Connect with us

Gulf

അയ്യായിരം വര്‍ഷം പഴക്കമുള്ള ചൈനീസ് ശില്‍പങ്ങള്‍ ഖത്വറില്‍ പ്രദര്‍ശനത്തിന്

Published

|

Last Updated

ദോഹ: ഗള്‍ഫ് മേഖലയില്‍ ആദ്യമായി ക്വിന്‍ ഷിയാ ഹ്യൂയാംഗ് മ്യൂസിയത്തിലെ 116 അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനം ഖത്വറില്‍ ആരംഭിച്ചു. ഖത്വര്‍- ചൈന 2016 സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് (മിയ)യില്‍ “ട്രഷേഴ്‌സ് ഓഫ് ചൈന” പ്രദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കമായി. അയ്യായിരം വര്‍ഷം പഴക്കമുള്ള പൈതൃകശേഷിപ്പുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പുരാതന ചൈനയില്‍ 221- 206 ബി സി കാലഘട്ടത്തില്‍ നിലകൊണ്ട ക്വിന്‍ രാജവംശത്തിന്‍േറതെന്നു കരുതുന്ന കളിമണ്‍ യോദ്ധാക്കളുടെ ശില്‍പങ്ങളടക്കം അഞ്ച് പ്രധാന ശില്‍പങ്ങളാണ് കാഴ്ചക്കാരില്‍ ഏറ്റവും കൂടുതല്‍ കൗതുകമുണര്‍ത്തുക. ക്വിന്‍ ഷിയാ ഹ്യൂയാങ് മ്യൂസോളിയ സൈറ്റ് മ്യൂസിയത്തില്‍ 8000 പോരാളികളുടെ കളിമണ്‍ ശില്‍പങ്ങളാണ് ആകെയുള്ളത്.
ചൈനയിലെ ആദ്യത്തെ രാജാവായ ക്വിന്‍ ഷിയാ ഹ്യൂയാങാണ് കളിമണ്‍ പോരാളികളെ നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്. കളിമണ്‍ ശില്‍പങ്ങള്‍ നിര്‍മിക്കുകയും അത് കുഴിച്ചുമൂടുകയുമായിരുന്നു നൂറ്റാണ്ടുകള്‍ മുമ്പുള്ള ഇവരുടെ ആചാരം. മരിച്ചുകഴിഞ്ഞാല്‍ ശേഷമുള്ള ജീവിതത്തില്‍ കളിമണ്‍ പോരാളികള്‍ രാജാവിനെ സംരക്ഷിക്കുമെന്നായിരുന്നു ക്വിന്‍ ഷിയാ ഹ്യൂയാങിന്റെ വിശ്വാസം. കളിമണ്‍ ശില്‍പങ്ങള്‍ക്കു പുറമെ ചൈനക്കാരുടെ സൃഷ്ടിപരമായ വൈഭവം പ്രകടമാകുന്ന മണ്‍പാത്രങ്ങള്‍, വെങ്കല ശില്‍പങ്ങള്‍, ജേഡുകള്‍, സ്വര്‍ണം, വെള്ളി, ഇനാമല്‍, ചീന പിഞ്ഞാണം എന്നിവയും പ്രദര്‍ശനത്തിനൊരുക്കിട്ടുണ്ട്. അഞ്ച് മ്യൂസിയങ്ങളില്‍ നിന്നും പൈതൃക സൂക്ഷിപ്പ് സ്ഥാപനങ്ങളില്‍നിന്നുമാണ് ഇവ കൊണ്ടുവന്നിട്ടുള്ളതെന്ന് ചൈനീസ് പ്രതിനിധി ക്‌സൂ ഹീ പ്രാദേശിക പത്രത്തോട് പറഞ്ഞു.
പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കിയിട്ടുള്ളത്. സംസ്‌കാരത്തിന്റെ ജനനം, ആചാരങ്ങളും രാജവാഴ്ചയും; വിശിഷ്ടമായ ഏകീകരണം, ഉയര്‍ച്ചയും പട്ടിന്റെ പാതയും; ചീനപ്പിഞ്ഞാണങ്ങള്‍, ചൈനീസ് സാമ്രാജ്യം, രാജ കലകള്‍ എന്നിവയാണിത്. നവീന ശിലായുഗം തൊട്ട് ക്വിന്‍ രാജവംശം വരെയുള്ള ശേഷിപ്പുകളുടെ പ്രാതിനിധ്യം ഇവിടെ കാണാം.
വിദ്യാഭ്യാസ പരിപാടികളും, കുട്ടികള്‍ക്കായുള്ള പരിപാടികളും ശില്‍പശാലകളും പ്രദര്‍ശനത്തോടനുബന്ധിച്ച് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി ഏഴുവരെ മിയയുടെ സ്‌പെഷ്യല്‍ ഗ്യാലറിയില്‍ പ്രദര്‍ശനം തുടരും.

Latest