Connect with us

Malappuram

പകര്‍ച്ചേതര രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് കൂടുതല്‍ ഇടപെടലുകള്‍ നടത്തും

Published

|

Last Updated

മലപ്പുറം: സ്ത്രീകള്‍കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി പകര്‍ച്ചേതര രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായി ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. ജില്ലയിലെ ഡിഫ്തീരിയ കുത്തിവെപ്പുമായി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിയ ആരോഗ്യ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി രോഗങ്ങളെപ്പോലത്തന്നെ പകര്‍ച്ചേതര രോഗങ്ങളും സമൂഹത്തിന്റെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പകര്‍ച്ചേതര രോഗങ്ങളുടെ പ്രധാന ഇര സ്ത്രീകളായിരിക്കുന്നു. സ്ത്രീകള്‍ക്ക് വ്യായാമം ലഭിക്കുന്നതിന് പൊതു ഇടങ്ങള്‍ കണ്ടെത്തുന്നതിന് ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കും. ഇതിനു പുറമെ വിഷരഹിത പച്ചക്കറി, ശുദ്ധമായ കുടിവെള്ളം എന്നിവ ഉറപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കും. ജില്ലയില്‍ ഡിഫ്തീരിയയുമായി ബന്ധപ്പെട്ട കുത്തിവെപ്പില്‍ വര്‍ധനവുണ്ടായതായി യോഗം വിലയിരുത്തി.
ജില്ലയില്‍ മാറഞ്ചേരി ഒഴികെയുള്ള 14 ആരോഗ്യ ബ്ലോക്കുകളില്‍ 120 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 35 എണ്ണം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി ബ്ലോക്കിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരികരിച്ചത്. 11 കേസുകള്‍. ഓമാനൂര്‍ നാല് കേസുകളും. വളവന്നൂര്‍, വണ്ടൂര്‍, നെടുവ എന്നിവിടങ്ങളില്‍ മൂന്ന് കേസ്, വെട്ടം, വേങ്ങര, പൂക്കോട്ടുര്‍, എടവണ്ണ എന്നിവിടങ്ങളില്‍ രണ്ട് എണ്ണവും തവനൂര്‍, മേലാറ്റൂര്‍, ചുങ്കത്തറ എന്നിവിടങ്ങളില്‍ ഒരോ കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. യോഗത്തില്‍ ജില്ലാകലക്ടര്‍ പി ഷൈന മോള്‍, ഡോ. എസ് ഉഷാകുമാരി, ആര്‍ രേണുക, വി ഉമ്മര്‍ ഫാറുഖ് സംസാരിച്ചു.

Latest