Connect with us

International

തദ്ദേശ തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ ഫലസ്തീന്‍ ഹൈക്കോടതി

Published

|

Last Updated

രാമല്ല: ഒക്‌ടോബര്‍ എട്ടിന് വെസ്റ്റ്ബാങ്കിലും ഗാസാ മുനമ്പിലും നടക്കാനിരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ ഫലസ്തീനിയന്‍ ഹൈക്കോടതി ഉത്തരവ്. ഒരു ദശകത്തിനിടെ ഇതാദ്യമായി ഫലസ്തീനിയന്‍ ഭാഗത്ത് നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജനാധിപത്യ പ്രക്രിയയാണ് ഇതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുന്നത്.
സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി ഫതഹും ഹമാസും തമ്മിലുള്ള തര്‍ക്കവും ഇസ്‌റാഈല്‍ ആധിപത്യമുറപ്പിച്ച കിഴക്കന്‍ ജറൂസലമില്‍ തിരഞ്ഞെടുപ്പ് നടക്കില്ലെന്നതുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
ഒരിടത്ത് തിരഞ്ഞെടുപ്പ് നടക്കുകയും മറ്റിടത്ത് നടക്കാതിരിക്കുകയും ചെയ്യുകയെന്നത് അംഗീകരിക്കാനാകില്ലെന്ന് രാമല്ല കോടതിയിലെ പ്രിസൈഡിംഗ് ജഡ്ജ് നിരീക്ഷിച്ചു. കിഴക്കന്‍ ജറൂസലമില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വഴിയില്ല.
ഗാസയിലെ നീതിന്യായ സംവിധാനത്തെ കുറിച്ച് സംശയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. ഗാസയുടെ ഭരണം കൈയാളുന്ന ഹമാസ് 2012ല്‍ നടന്ന മുന്‍സിപ്പില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാമെന്നായിരുന്നു അവരുടെ തീരുമാനം. ഹമാസ് വന്‍ വിജയം നേടിയ 2006ലെ പാര്‍ലിമെന്ററി തിരഞ്ഞെടുപ്പിന് ശേഷം ഫതഹും ഹമാസും ഒരിക്കലും നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല. ഫതഹ് നേതാവും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റുമായ മഹ്മൂദ് അബ്ബാസ്(81) ഏറ്റവും മോശമായ ജനപ്രീതിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഈ മാസം 21ന് കോടതി കൂടുതല്‍ വാദം കേള്‍ക്കും. ഗാസയില്‍ ഫതഹ് പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികക്കെതിരെ ഹമാസും ഹമാസിന്റെ പട്ടികക്കെതിരെ ഫതഹും കോടതിയില്‍ ഹരജി നല്‍കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത് ഹമാസാണെന്ന ആരോപണവുമായി ഫതഹ് രംഗത്തെത്തി.
തങ്ങളുടെ പട്ടികകള്‍ റദ്ദാക്കിക്കാന്‍ ഹമാസ് “സ്വകാര്യ കോടതി”കളെ ഉപയോഗിക്കുകയാണെന്ന് ഫതഹ് വക്താവ് ഉസാമ അല്‍ ക്വാവാസ്മി പറഞ്ഞു. എന്നാല്‍ കനത്ത തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഫതഹിന് അവസരമൊരുക്കി കൊടുക്കുകയാണ് കോടതി ചെയ്തിരുക്കുന്നതെന്ന് ഹമാസ് വക്താവ് സാമി അബൂ സുഹ്‌രി കുറ്റപ്പെടുത്തി.