Connect with us

Sports

റിയോ ഒളിമ്പിക് പ്രകടനം കായിക മന്ത്രാലയം വിലയിരുത്തും

Published

|

Last Updated

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം കേന്ദ്ര കായിക മന്ത്രാലയം വിലയിരുത്തുന്നു.
ഇതിന്റെ ഭാഗമായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഓരോ താരത്തില്‍ നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
താരങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശങ്ങള്‍ സ്വീകരിക്കാനുള്ള ഫോം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കത്തയക്കും. ഓരോരുത്തര്‍ക്കും വ്യക്തിപരമായി, നേരിട്ടോ അല്ലാതെയോ മന്ത്രാലയവുമായി തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ അവസരമുണ്ടാകും. ഭാവി ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കര്‍മസമിതി രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിമ്പിക്‌സിന് ശേഷം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ആദ്യപടിയായിട്ടാണ് മന്ത്രാലയത്തിന്റെ വിവരശേഖരണം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെയും നിര്‍ദേശങ്ങളും മന്ത്രാലയം സ്വീകരിക്കും.
രാജ്യത്തെ വിവിധ സായി കേന്ദ്രങ്ങളില്‍ മിന്നല്‍പരിശോധന നടത്തുവാനും മന്ത്രാലയം ഒരുങ്ങുന്നുവെന്നാണ് സൂചന. ഉത്തരവാദിത്വപ്പെട്ട കായിക മേധാവികളുടെയും സംഘടനകളുടെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതും കീറിമുറിച്ച് പരിശോധിക്കപ്പെടും.
ഈ മാസം പതിനേഴിന് കേന്ദ്രകായിക മന്ത്രി വിജയ് ഗോയല്‍ ഗോപിചന്ദ് അക്കാദമി സന്ദര്‍ശിക്കും.
റിയോയില്‍ വെള്ളി മെഡല്‍ നേടിയ പി വി സിന്ധുവിന്റെ പരിശീലന കേന്ദ്രമാണ് ഗോപിചന്ദ് അക്കാദമി.
കോച്ച് ഗോപിചന്ദുമായും ബാഡ്മിന്റണിലെ പുതുതാരങ്ങളുമായും മന്ത്രി ചര്‍ച്ച നടത്തും.