Connect with us

Health

സിക: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: സിങ്കപ്പൂരില്‍ സിക വൈറസ് രോഗം പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ അതീവ ജാഗ്രതക്കും പ്രതിരോധ നടപടികള്‍ക്കും നിര്‍ദേശം. അവധിക്കാലം ആയതിനാല്‍ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ സിങ്കപ്പൂരില്‍ നിന്ന് മലയാളികളടക്കം നിരവധി പേര്‍ എത്തുന്നുണ്ട്. സിങ്കപ്പൂരില്‍ നിന്ന് വിമാനമാര്‍ഗം എത്തുന്നവരെ വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയരാക്കും. ഈയൊരു സാഹചര്യം മുന്നില്‍ക്കണ്ടാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. എന്തെങ്കിലും രോഗലക്ഷണം കണ്ടത്തെുന്നവരെ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 21 ദിവസത്തേക്കാണ് നിരീക്ഷണം.
ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക വൈറസിനും. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് തന്നെയാണ് സിക വൈറസ് രോഗവും പരത്തുന്നത്. കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്താല്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കാനുള്ള സാഹചര്യമുണ്ട്. അതിനാല്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും രോഗപ്രതിരോധം ഗൗരവമായി കാണണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് പറഞ്ഞു.
ഗര്‍ഭിണികളെയാണ് വൈറസ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിച്ചേക്കാം. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലാണ് സിക വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.