Connect with us

Kerala

തഹസില്‍ദാര്‍ ചമഞ്ഞ് ഫോണുകള്‍ കവര്‍ന്നു

Published

|

Last Updated

സി സി ടി വി ക്യാമറയില്‍ പതിഞ്ഞ
മോഷ്ടാവ്

ചേര്‍ത്തല: തഹസില്‍ദാര്‍ ചമഞ്ഞ് മൊബൈല്‍ ഫോണ്‍ കടയിലെത്തിയ മോഷ്ടാവ് ഒരു ലക്ഷം രൂപക്ക് മേലുള്ള മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ചേര്‍ത്തല കെഎസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിലെ മൊബൈല്‍ ഫോണ്‍ വില്‍പനശാല ജീവനക്കാരനെ കബളിപ്പിച്ചാണ് 1.20 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ആപ്പിള്‍ ഐഫോണുകളുമായി മോഷ്ടാവ് മുങ്ങിയത്.
ശനിയാഴ്ച കടയിലെത്തിയ ഇയാള്‍ ചേര്‍ത്തല താലൂക്ക് ഓഫീസിലെ അഡീഷണല്‍ തഹസില്‍ദാര്‍ ദേവന്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. വിലപിടിപ്പുള്ള വസ്ത്രവും സ്വര്‍ണാഭരണങ്ങളും ധരിച്ചെത്തിയ ആളുടെ രൂപവും പെരുമാറ്റവും ആരിലും വിശ്വാസ്യത ജനിപ്പിക്കുന്നതായിരുന്നു. ബന്ധുക്കള്‍ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് രണ്ട് ഫോണുകള്‍ തിരഞ്ഞെടുത്ത് ഫോണ്‍ വാങ്ങാമെന്ന് ഉറപ്പിച്ച് ഇയാള്‍ പോയി. ഇന്നലെ രാവിലെ കടയിലെ ഫോണിലേക്ക് വിളിച്ച് താന്‍ തിരക്കിലാണെന്നും ചേര്‍ത്തല താലൂക്ക് ഓഫീസിലേക്ക് ഫോണുകള്‍ എത്തിക്കാമോയെന്നും കടയുടമയോട് ചോദിച്ചു. കടയിലെ ജീവനക്കാരന്‍ ഫോണുമായി താലൂക്ക് ഓഫീസില്‍ എത്തി നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഓഫീസ് വളപ്പില്‍നിന്ന് ഇയാള്‍ വന്ന് ഫോണുകള്‍ വാങ്ങുകയും പണം എടുക്കാനെന്ന വ്യാജേന അകത്തേക്ക് പോയശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഏറെനേരം കാത്തുനിന്ന ശേഷം ജീവനക്കാരന്‍ ഓഫീസിനകത്ത് കയറി നോക്കിയെങ്കിലും ഇയാളെ കണ്ടില്ല. ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ദേവന്‍ എന്നപേരുള്ള ഉദ്യേഗസ്ഥന്‍ ജോലി ചെയ്യുന്നില്ലെന്ന് അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. കടയിലെ സി സി ടി വി ക്യാമറയില്‍നിന്ന് തട്ടിപ്പുകാരന്റെ ദൃശ്യം ലഭിച്ചു. ഇയാള്‍ എറണാകുളം സ്വദേശിയാണെന്നാണ് സൂചന.