Connect with us

National

ഡല്‍ഹി അധികാര തര്‍ക്കം: കേന്ദ്രത്തോട് വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ നിലനില്‍ക്കുന്ന അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി. ഒന്നര മാസത്തിനകം വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഭാഗികമായി സംസ്ഥാന സര്‍ക്കാറിന് അധികാരം കൈമാറിയിട്ടുണ്ടെങ്കിലും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ ഭരണാധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് എ എ പി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ആറ് അപ്പീലുകളാണ് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍, ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. നവംബര്‍ പതിനഞ്ചിന് കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. എം എല്‍ എമാരെ പാര്‍ലിമെന്ററി സെക്രട്ടറിയാക്കി നിയമിച്ച ഡല്‍ഹി സര്‍ക്കാറിന്റെ നടപടി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ ഭരണാധികാരി ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന കോടതിയുടെ നിരീക്ഷണം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം റദ്ദാക്കിയത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് 21 എം എല്‍ എമാരെ പാര്‍ലിമെന്ററി സെക്രട്ടറിമാരായി നിയമിച്ചതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Latest