Connect with us

National

ഇനി തിരക്കിനനുസരിച്ച് ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂടും

Published

|

Last Updated

ന്യൂഡല്‍ഹി: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ടിക്കറ്റിന് നിരക്ക് വര്‍ധിപ്പിക്കുന്ന വിമാന ടിക്കറ്റുകളുടെ മാതൃകയില്‍ ട്രെയിന്‍ ടിക്കറ്റ് വര്‍ധിപ്പിക്കുന്ന “സെര്‍ജ് പ്രൈസിംഗ്” സംവിധാനം നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ആദ്യ ഘട്ടമെന്ന നിലയില്‍ പ്രീമിയം വണ്ടികളായ രാജധാനി, തുരന്തോ, ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളിലാണ് സെര്‍ജ് പ്രൈസിംഗിലൂടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുള്ളത്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ അടിസ്ഥാന യാത്രാ നിരക്കില്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ നിരക്ക് നിര്‍ണയ സംവിധാനം നാളെ മുതല്‍ നടപ്പാക്കി തുടങ്ങും.

ഓരോ പത്ത് ശതമാനം ടിക്കറ്റുകളും വില്‍ക്കുന്നതിനുസരിച്ച് അടിസ്ഥാന നിരക്കിന്റെ പത്ത് ശതമാനം വീതം നിരക്ക് വര്‍ധിപ്പിക്കുന്നതിന് പുറമെ റിസര്‍വേഷന്‍ നിരക്ക് സൂപ്പര്‍ ഫാസ്റ്റ് നിരക്ക്, കാറ്ററിംഗ് നിരക്ക്, സേവന നികുതി എന്നിവ പതിവ് പോലെ തന്ന ഈടാക്കുകയും ചെയ്യും. ബര്‍ത്തുകള്‍ ഒഴിവുണ്ടെങ്കില്‍ ഇപ്പോള്‍ അനുവദിക്കുന്ന കറണ്ട് ബുക്കിംഗ് ഏത് ക്ലാസിലാണോ അവസാനം ബുക്ക് ചെയ്തിട്ടുള്ളത് ആ ടിക്കറ്റിന്റെ നിരക്കായിരിക്കും ഇനി മുതല്‍ ഈടാക്കുക. നിരക്ക് വര്‍ധന സൂചിപ്പിക്കുന്ന പട്ടികയും റെയില്‍വേ ഇന്നലെ പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം, ഈ വര്‍ധനവ് ഫസ്റ്റ് ക്ലാസ് എ സി, എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റുകളില്‍ നടപ്പിക്കില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഫഌക്‌സി രീതിയില്‍ താഴ്ന്ന ക്ലാസ് യാത്രക്കുള്ള നിരക്ക് ഉയര്‍ന്ന ക്ലാസിനേക്കാള്‍ കൂടുതലായാല്‍ യാത്രക്കാരന് സീറ്റ് ഒഴിവുവരുന്ന അവസരത്തില്‍ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നും യെില്‍വേ അറിയിച്ചു.

രാജ്യത്ത് അതിവേഗ സര്‍വീസ് നടത്തുന്ന രാജധാനി, തുരന്തോ, ശതാബ്ദി എക്‌സ്പ്രസുകളില്‍ യാത്ര ചെയ്യുന്നതിന് ആവശ്യക്കാര്‍ ഏറെയാണെന്ന കണ്ടെത്തലാണ് റെയില്‍വേയെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്.
ഈ അവസരം മുതലെടുത്ത് വരുമാനം വര്‍ധിപ്പിക്കാനാണ് റെയില്‍വേയുടെ പുതിയ ശ്രമം. അതേസമയം, മുമ്പ് ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ക്ക് നിരക്ക് വ്യത്യാസം ബാധകമാകില്ല.

മുമ്പ് സ്വകാര്യ ടാക്‌സി ഓപ്പറേറ്റര്‍മാരായ യുബെര്‍ ടാക്‌സി സെര്‍ജ് പ്രൈസിംഗ് നടപ്പാക്കിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ ഈ സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തുകയായിരുന്നു.

Latest