Connect with us

Gulf

നാലു മാസമായി ശമ്പളമില്ല: ആയിരത്തോളം തൊഴിലാളികള്‍ ദുരിതത്തില്‍

Published

|

Last Updated

നാലു മാസമായി ശമ്പളമില്ലാതെ കഴിയുന്ന തൊഴിലാളികള്‍

അബുദാബി; കഴിഞ്ഞ നാലു മാസമായി കമ്പനി ശമ്പളം നല്‍കാത്തതിനാല്‍ ആയിരത്തോളം തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍. ഇന്ത്യക്കാരന്റെ നിയന്ത്രണത്തില്‍ അബുദാബി ഖലീഫ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനി തൊഴിലാളികളുടെ ജീവിതമാണ് ദുരിതക്കയത്തിലായിരിക്കുന്നത്.
അബുദാബി റീം ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ 1,000ത്തോളം തൊഴിലാളികളില്‍ 150ഓളം തൊഴിലാളികളുടെ വിസയുടെ കാലാവധി തീര്‍ന്നിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. വിസ പുതുക്കാത്തതിനാല്‍ തൊഴിലാളികളില്‍ പലരുടെയും പേരില്‍ 20,000 മുതല്‍ 30,000 ദിര്‍ഹം വരെയാണ് പിഴയുള്ളത്. ശമ്പളം നല്‍കാത്തതില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുമ്പോള്‍ ഒരു മാസത്തെ അടിസ്ഥാന ശമ്പളം നല്‍കി നിയമക്കുരുക്കില്‍ നിന്നും കമ്പനി അധികൃതര്‍ രക്ഷപ്പെടുകയാണ് പതിവ്. 2,000 ദിര്‍ഹം ശമ്പളമുള്ള തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 600 ദിര്‍ഹമാണ്.
ശക്തമായി പ്രതിഷേധിക്കുന്നവരെ ഇല്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കി പോലീസിനെകൊണ്ട് പിടിപ്പിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ മാസങ്ങളില്‍ വിവിധ സമയങ്ങളിലായി അമ്പതോളം തൊഴിലാളികളാണ് ജയിലിലുള്ളത്. വിവിധ വാഗ്ദാനങ്ങള്‍ നല്‍കി ലേബര്‍ ഓഫീസിലേക്ക് കൊണ്ടുപോയി തൊഴിലാളികളെ ജയിലിനകത്താക്കുന്നതായാണ് തൊഴിലാളികളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ശമ്പളം മുഴുവനും നല്‍കാമെന്നും കുടിശ്ശിക തീര്‍ത്തു നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലേബര്‍ ഓഫീസിലേക്ക് കൊണ്ടുപോയ 20ഓളം തൊഴിലാളികളെ കമ്പനി അധികൃതര്‍ മന്ത്രാലയത്തില്‍ പരാതി നല്‍കി ജയിലിനകത്താക്കിയതായി തൊഴിലാളികള്‍ പറഞ്ഞു. പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് രാജ്യക്കാരാണ് തൊഴിലാളികള്‍. വിസയുടെ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ ഭയത്തോടെയാണ് കഴിയുന്നത്. ലേബര്‍ ഉദ്യോഗസ്ഥര്‍ പിടികൂടുമെന്ന ഭയം തൊഴിലാളികളെ അലട്ടുന്നുണ്ട്. മാതാപിതാക്കള്‍ മരണപ്പെട്ടപ്പോഴും ഭാര്യയും മക്കളും സുഖമില്ലാതിരുന്നപ്പോഴും അവധി അപേക്ഷിച്ചപ്പോള്‍ നല്‍കിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ദുരിതക്കയത്തിലായ ജീവിതത്തില്‍ നിന്നും രക്ഷിക്കണമെന്നാണ് തൊഴിലാളികളുടെ അഭ്യര്‍ത്ഥന. വിസ റദ്ദ്‌ചെയ്ത് സ്വദേശത്തേക്ക് തിരിച്ച് പോകുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി തൊഴില്‍ മന്ത്രാലയത്തിലും പോലീസിലും പരാതിനല്‍കിയിരിക്കുകയാണ് തൊഴിലാളികള്‍.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest