Connect with us

Kozhikode

താമരശ്ശേരി ടൗണില്‍ നായ്ക്കളുടെ വിളയാട്ടം

Published

|

Last Updated

താമരശ്ശേരി: താമരശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും നായ്ക്കള്‍ ഭീതി പരത്തുന്നു. രാത്രിയിലും പുലര്‍ച്ചെയുമാണ് നടുറോഡിലിറങ്ങുന്ന തെരുവ് നായ്ക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ഇന്നലെ രാവിലെ താമരശ്ശേരി ടൗണില്‍ ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. സ്റ്റേറ്റ് ബേങ്കിനു സമീപത്തെ ഗ്രൗണ്ടില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി കടയിലേക്ക് നടന്നുവരികയായിരുന്ന താമരശ്ശേരി ചെമ്പായി അഹമ്മദ് കുട്ടിയെയാണ് നായ ആക്രമിച്ചത്. കാലിന്റെ തുടയില്‍ കടിച്ച നായ ഉടുമുണ്ട് കടിച്ചുപറിച്ചു. അഹമ്മദ്കുട്ടിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി വിട്ടയച്ചു.
ഏറെനേരം അക്രമം കാണിച്ച നായയെ ശക്തമായ പ്രതിരോധിച്ചതിനാല്‍ നിസ്സാര പരുക്കു കളോടെ രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത തുണിക്കടയില്‍ വസ്ത്രം വാങ്ങാന്‍ വന്ന സ്ത്രീയെയും കുട്ടിയെയും കഴിഞ്ഞ ദിവസം ഇവിടെ നിന്ന് നായ ആക്രമിച്ചിരുന്നു. വസ്ത്രത്തില്‍ കടിച്ചതോടെ ബഹളം വെച്ചതിനാല്‍ നായ ഓടിരക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച പുല്ലാഞ്ഞിമേട് വിനയ ഭവന്‍ സെമിനാരിയിലെ രണ്ട് ആടുകളെ തെരുവുനായകള്‍ കൂട്ടത്തോടെയെത്തി കടിച്ചുകൊന്നു. എളേറ്റില്‍ വട്ടോളി കുണ്ടുങ്ങറപ്പാറയില്‍ കഴിഞ്ഞ ദിവസം രണ്ട് ആടുകള്‍ തെരുവ് നായ്ക്കളുടെ അക്രമത്തിനിരയായി.
താമരശ്ശേരി താലൂക്കാശുപത്രി പരിസരം, ചുങ്കം, അമ്പായത്തോട് എന്നിവിടങ്ങളില്‍ രാത്രിയാകുന്നതോടെ തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. പുലര്‍ച്ചെ സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കു കുറുകെ നായക്കൂട്ടം ചാടുന്നത് ഇവിടെ പതിവാണ്. മദ്‌റസയില്‍ പോകുന്ന വിദ്യാര്‍ഥികളും നടക്കാനിറങ്ങുന്നവരും ഏറെ ഭീതിയിലാണ്. ഭക്ഷണ മാലിന്യങ്ങള്‍ പരസ്യമായി നിക്ഷേപിക്കുന്നതാണ് താമരശ്ശേരി മേഖലയില്‍ തെരുവ് നായ്ക്കള്‍ പെരുകാനുള്ള പ്രധാന കാരണം. മാലിന്യ നക്ഷേപത്തിന് അറുതിവരുത്താനും തെരുവ് നായ്ക്കളെ പിടികൂടാനും അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.

Latest