Connect with us

Kerala

50 ശതമാനം സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് ഇന്ന്‌

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാരിന് ലഭിച്ച 50 ശതമാനം എം ബി ബി എസ്, ബിഡിഎസ് സീറ്റുകളിലേക്കുള്‍പ്പെടെ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് ഇന്ന് നടക്കും. സ്വാശ്രയ, മെഡിക്കല്‍ ഡെന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള ഓപ്ഷന്‍ ഇന്ന് ഉച്ചക്ക് ഒന്നുവരെ നല്‍കാം. എം ബിബി എസ്, ബി ഡി എസ് എന്നിവയിലേക്കുള്ള രണ്ടാം അലോട്ടുമെന്റും അഗ്രിക്കള്‍ച്ചറല്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്‌സുകളിലേക്ക് മൂന്നാമത്തെയും അലോട്ടുമെന്റാണ് നടക്കുന്നത്.
അലോട്ട്്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ് ഏഴ് മുതല്‍ ഒമ്പത് വരെ സ്‌റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈന്‍ പേമെന്റ് മുഖേനയോ ഒടുക്കണം. ഫീസടച്ചശേഷം അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ ഒമ്പതിന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രവേശനം നേടണം. സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ഫീസ് കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്തപക്ഷം ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് എല്ലാ വിദ്യാര്‍ഥികളും അടക്കണം.
എന്‍ജിനീയറിംഗ് കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ലിക്വിഡേറ്റഡ് ഡാമേജസ് നല്‍കിയ ശേഷമേ പുതിയ അലോട്ട്‌മെന്റ് സ്വീകരിക്കാനാകൂ. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളജുകളില്‍ ലഭ്യമായേക്കാവുന്ന കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവരും മറ്റു വിദ്യാര്‍ഥികളെപ്പോലെ താത്പര്യമുള്ള എല്ലാ കോളജുകളിലേക്കും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ യഥാസമയം ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം.
അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.org എന്ന വെബ്‌സൈറ്റില്‍. വിവരങ്ങള്‍ക്ക് പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ വിളിക്കാം: 0471 2339101, 2339102, 2339103, 2339104.