Connect with us

Malappuram

തീരദേശ സംഘര്‍ഷങ്ങളില്‍ അജ്ഞാത സംഘങ്ങളുടെ ഇടപെടല്‍: ആശങ്കയോടെ പോലീസും തീരവാസികളും

Published

|

Last Updated

തിരൂര്‍: തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ അജ്ഞാത സംഘങ്ങളുടെ ഇടപെടലുണ്ടായിരുന്നതായി കണ്ടെത്തല്‍. പറവണ്ണ, പുത്തങ്ങാടി ഭാഗങ്ങളിലുണ്ടായ ലീഗ്, സി പി എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് അജ്ഞാതരായ ചിലര്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെ അക്രമി സംഘങ്ങള്‍ കൊലപാതകം വരെ ലക്ഷ്യമിട്ടിരുന്നതായാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സി പി എം വെട്ടം ലോക്കല്‍ കമ്മിറ്റി അംഗം പുത്തങ്ങാടി അരയന്റെ പുരക്ക ല്‍ ഉബൈദി(42)നെ 30ല്‍ അധികം വരുന്ന സംഘം വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ചത്. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ഉബൈദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉബൈദിനെ ആക്രമിച്ച സംഘത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ ഏതാനും പേര്‍ മാത്രമായിരുന്നു. അജ്ഞാതരായ 25ഓളം ആളുകള്‍ സംഘത്തില്‍ ഉള്ളതായാണ് ഉബൈദും വീട്ടുകാരും പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രദേശവാസികളായ പത്തോളം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഈ കേസില്‍ പ്രതികളാണ്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് മറ്റുള്ളവരെ കുറിച്ചുള്ള വിവരം ശേഖരിക്കാനാണ് പോലീസ് നീക്കം. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും കോള്‍ ലിസ്റ്റ് പരിശോധിച്ചും പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രദേശങ്ങളിലുള്ള ഏതാനും പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പറവണ്ണ പുത്തങ്ങാടി കുട്ടാത്ത് ഖാദറിന്റെ മകന്‍ നൗഫലി(27)നെ 25 പേരടങ്ങുന്ന സംഘം കുറ്റിപ്പുറം മൂടാലില്‍ വെച്ച് അക്രമിച്ചത്. ആക്രമണത്തില്‍ ഇരുമ്പ് വടികൊണ്ട് മര്‍ദനമേറ്റ നൗഫല്‍ ശസ്ത്രക്രിയക്കു വിധേയമാക്കി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി സംഘത്തി ല്‍ അറിയാവുന്ന നാലു പേര്‍ മാത്രമായിരുന്നു ഉണ്ടായതെന്നും ഇവര്‍ പ്രദേശത്തെ സി പി എം പ്രവര്‍ത്തകരാണെന്നും ഭൂരിപക്ഷം ആളുകളും അജ്ഞാതരായിരുന്നെന്നും നൗഫല്‍ പറഞ്ഞു.
തീരദേശത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന സംഘര്‍ഷം വിവിധ പ്രദേശങ്ങളിലെ ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണിപ്പോള്‍. ഇരു സംഭവങ്ങളിലെയും അജ്ഞാത സംഘങ്ങളുടെ ഇടപെടല്‍ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സംഭവത്തിലുള്‍പ്പെട്ട പ്രധാന പ്രതികളുടെ പേരു വിവരം ഇല്ലാത്തതിനാല്‍ അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. നൗഫലിനെ അക്രമിച്ച സംഭവം കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ പരിതിയിലാണ്. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇന്ന് നൗഫലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസെടുക്കുകയെന്ന് കുറ്റിപ്പുറം എസ് ഐ പറഞ്ഞു.
അതേസമയം സി പി എം നേതാവ് ഉബൈദിനെ വെട്ടിയ കേസിലെ രണ്ടാം പ്രതിയാണ് പരുക്കേറ്റ നൗഫലെന്ന് തിരൂര്‍ സി ഐ. എം കെ ഷാജി പറഞ്ഞു.
സമാധാന യോഗം
തിരൂര്‍: ഉണ്ണ്യാല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സബ്കലക്ടര്‍ അദീല അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സമാധാന യോഗം ചേര്‍ന്നു. അക്രമ സംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ അന്വേഷണമുണ്ടാകുമെന്ന് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സബ് കലക്ടര്‍ വ്യക്തമാക്കി. നഷ്ടപരിഹാരത്തിന് വേണ്ടി സര്‍ക്കാറിലേക്ക് അപേക്ഷ സമര്‍പ്പിക്കാമെന്നും എന്നാല്‍ ഇവ ലഭ്യമാകുമെന്ന കാര്യത്തില്‍ സംശയമാണ്. കഴിഞ്ഞ തവണകളിലുണ്ടായ അക്രമങ്ങളില്‍ ഇതുവരെ നഷ്ടപരിഹാരം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും സബ് കലക്ടര്‍ വ്യക്തമാക്കി. പ്രദേശത്ത് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന നേരത്തെയുള്ള തീരുമാനം നടപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ അന്‍വര്‍ സാദാത്ത്, വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ, വൈസ് പ്രസിഡന്റ് കെ വി സിദ്ദീഖ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മഹല്ല് ഭാരവാഹികള്‍, ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുത്തു.