Connect with us

Kerala

പോലീസ് ആസ്ഥാനത്ത് ആര്‍ എസ് എസ് അജണ്ട നടപ്പാക്കും; തടയാമെങ്കില്‍ തടയൂവെന്നും ഐജിയുടെ വെല്ലുവിളി

Published

|

Last Updated

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂവെന്നും പൊലീസ് ആസ്ഥാനം ഐ.ജി സുരേഷ്രാജ് പുരോഹിതിന്റെ വെല്ലുവിളി. പോലീസ് ആസ്ഥാനത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പരസ്യനിലപാടെടുത്ത ഉദ്യോഗസ്ഥരെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ഐ.ജി സുരേഷ് രാജ് പുരോഹിത് വെല്ലുവിളിച്ചത്. നേരത്തെ തൃശൂര്‍ പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധന വിവാദത്തെ തുടര്‍ന്ന് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് സുരേഷ് പുരോഹിത്.

അതേസമയം, ഐ.ജി സുരേഷ് രാജ് പുരോഹിതിനെതിരെ എന്‍.ജി.ഒ യൂനിയന്‍ മുഖേന സര്‍ക്കാറിന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍. ഐ.ജിയെ മാറ്റണമെന്ന് പ്രമേയം പാസാക്കാനും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് പരാതി നല്‍കാനും ധാരണയായി.
തൃശൂര്‍ പൊലീസ് അക്കാദമി ഐജിയായിരിക്കെ അക്കാദമി കാന്റീനിലെ അപ്രഖ്യാപിത ബീഫ് നിരോധനം വിവാദമായിരുന്നു. രണ്ട് വര്‍ഷത്തോളം കാന്റീനില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇദ്ദേഹത്തെ സ്ഥലംമാറ്റിയതോടെയാണ് അക്കാദമിയിലെ ബീഫ് നിരോധനം നീങ്ങിയത്. മുന്‍പ് ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് പൊലീസിന്റെ ഔദ്യോഗിക വാഹനം ഓടിച്ചതും വിവാദമായിരുന്നു.