Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട

Published

|

Last Updated

പ്രതി സമീര്‍ അലി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി മൂന്ന് കിലോ കഞ്ചാവ് പിടികൂടി. മാരുതി കാറില്‍ വില്‍പനക്കായി എത്തിച്ച ഒന്നര കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരു റെയ്ഡില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ ഒന്നര കിലോ കഞ്ചാവും പിടികൂടി.
കാറില്‍ കഞ്ചാവ് കടത്തവെ മേലാറ്റൂര്‍ പാതിരിക്കോട് പുത്തനഴി മൂച്ചിക്കല്‍ സമീര്‍ അലി (32) നെയാണ് പെരിന്തല്‍മണ്ണ ജൂബിലി റോഡിലുള്ള സാന്ദ്ര ആര്‍ക്കേഡിന് സമീപത്ത് വെച്ച് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച മാരുതി കാറും ഇയാളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓണം, ബക്രീദ് ആഘോഷങ്ങള്‍ക്കായി ജില്ലയിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കാരിയര്‍ മുഖാന്തിരം കഞ്ചാവ്, മദ്യം തുടങ്ങിയ ലഹരി ഉത്പ്പന്നങ്ങള്‍ കടത്തികൊണ്ടുവരുന്നതായ വിവരത്തിന്മേല്‍ നടത്തിയ വാഹന പരിശോധനയിലാണ് ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സി ഐ സാജു കെ എബ്രഹാം, എസ് ഐ ജോബിതോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തത്തില്‍ നിന്നും എടത്ത നാട്ടുകര സ്വദേശി തമിഴ്‌നാട്ടിലും അട്ടപ്പാടിയിലും വാടകക്കെടുക്കുന്ന കാറില്‍ പോയാണ് കിലോക്ക് 15,000 രൂപ നിരക്കില്‍ കഞ്ചാവ് ഇവിടങ്ങളില്‍ എത്തിക്കുന്നത്. പിന്നീട് ഈ കഞ്ചാവ് നിലമ്പൂര്‍, എടക്കര, പാണ്ടിക്കാട് മേലാറ്റൂര്‍ എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് പല തവണകളിലായിഎത്തിക്കാറുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
1500 രൂപക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് വിതരണക്കാരിലും ഉപഭോക്താക്കളിലേക്കും എത്തുമ്പോഴേക്ക് ഏകദേശം 22000 രൂപയോളം ലഭിക്കുമെന്നതിനാല്‍ ഈ ലാഭം കരുതി പുതുതായി പല വിതരണക്കാരും ഈ ശൃംഖലയിലേക്ക് വരുന്നുണ്ടെന്നും ഇത്തരക്കാരെ പോലീസ് നിരീക്ഷിച്ച് വരികയാണെന്നും ഡിവൈ എസ് പി അറിയിച്ചു. കൂടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കെത്തുന്ന തൊഴിലാളികള്‍ തീവണ്ടി മാര്‍ഗം വന്‍തോതില്‍ കഞ്ചാവ് കടത്തികൊണ്ട് വരുന്നതും പോലീസ് രഹസ്യമായി നിരീക്ഷിച്ച് വരികയാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരത്തില്‍ ലഹരി ഉത്പ്പന്നങ്ങള്‍ വില്‍പന നടത്തുന്നവരെക്കുറിച്ചും പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും അവര്‍ ഉടനെ വലയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.
പി മോഹന്‍ദാസ്, സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, മനോജ് മേക്കാട്, അഭിലാഷ് കൈപ്പനി, ദിനേശ് കിഴക്കേക്കര, ടി സലീന, നബിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച വെളുപ്പിന് പെരിന്തല്‍മണ്ണ കെ എസ് ആര്‍ ടി സി പരിസരത്ത് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ ഒന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട് തിരുചെന്തൂര്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസിലെ ലഗേജ് കാരിയറില്‍ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മധുര, പഴനി, ഒട്ടംചിത്ര എന്നീ പ്രദേശങ്ങളില്‍ നിന്നും സര്‍ക്കാര്‍ ബസുകളില്‍ കഞ്ചാവ് കടത്തിവിടുന്ന അന്യ സംസ്ഥാന മയക്കുമരുന്ന് ലോബിയാണ് ഇതിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. നിശ്ചിത സ്ഥലത്തെത്തി കഴിഞ്ഞാല്‍ കാരിയര്‍മാര്‍ ബസില്‍ നിന്നും കൊണ്ടു പോകലാണെന്നും അറിയുന്നു. കിട്ടിയ സൂചന പ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ അതിര്‍ത്തികളിലും വാഹന പരിശോധന കര്‍ശനമാക്കിയതായും എക്‌സൈസ് അറിയിച്ചു. വാഹന പരിശോധനയില്‍ പെരിന്തല്‍മണ്ണ റൈഞ്ച് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു, ഡ്രൈവര്‍ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പിടികൂടിയ കഞ്ചാവ് പിന്നീട് കോടതിയില്‍ ഹാജരാക്കി.