Connect with us

National

ഉനയില്‍ ദലിതുകളെ മര്‍ദിച്ച സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

അഹ്മദാബാദ്: ഗുജറാത്തിലെ ഉനയില്‍ പശുക്കടത്ത് ആരോപിച്ച് ദലിതുകളെ മര്‍ദിച്ച സംഭവത്തില്‍ നാല് പോലീസുകാരടക്കം 34 പേര്‍ക്കെതിരെ സി ഐ ഡി കുറ്റപത്രം സമര്‍പ്പിച്ചു. ഉന താലൂക്ക് കോടതിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളുടെമേലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഉന പോലീസ് സ്‌റ്റേഷനിലെ നാല് പോലീസുകാരെ സി ഐ ഡി അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയില്‍ കൃത്യവിലോപം കാണിച്ചുവെന്നും അക്രമികള്‍ക്ക് സഹായകമായ നിലപാടെടുത്തുവെന്നുമാണ് ഇവര്‍ക്കെതരെയുള്ള കുറ്റം. ഉന പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല സിംഗ് ജാല, സബ് ഇന്‍സ്‌പെക്ടര്‍ നരേന്ദ്ര പാണ്ഡെ, ഹെഡ് കോണ്‍സ്റ്റബിള്‍ കാഞ്ചി ചുദാസമ, വനിതാ അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ കാഞ്ചന്‍ബന്‍ പാര്‍മര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ് ഐ നരേന്ദ്ര പാണ്ഡെ അല്ലാത്ത മറ്റ് മൂന്ന് പേരും സസ്‌പെന്‍ഷനിലാണ്. കേസിലെ മുഖ്യപ്രതികളെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതക ശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകല്‍, വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തല്‍, തടങ്കലില്‍ വെക്കല്‍, കലാപം സൃഷ്ടിക്കല്‍, ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുക, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐ ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. അക്രമത്തില്‍ പങ്കുള്ള പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ക്കെതിരെ ജുനഗഡിലുള്ള ജുവനൈല്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നാല് പോലീസുകാര്‍ തങ്ങളുടെ സ്ഥാനത്തെ ദുരുപയോഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ദളിത് യുവാക്കളെ നാല് മണിക്കൂറിലധികം അക്രമിച്ചിട്ടും പോലീസുകാര്‍ ഇത് തടയാന്‍ നടപടിയെടുത്തില്ലെന്നും എഫ് ഐ ആറില്‍ ദുര്‍ബലമായ കുറ്റങ്ങളാണ് ചുമത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.