Connect with us

Malappuram

തുഞ്ചത്ത് ജ്വല്ലറി നിക്ഷേപം: മൂന്ന് മാസത്തിനകം ഇടപാട് തീര്‍ക്കുമെന്ന് ജ്വല്ലറി അധികൃതര്‍

Published

|

Last Updated

തിരൂര്‍: തുഞ്ചത്ത് ജ്വല്ലേഴ്‌സ് നിക്ഷേപ പദ്ധതിയില്‍ പണവും സ്വര്‍ണവും നഷ്ടമായവര്‍ക്ക് മൂന്ന് മാസത്തിനകം നിക്ഷേപം തിരിച്ചു നല്‍കി ഇടപാട് തീര്‍ക്കുമെന്ന് ജ്വല്ലറി അധികൃതര്‍. ജ്വല്ലറി ഉടമയുടെയും കമ്പനിയുടെയും പേരില്‍ വിവിധ ഇടങ്ങളില്‍ ഭൂമിയുണ്ടെന്നും വസ്തു വില്‍പനയടക്കമുള്ള നടപടികള്‍ നടന്നു വരികയാണെന്നും കമ്പനി നോമിനേറ്റഡ് ഡയറക്ടര്‍മാരായ എ വി ഷിജു, ദാക്ഷായണി കെ പി, സി ദിവ്യ, ജാന്‍സി ടി ജെ, പി വി രവീന്ദ്രന്‍, ഷൗക്കത്തലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ നിക്ഷേപ പദ്ധതികളും വായ്പാ പദ്ധതികളും നടത്തിയ ഉപഭോക്താക്കളുടെ പേരു വിവരങ്ങളും രേഖകളുമുണ്ട്. വ്യക്തമായ രേഖകളുമായി വരുന്ന ഉപഭോക്താവിന്റെ ബാധ്യത കമ്പനി മൂന്നു മാസത്തിനകം തീര്‍ക്കും. ജ്വല്ലറി ഉടമക്കു പുറമെ 14 ഡയറക്ടര്‍മാരും ഇവരുടെ കീഴിലുള്ള നൂറോളം ഏജന്റുമാരും അവര്‍ക്കു കീഴിലെ ഉപഭോക്താക്കളുമാണുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ മുഴുവന്‍ ജനങ്ങളുടെയും പണം തിരികെ നല്‍കാന്‍ പറ്റുമെന്ന് തങ്ങള്‍ക്കു വിശ്വാസമുണ്ടെന്നും എന്നാല്‍ ചിലര്‍ കമ്പനിയുടെ വളര്‍ച്ചക്ക് തടസമായി നില്‍ക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. തല്‍പര ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും ജനങ്ങള്‍ക്ക് തുക ലഭിക്കാതിരിക്കാനുമായി ഒരു ലോബി കമ്പനിക്കെതിരെ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ ആരോപിച്ചു. വില്‍പന നടത്താന്‍ ഉദ്ദേശിക്കുന്ന ഭൂമി നിയമ കുരുക്കില്‍പ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. തുക അത്യാവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് ഓണത്തിന് മുമ്പായി നല്‍കും. ആദ്യം കാലാവധി തീര്‍ന്ന നിക്ഷേപകര്‍ക്കും പിന്നീട് ആവശ്യപ്പെടുന്ന ഇടപാടുകാര്‍ക്കും മൂന്ന് മാസത്തിനകം തുക പൂര്‍ണമായും നല്‍കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.