത്രി പോലും തമസ്‌കരിക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നലും അവരെ അസ്വസ്ഥരാക്കിയിട്ടുണ്ടാകണം. ചര്‍ച്ചയുടെ വിശ്വാസ്യത തന്നെ തകര്‍ത്ത പോലീസ് നടപടികളുടെ അനുഭവം കാശ്മീരിനുണ്ടല്ലോ.
പിന്നെ, കാലങ്ങളായി കശ്മീരികള്‍ അനുഭവിക്കുന്ന, അവരുടെ ആത്മാഭിമാനത്തെ ഭേദ്യം ചെയ്യുന്ന വഴക്കങ്ങളുണ്ട്. കശ്മീരികള്‍ മുഖ്യധാരാ ഇന്ത്യയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, സര്‍വകലാശാലകളിലും അക്കാദമിക് സ്ഥാപനങ്ങളിലും നേരിടുന്ന വിവേചനങ്ങള്‍, സംശയത്തിന്റെ കൂര്‍ത്ത നോട്ടങ്ങള്‍, ഔദ്യോഗിക സംവിധാനങ്ങളുടെ പോലും അവജ്ഞയോടെയുള്ള ചെയ്തികള്‍… ഇതൊക്കെ പതിവുപോലെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, അവസരത്തിനൊത്തുയര്‍ന്ന് വീട്ടുപടിക്കല്‍ സമാധാന ശ്രമങ്ങളുമായി വന്നു നിന്ന യെച്ചൂരിക്ക് വാതില്‍ തുറന്നു കൊടുത്തിരുന്നെങ്കില്‍ അത് ഹുര്‍റിയത്തിന് വലിയ രാഷ്ട്രീയ മുന്‍തൂക്കം നേടിക്കൊടുക്കുമായിരുന്നു. സമാധാന വഴിയില്‍ നല്ലൊരു ചുവടുമാകുമായിരുന്നു.
നമ്മുടെ പതിവ് നയതന്ത്ര സമീപനങ്ങള്‍ക്ക് വിരുദ്ധമായി ബലൂചിസ്ഥാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട സവിശേഷ സാഹചര്യം നിലവിലുണ്ട്. ബലൂച് ഭാഷയില്‍ ആള്‍ ഇന്ത്യാ റേഡിയോ പ്രക്ഷേപണം തുടങ്ങിയതിനെ ഒരു പ്രകോപനമായാണ് പാക്കിസ്ഥാന്‍ കാണുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ ചാനലുകള്‍ നിരോധിക്കാന്‍ അവര്‍ തിടുക്കം കാണിച്ചത്. ഈയൊരു സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ എങ്ങനെയാണ് കശ്മീരിലെ പുതിയ സംഘര്‍ഷത്തില്‍ സാന്നിധ്യമാകുക എന്ന് ഏറെക്കുറെ അനുമാനിക്കാകുന്നതാണ്. എങ്ങനെ യുവാക്കള്‍ വിഘടന വാദികള്‍ കുഴിച്ച കുഴിയിലും തെളിക്കുന്ന വഴിയിലും എത്തിപ്പെടുന്നു എന്നതിനെക്കുറിച്ച് ആത്മവിമര്‍ശനപരമായ ആലോചനകളും അതിനനുസരിച്ചുള്ള തിരുത്തലുകളും വേണം.
പക്വതയോടെയും അവധാനതയോടെയും സമീപിക്കേണ്ട സമാധാന പ്രക്രിയയെ ലാഘവത്തോടെയും ദുരഭിമാനത്തിന്റെ പ്രശ്‌നമായും കാണാതിരിക്കാനുള്ള ജാഗ്രതയാണ് എല്ലാവരും കാണിക്കേണ്ടത്. ചരിത്രത്തെയും വര്‍ത്തമാനത്തെയും പരിഗണിക്കാതെ ഒരു ചര്‍ച്ചയും ഫലപ്രാപ്തിയിലെത്തില്ല എന്നത് പുതിയ കാര്യമല്ല. ആയുധമോ കായികമോ ആയ പരിഹാരമല്ല, ചര്‍ച്ചയുടെ ചുവടുകള്‍ തന്നെയാണ് കശ്മീര്‍ അര്‍ഹിക്കുന്നത്. സംഘര്‍ഷവും ആയുധ പ്രയോഗവും പരിഹാരമല്ല, പ്രശ്‌നമാണെന്ന് തന്നെ എല്ലാവരും മനസ്സിലാക്കണം.
നമ്മുടെ നയതന്ത്ര ഊര്‍ജവും സാമ്പത്തിക ശേഷിയും സൈനിക ബലവുമൊക്കെ എത്രയാണ് ജമ്മു കശ്മീര്‍ കാര്യത്തില്‍ വ്യയം ചെയ്യുന്നത്? സിവിലിയന്‍മാരെ അഭിമുഖീകരിച്ചുകൊണ്ട്, അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിഷയം പരിഹരിച്ചാല്‍ അതെല്ലാം നമുക്ക് ക്രിയാത്മകമായ വഴിയില്‍ ചെലവഴിക്കാനാകും. അതിനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ നേതൃത്വം ആര്‍ജിക്കേണ്ടത്. മാത്രമല്ല, ആ മണ്ണില്‍ കാലൂന്നി ഇന്ത്യയില്‍ ഇടപെടാമെന്ന് കിനാവ് കാണുന്നവര്‍ ഛിദ്ര ശക്തികള്‍ മാത്രമല്ല, സാമ്രാജ്യത്വ ശക്തികളുമുണ്ട്.
കശ്മീര്‍ എന്നത് ഒരു സംഘര്‍ഷ പ്രശ്‌നം മാത്രമല്ല, അത് രാജ്യരക്ഷയുമായും മറ്റ് നമ്മുടെ അന്താരാഷ്ട്ര ബന്ധങ്ങളുമായുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന വിഷയമാണ്. അവിടെ സമാധാനവും പ്രശ്‌നപരിഹാരവുമെന്നത് ഇന്ത്യയുടെ ആവശ്യമാണ്. കാരണം, ആ മണ്ണും അവിടെയുള്ള ജനങ്ങളും ഈ നാടിന്റെ ഭാഗമാണ്. അങ്ങനയുള്ളൊരു ബോധതലത്തില്‍ നിന്ന് സമാധാന പ്രക്രിയകളെയും സുരക്ഷാ നടപടികളെയും സമീപിക്കുമ്പോഴാണ് കാര്യങ്ങള്‍ നല്ല നിലയില്‍ പര്യവസാനിക്കുക. അതിന് ചെടിച്ച മുന്‍വിധികളും തുടര്‍ന്നുവരുന്ന ശാഠ്യങ്ങളും മാറ്റിവെക്കാന്‍ ദുരഭിമാനമില്ലാതിരുന്നാല്‍ മാത്രം മതി.