Connect with us

Kozhikode

പരാതി നല്‍കിയിട്ടും ഫലമില്ല; കരിയാകുളങ്ങരയില്‍ അനധികൃത മണ്ണെടുപ്പ് തുടരുന്നു

Published

|

Last Updated

മുക്കം: നഗരസഭയിലെ ഇരുപത്തഞ്ചാം ഡിവിഷനായ കരിയാകുളങ്ങരയില്‍ അനധികൃത മണ്ണെടുപ്പും കെട്ടിട നിര്‍മാണവും തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. കരിയാകുളങ്ങര പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജില്ലാ കലക്ടര്‍, നഗരസഭാ അധികൃതര്‍, മുക്കം പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി. പ്രദേശത്തെ 76 പേര്‍ ഒപ്പിട്ട് നല്‍കിയ പരാതിയും അധികൃതര്‍ക്ക് സമര്‍പ്പിച്ചു.
സ്വകാര്യ വ്യക്തികള്‍ നഗരസഭയുടെ അനുവാദം പോലും വാങ്ങാതെയാണ് പ്രവൃത്തി നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് ജനജീവിതം ദുസ്സഹമാണ്. ജെ സി ബി അടക്കം ഉപയോഗിച്ചുള്ള കുന്നിടിക്കലും മണ്ണു കൊണ്ടുപോകുന്നതിനായി എത്തുന്ന ടിപ്പറുകളും കാരണം ശബ്ദമലിനീകരണം, പൊടിശല്യം എന്നിവക്ക് പുറമെ പ്രദേശവാസികളെ നിത്യരോഗികളാക്കി മാറ്റുകയും ചെയ്യുന്നു. പ്രസ്തുത സ്ഥലത്ത് പത്തോളം കിണറുകള്‍ നിര്‍മിച്ച് അതില്‍ നിന്ന് വന്‍തോതില്‍ ജലമൂറ്റി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതായും നാട്ടുകാര്‍ പറയുന്നു. ഇത് പ്രദേശത്ത് വലിയ തോതില്‍ കുടിവെള്ള ക്ഷാമത്തിനും കാരണമാകും.
നേരത്തെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിര്‍മാണം തുടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമില്ലാത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

 

Latest