Connect with us

Wayanad

ആദിവാസികള്‍ അന്യരല്ല; സമഗ്രജീവിത പുരോഗതി സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: പാര്‍ശവത്കരിക്കപ്പെട്ടവരായ ആദിവാസികള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായവും പരിരക്ഷയും ഔദാര്യമല്ല അവകാശമാണെന്ന് പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരായവര്‍ക്കുള്ള ഓണക്കിറ്റിന്റെയും ഓണക്കോടിയുടെയും സംസ്ഥാന തല വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും വീടും സ്ഥലവും നല്‍കാനുള്ള പദ്ധതി കാര്യക്ഷമതയോടെ നിറവേറ്റും. ആദിവാസികള്‍ക്കുള്ള ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്. വീട്ടില്‍ കിടപ്പിലായ ആദിവാസി രോഗികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഒരു ലക്ഷം രൂപവരെയുള്ള ധനസഹായം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കും. അതിലും കൂടുതല്‍ ചെലവുവരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.പണമില്ല എന്ന കാരണത്താല്‍ ആദിവാസികള്‍ക്ക് ചികിത്സയും പഠനവും മുടങ്ങാന്‍ പാടില്ല. അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം ഇവര്‍ക്ക് തൊഴിലും ഉറപ്പാക്കും. വയനാട് ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍ യോഗ്യതയുള്ള ആദിവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. നാലുകോടി രൂപ ഇതിനായി മാറ്റിവെച്ചു.ഗോത്രസാരഥി പദ്ധതിയുടെ കുടിശ്ശിക തീര്‍ത്തതിനോടൊപ്പം വരും വര്‍ഷത്തെ പദ്ധതിയും ഏറ്റെടുത്തു. നാടിന്റെ വികസനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ വേണ്ടണ്‍ത്ര പണമില്ല എന്ന സാഹചര്യമുണ്ട്.
ഇതിനെ മറികടക്കാന്‍ പൊതുധനശേഖരണം എന്ന ബദല്‍ സംവിധാനവും സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഒട്ടെറെ നിക്ഷേപകര്‍ റിസര്‍വ് ബാങ്കിന്റെ അനുമതി നേടിയ ഈ പദ്ധതിയിലേക്ക് സഹകരിക്കുന്നു. 20,000 കോടിരൂപയോളം ഇങ്ങനെ കണ്ടെത്തി ജനങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലാത്ത വിധം വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ആദിവാസികളുടെ ഒരു ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതി തള്ളിയതിനുള്ള ഒരുകോടി രൂപയുടെ ചെക്കും ബാങ്കുകള്‍ക്ക് ചടങ്ങില്‍ മന്ത്രി എ.കെ.ബാലന്‍ വിതരണം ചെയ്തു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വയനാട് നൂല്‍പ്പുഴ സ്വദേശിയായ മാരത്തണ്‍ അത്‌ലറ്റ് ടി ഗോപിയെയും പരിശീലക വിജയിയെയും ചടങ്ങില്‍ ആദരിച്ചു.ഗോപിക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിച്ചു.
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, , കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ പഞ്ചായത്തഗം എ.ദേവകി ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആര്‍.രാധാകൃഷ്ണന്‍, വിജയന്‍ ചെറുകര, പള്ളിയറ രാമന്‍,എം.ശിവരാമന്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി.പുകഴേന്തി, ഐ.റ്റി.ഡി.പി ഓഫീസര്‍ വാണിദാസ് എന്നിവര്‍ സംസാരിച്ചു.