Connect with us

Kerala

റെക്കോര്‍ഡിട്ട് പി എസ് സി; 703 പേര്‍ക്ക് നിയമന ഉത്തരവ്

Published

|

Last Updated

അരീക്കോട്: ഓണ സമ്മാനമായി 703 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി പി എസ്‌സി ചരിത്രം തിരുത്തി. ആദ്യമായാണ് ഇത്രയധികം നിയമന ഉത്തരവുകള്‍ ഒരുമിച്ച് പി എസ്‌സി അയക്കുന്നത്.
സര്‍വകലാശാല അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് ഇപ്പോള്‍ നിയമനം നല്‍കുന്നത്. ഇതിന്റെ നിയമന ഉത്തരവുകള്‍ ഈ ആഴ്ചയോടെ അയക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
സര്‍വകലാശാല അസിസ്റ്റന്റ് നിയമനം പി എസ്‌സിക്ക് വിട്ടതിന് ശേഷമുള്ള ആദ്യ നിയമനമാണിത്. 610 പേര്‍ക്കാണ് സര്‍വകലാശാലയിലേക്ക് നിയമന ഉത്തരവ് നല്‍കുന്നത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി 93 പേര്‍ക്കും നിയമനം നല്‍കും.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്കാണ് നിയമനം നടത്തുന്നത്.
റെക്കോര്‍ഡ് വേഗതയിലാണ് പി എസ്‌സി നടപടി സ്വീകരിച്ചത്. ആറര ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകളില്‍ നിന്നായി 17,000 പേരാണുള്ളത്.
13 സര്‍വകലാശാലകളിലേക്കും റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് നിലവിലുള്ള ലിസ്റ്റില്‍ നിന്നും നിയമനം നടത്താനാണ് തീരുമാനം. എന്നാല്‍ സമയ ബന്ധിതമായി ചില സര്‍വകലാശാലകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ആക്ഷേപമുണ്ട്.
നേരത്തെ സര്‍വകലാശാല നേരിട്ടാണ് നിയമനം നടത്തിയിരുന്നത്. ഇത് വന്‍ അഴിമതിക്ക് കാരണമായിരുന്നു. കൂടാതെ രാഷ്ട്രീയ ഇടപെടലും ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നിയമനത്തിനായി 3,333 പേരുടെ റാങ്ക് ലിസ്റ്റാണ് പി എസ്‌സി തയ്യാറാക്കിയത്.

Latest