Connect with us

Gulf

ദുബൈയുടെ വന്‍കിട പദ്ധതികള്‍ ശ്രദ്ധേയം

Published

|

Last Updated

മെയ്ദാന്‍ സിറ്റി മാളിന്റെ രൂപരേഖ

ദുബൈയുടെ വന്‍കിട നിര്‍മാണ പദ്ധതികളുടെ നേര്‍കാഴ്ചയായി സിറ്റിസ്‌കേപ്പ്. ദുബൈ ക്രീക്ക് ഹാര്‍ബറില്‍ ഇമാര്‍ പണിയുന്ന ദി ടവര്‍, ദുബൈ സൗത്തിലെ കെട്ടിടങ്ങള്‍, ജലനിരപ്പിലെ ഭവനങ്ങള്‍ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ലോകത്തിനു മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയെ ദേര ക്രീക്കുമായി ബന്ധിപ്പിക്കുമ്പോള്‍ സത്‌വ, കറാമ തുടങ്ങിയ പ്രദേശങ്ങള്‍ ഒരു ദ്വീപിലെന്ന പോലെ ആകുമെന്നും വെളിവാക്കപ്പെട്ടു.
100 കോടി ഡോളറാണ് ദി ടവറിന്റെ നിര്‍മാണ ചെലവ്. 2020ഓടെ പൂര്‍ത്തിയാക്കണമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അഗ്രഹിക്കുന്നു. ലോകത്തിലെ പൊക്കം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ 100 മീറ്റര്‍ ഉയരത്തിലേക്ക് ദി ടവറിനെ എത്തിക്കണമെന്നാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അഗ്രഹിക്കുന്നത്. ഈയിടെ കാറ്റിന്റെ ശക്തി നിര്‍ണയ പരിശോധന ഇമാര്‍ പൂര്‍ത്തിയാക്കിയിരുന്നു. ടവറിനു ഏറ്റവും മുകളില്‍ നിരീക്ഷണ പ്രതലം നിര്‍മിക്കും. രാത്രിയില്‍ ഇതില്‍ നിന്ന് നാലു ചുറ്റും പ്രകാശ രശ്മികള്‍ പുറത്തുവിടും. റാസല്‍ ഖോര്‍ പക്ഷി സങ്കേതത്തിനു സമീപമാണ് ദുബൈ ക്രീക്ക് ഹാര്‍ബറിന് സ്ഥലം കണ്ടുവെച്ചിരിക്കുന്നത്. ചുരുങ്ങിയത് ആറ് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും പദ്ധതി. ധാരാളം നിക്ഷേപകര്‍ ഇവിടെ എത്തുമെന്നാണ് പ്രതീക്ഷ.
വേള്‍ഡ് എക്‌സ്‌പോ 2020ക്കു മുമ്പായി ദുബൈ സൗത്തില്‍ പശ്ചാതല സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ദുബൈ ഭരണകൂടം ആഗ്രഹിക്കുന്നു. മക്തൂം രാജ്യാന്തര വിമാനത്താവളം ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വേള്‍ഡ് എക്‌സ്‌പോ 2020ന്റെ വേദി കൂടി പണിതാല്‍ അനുബന്ധ സൗകര്യങ്ങള്‍ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരും. നിരവധി വന്‍കിട നിക്ഷേപകര്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും.
ഭവന നിര്‍മാണത്തിലെ നൂതന മാര്‍ഗമാണ് ഫ്‌ളോട്ടിംഗ് ഹോംസ്. മനോഹരമായ രൂപകല്‍പനയാണ് പ്രധാന ആകര്‍ഷണം. ഓരോ വില്ലയ്ക്കും 1.01 കോടി ഡോളര്‍ ചെലവ് കണക്കാക്കിയിട്ടുണ്ട്.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ശൈഖ് സഈദ് ഹാളില്‍ മെയ്ദാന്‍ വണ്‍ മാളിന്റെ രൂപകല്‍പന പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 11,200 ചതുരശ്രമീറ്ററില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പെടെ 529 ചില്ലറ വില്‍പന കേന്ദ്രങ്ങളാണ് ഇവിടെ സ്ഥാപിക്കപ്പെടുക. ജുമൈറ സെന്‍ട്രല്‍ പദ്ധതിയും ജനശ്രദ്ധയാകര്‍ഷിച്ചു.

Latest