Connect with us

Gulf

ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന് പ്രധാന കരാറുകാരായി

Published

|

Last Updated

എസ് സി ആസ്ഥാനത്ത് നടന്ന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങ്‌

ദോഹ:ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാരെ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) പ്രഖ്യാപിച്ചു. ജെ ആന്‍ഡ് പി ഖത്വര്‍, കോണ്‍സ്‌പെല്‍ ഖത്വര്‍, ജെ ആന്‍ഡ് പി അവാക്‌സ് എസ് എ, ജെ ആന്‍ഡ് പി (ഓവര്‍സീസ്) എന്നിവയുടെ സംയുക്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്. കമ്പനിയുമായി എസ് സി കരാര്‍ ഒപ്പുവെച്ചു.
ദോഹ എജുക്കേഷന്‍ സിറ്റിയില്‍ നിര്‍മിക്കുന്ന സ്റ്റേഡിയം 2019 അവസാനമാണ് പൂര്‍ത്തിയാക്കുക. ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് ഇവിടെ നടക്കുക. ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന്റെ പുരോഗതിയില്‍ സന്തോഷമുണ്ടെന്നും നിര്‍മാണ കാലാവധി അടുത്തുവരികയാണെന്നും എസ് സി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. അസ്റ്റഡ് പ്രൊജക്ട് മാനേജ്‌മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രൊജക്ട് മാനേജ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വിഷന്‍ തുടങ്ങിയവ അസ്റ്റഡ് പ്രൊജക്ട് ആണ് നടത്തുക. ലോകകപ്പിനുള്ള അഞ്ച് സ്റ്റേഡിയം സൈറ്റുകള്‍ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണെന്നും ടൂര്‍ണമെന്റിന്റെ പുരോഗതിക്ക് അടുത്ത 12 മാസം നിര്‍ണായകമാണെന്നും എസ് സിയുടെ ടെക്‌നിക്കല്‍ ഡെലിവറി ഓഫീസ് ചെയര്‍മാന്‍ എന്‍ജിനീയര്‍ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു. മൂന്ന് സൈറ്റുകളില്‍ കൂടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങും. അടുത്ത വര്‍ഷം പകുതിയോടെ എട്ടിടങ്ങളിലെയും നിര്‍മാണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രധാനമായ ഫിഫ ലോകകപ്പിന്റെ സ്റ്റേഡിയം നിര്‍മിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടത് വഴി തങ്ങള്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് ജെ ആന്‍ഡ് പി (ഓവര്‍സീസ്) സി ഇ ഒ. ജി സി ക്രിസ്റ്റഫിഡ്‌സ് പറഞ്ഞു.
ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന്റെ ആറരലക്ഷം ക്യൂബിക് മീറ്റര്‍ ഖനനവും ഡിവാട്ടറിംഗ് സംവിധാനവും പൂര്‍ത്തിയായത് കഴിഞ്ഞ ജൂലൈയിലാണ്. ഈ വര്‍ഷം അവസാനത്തോടെ പ്രധാന കരാറുകാര്‍ പൂര്‍ണതോതില്‍ സൈറ്റില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. ഫൗണ്ടേഷന്‍ പണികളും സൂപര്‍ സ്ട്രക്ചറിനുള്ള സ്ട്രക്ചറല്‍ സ്റ്റീലിന്റെ പ്രധാന ഭാഗവും പൂര്‍ത്തിയാക്കാനാകും. എജുക്കേഷന്‍ സിറ്റി സൗത്ത് ക്യാംപസിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഹമദ് ബിന്‍ ഖലീഫ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. നാല്‍പ്പതിനായിരം പേരെ ഉള്‍ക്കൊള്ളുന്നതാണിത്. ലോകകപ്പിന് ശേഷം 25000 സീറ്റ് ആയി കുറക്കും. ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് പുറമെ വിനോദ പരിപാടികള്‍ക്കുള്ള വേദിയായും സ്റ്റേഡിയം ഉപയോഗിക്കും. സ്റ്റേഡിയത്തിന് വേണ്ടിയുള്ള ഖനനത്തിനിടയിലാണ് മൂന്ന് കോടി വര്‍ഷം പഴക്കമുള്ള ദുഖാന്‍ പാറയെന്ന അത്യപൂര്‍വ ശില കണ്ടെത്തിയത്.