Connect with us

Wayanad

വിപണി മാറിമറിയുന്നു; പൂക്കളും ഓണ്‍ലൈനില്‍

Published

|

Last Updated

കല്‍പ്പറ്റ: മാറുന്ന മലയാളികളുടെ പുതിയ പ്രവണതകള്‍ക്കനുസരിച്ച് വിപണിയും മാറുന്നു. എല്ലാം ഓണ്‍ലൈനില്‍ കിട്ടുന്ന ഇക്കാലത്ത് ഓണത്തിനുള്ള പൂക്കളും ഓണ്‍ലൈനില്‍ എത്തിക്കുകയാണ് ആറു ചെറുപ്പക്കാര്‍. ചുണ്ടേല്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ ചെറുകിട വ്യവസായ സംരംഭമായ ഗ്രീന്‍ഫുഡ് മാര്‍ക്കറ്റിങ് എന്ന സ്ഥാപനം വഴിയാണ് അത്തം മുതല്‍ പൂക്കള്‍ ഓണ്‍ലൈനില്‍ വീട്ടിലെത്തിച്ചു തുടങ്ങിയത്. തിരുവോണം വരെ ഇതു തുടരും. കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംരംഭമെന്നു യുവസംരംഭകാരായ കെ രാജേഷ്, സതീഷ് ബാബു പറഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് ആറു യുവാക്കള്‍ ചേര്‍ന്ന് കേരളത്തിലെ ആദ്യത്തെ പച്ചക്കറി ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഗ്രീന്‍ഫുഡ് മര്‍ക്കറ്റ് ഡോട്ട് ഇന്‍ രൂപം നല്‍കിയത്. ജില്ലയിലെ കര്‍ഷകരില്‍ നിന്നും കാര്‍ഷിക കൂട്ടയ്മകളില്‍ നിന്നും പ്രൊഡ്യൂസര്‍ കമ്പനികളില്‍ നിന്നും വേഫാം, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, ബ്രഹ്മഗിരി സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഫാം ഫ്രഷ് പച്ചക്കറികള്‍ ഓര്‍ഡര്‍ അനുസരിച്ച് കേരളത്തിലുടനീളം വീടുകളില്‍ എത്തിച്ചു നല്‍കുന്നുണ്ട്. കൂടാതെ വയനാട്ടില്‍ നിന്നുള്ള ചായപ്പൊടി, കാപ്പിപ്പൊടി എന്നിവയും ചക്ക ഉല്‍പന്നങ്ങള്‍, മാങ്ങ ഉല്‍പന്നങ്ങള്‍ എന്നിവയും സുഗന്ധവ്യഞ്ജനങ്ങളും ഓണ്‍ലൈനില്‍ വില്‍പന നടത്തിവരുന്നു. കൊച്ചി, തിരുവനന്തപുരം മെട്രോകളിലാണ് ഉപഭോക്താക്കള്‍ കൂടുതല്‍. നല്ല പ്രതികരണമാണ് ആളുകളില്‍ നിന്നു ലഭിക്കുന്നത്. ഈ പ്രവണത കണക്കിലെടുത്താണ് പൂക്കളുടെ ഓണ്‍ലൈന്‍ വിപണിയിലേക്കും കടന്നത്. “റെയിന്‍ബോ” എന്ന പേരില്‍ ഏഴു വര്‍ണങ്ങളിലുള്ള മൂന്നര കിലോ പൂക്കളുടെ കിറ്റാണ് നല്‍കുന്നത്. വയനാട്ടില്‍ നിന്നു കൂടാതെ ഗുണ്ടല്‍പേട്ടയിലെ കര്‍ഷകരില്‍ നിന്നും പൂക്കള്‍ ശേഖരിക്കുന്നു. നേരത്തെ ആരംഭിച്ച അഞ്ചുകിലോ പച്ചക്കറികള്‍ അടങ്ങിയ “കേരളസദ്യ” പച്ചക്കറിക്കിറ്റിനും നവര മുളയരി, ഗന്ധകശാല, ജീരകശാല തുടങ്ങിയവ അടങ്ങിയ അരിക്കിറ്റിനും ഓണക്കാലത്ത് ആവശ്യക്കാരേറെയാണെന്ന് ഇവര്‍ പറഞ്ഞു. ചുരുങ്ങിയ മുതല്‍മുടക്കിലാണ് സംരംഭം പ്രവര്‍ത്തിച്ചു വരുന്നത്. കൃഷിവകുപ്പ് ഇതുവരെ യാതൊരു സഹായവും നല്‍കിയിട്ടില്ല. സര്‍ക്കാരോ സ്വകാര്യ വ്യക്തികളോ മുതല്‍മുടക്കനോ സഹായിക്കാനോ തയ്യാറായാല്‍ ഓണ്‍ലൈന്‍ വിപണി കുറച്ചുകൂടി സജീവമാക്കാന്‍ കഴിയുമെന്നും അതു ജില്ലയിലെ കര്‍ഷകര്‍ക്ക് സഹായകമാവുമെന്നും ഇവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest