Connect with us

Articles

ജെഎന്‍യു: ഇത് വിദ്യാര്‍ഥികള്‍ വരക്കുന്ന ദേശീയ രാഷ്ട്രീയ ഭൂപടം

Published

|

Last Updated

രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലേത്. ഇന്ത്യയിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം ഈ ക്യാമ്പസിലാണ് പിറവിയെടുക്കുന്നതെന്ന് പറയാം. വിദ്യാര്‍ഥി സമരങ്ങളുടെയും ആക്ടിവിസത്തിന്റെയും സമ്പന്നമായ ചരിത്രവും പാരമ്പര്യവുമുള്ള ജെ എന്‍ യു ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് പ്രത്യേക സാഹചര്യത്തിലായിരുന്നു.
ഇന്നലെ പുറത്തു വന്ന ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ (ജെ എന്‍ യു എസ് യു) തിരഞ്ഞെടുപ്പ് ഫലത്തിന് സമീപ കാല ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ പ്രാധാന്യമുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെ സംഘ്പരിവാര്‍ സംഘടനകളും ദേശീയ രാഷ്ട്രീയ നേതാക്കളും ചില മാധ്യമങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ജെ എന്‍ യു ക്യാമ്പസിനെ അവതരിപ്പിക്കുകയും വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനു ശേഷമുള്ള ഇലക്ഷന്‍ റിസല്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ജെ എന്‍ യു സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ- ഐസ സഖ്യം ചരിത്രവിജയമാണ് നേടിയത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ഒറ്റക്കെട്ടായ മുന്നേറ്റമാണ് ജെ എന്‍ യു ക്യാമ്പസ് ഇലക്ഷനില്‍ തെളിഞ്ഞുകാണുന്നത്. ദേശദ്രോഹ ആരോപണങ്ങള്‍ക്ക് മറുപടിയായി ജെ എന്‍ യു വിദ്യാര്‍ഥികള്‍ ഇത്തവണ ഇടതുപക്ഷത്തെ അധികാരത്തിലേറ്റി വിധിയെഴുതിയിരിക്കുന്നു. വിധിപുറത്തുവന്നപ്പോള്‍ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ 15 കൗണ്‍സിലര്‍ സീറ്റുകളില്‍ 14ഉം നേടിയാണ് എസ് എഫ് ഐ- ഐസ സഖ്യമായ യുനൈറ്റഡ് ലെഫ്റ്റ് വിജയമുറപ്പിച്ചത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു ഇടത് സഖ്യത്തിലെ കൗണ്‍സിലര്‍മാരുടെ വിജയം.
എന്‍ എസ് യു, ഐസ- എസ് എഫ് ഐ മുന്നണി, ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്റ്‌സ്, എ ബി വി പി എന്നീ വിദ്യാര്‍ഥി സംഘടനകള്‍ മത്സര രംഗത്തുണ്ടായിരുന്നു. കനയ്യകുമാറിന്റെ എ ഐ എസ് എഫ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നില്ല. വെള്ളിയാഴ്ച നടന്ന ഇലക്ഷനില്‍ 60 ശതമാനം വോട്ടാണ് വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തിയത്. ഫലം വന്നപ്പോള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഇടതുപക്ഷ സഖ്യം നേടിയപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഡി എസ് എഫ് സ്ഥാനാര്‍ഥി മാത്രമാണ് എസ് എഫ് ഐ- ഐസ സഖ്യത്തിന് അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്. എ ബി വി പിയെ വിദ്യാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് ചുരുട്ടിക്കൂട്ടി. തങ്ങളുടെ സ്വാധീന മേഖലകളില്‍ പോലും എ ബി വി പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.
ജനാധിപത്യ മൂല്യങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ വര്‍ഗീയ ശക്തികളോട് സന്ധിയില്ലെന്ന എസ് എഫ് ഐ- ഐസ സഖ്യത്തിന്റെ ആഹ്വാനം വിദ്യാര്‍ഥികള്‍ നെഞ്ചേറ്റിയെന്ന് വ്യക്തം. വര്‍ഗീയ ശക്തികള്‍ക്ക് തിരിച്ചടി നല്‍കുക, ജെ എന്‍ യുവിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സഖ്യം തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. ജെ എന്‍ യു വിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ സ്‌കൂള്‍ ഓഫ് സയന്‍സിലെ അഞ്ച് കൗണ്‍സിലര്‍ സീറ്റിലും വിജയിച്ചു. സ്‌കൂള്‍ ഓഫ് ലാംഗ്വേജ് സ്റ്റഡീസില്‍ അഞ്ച് കൗണ്‍സിലര്‍ സ്ഥാനവും ഇടത് സഖ്യത്തിനാണ്. സ്‌കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാലും സഖ്യം നേടി. ഒരു സീറ്റില്‍ ഡി എസ് എഫ് വിജയിച്ചു. വെറും ഏഴ് വോട്ടിനാണ് ഇവിടെ ഇടത് സഖ്യസ്ഥാനാര്‍ഥി പരാജയപ്പെട്ടത്. സെന്‍ട്രല്‍ പാനലിലേക്കുള്ള വോട്ടെടുപ്പിലും ഇടത് സഖ്യം തൂത്തുവാരി. ചെറിയ ഡിപ്പാര്‍ട്ട്‌മെന്റുകളായ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ആസ്‌തെറ്റിക്‌സ് വിഭാഗത്തിലെ കൗണ്‍സിലര്‍ സീറ്റും സഖ്യം നേടി. സിഎസ് എല്‍ ജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇടതു സഖ്യം പിന്തുണ നല്‍കിയ സ്ഥാനാര്‍ഥിയാണ് ജയിച്ചത്. സാന്‍സ്‌ക്രിറ്റ് സ്റ്റഡീസിലെ ഒരു കൗണ്‍സിലര്‍ സീറ്റില്‍ മാത്രമാണ് എ ബി വി പി വിജയിച്ചത്. പരമ്പരാഗതമായി എ ബി വി പിക്ക് മേല്‍ക്കൈ ലഭിക്കാറുള്ള സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇത്തവണ അവരുടെ അടിത്തറ ഇളകി. ഇവിടെയും എസ് എഫ് ഐ- ഐസ സഖ്യത്തിനും സഖ്യം പിന്തുണച്ചവര്‍ക്കുമാണ് വിജയം.
ദേശീയ രാഷ്ട്രീയത്തില്‍ ജെ എന്‍ യു ക്യാമ്പസ് ഇലക്ഷന്‍ ഫലത്തിന് വലിയ പ്രാധാന്യമാണുള്ളത്. ജെ എന്‍ യുവിലെ വിദ്യാര്‍ഥികളെ മുഴുവന്‍ തീവ്രവാദികള്‍ എന്നും ദേശവിരുദ്ധര്‍ എന്നും നക്‌സലുകളെന്നും അധിക്ഷേപിക്കുന്നതു മുതല്‍ ഈ സര്‍വകലാശാല അടച്ചുപൂട്ടണമെന്നു വരെയുള്ള ശക്തമായ നിലപാടുകളോടെ ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും വ്യാപകമായ പ്രചാരണങ്ങള്‍ നടത്തിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഫെബ്രുവരി ഒമ്പതിന് കശ്മീര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെ എന്‍ യു ക്യാമ്പസില്‍ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ടാണ് അന്ന് ക്യാമ്പസില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പ്രസ്തുത പരിപാടി റദ്ദാക്കാന്‍ എ ബി വിപിയുടെ സമ്മര്‍ദത്തില്‍ ഉത്തരവുണ്ടായി. തുടര്‍ന്ന് വിവിധ മേഖലകളിലെ ആക്ടിവിസ്റ്റുകളുടെയും സംഘടനകളുടെയും സഹകരണം കൊണ്ടാണ് പരിപാടി നടന്നത്. എന്നാല്‍ പിറ്റേന്ന് എ ബി വി പി പ്രവര്‍ത്തകര്‍ ബി ജെ പി എം പി മഹേഷ് ഗിരിയുമായി ചേര്‍ന്ന്, പരിപാടിയില്‍ ഇന്ത്യാ വിരുദ്ധമുദ്രാവാക്യം മുഴക്കിയെന്നു ആരോപിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ദേശദ്രോഹക്കുറ്റം ആരോപിച്ച് വ്യാപകമായ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. ടൈംസ് നൗ, സീ ന്യൂസ് എന്നീ ചാനലുകള്‍ ഇതിനായി വ്യാജവാര്‍ത്തകള്‍ പോലും പ്രക്ഷേപണം ചെയ്തു. രാജ്യവ്യാപകമായി ജെ എന്‍ യു എന്ന വിശ്വ കലാലയത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും കേന്ദ്ര സര്‍ക്കാര്‍- പോലീസ്- മാധ്യമ കൂട്ടുകെട്ടില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ ആരോപണങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ സംഘടിക്കുകയും ഡല്‍ഹി തെരുവീഥികളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തു.
ജെ എന്‍ യുവില്‍ വീണ്ടും സമരകാലം ആരംഭിച്ചു. രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികളെ പിന്തുണക്കാന്‍ മുന്നോട്ടുവന്നു. വര്‍ഗീയത പ്രചരിപ്പിക്കുകയും ക്യാമ്പസിന്റെ മതേതര സംസ്‌കാരത്തിന് ഭീഷണിയാകുകയും ചെയ്ത എ ബി വി പി, വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു എന്നത് ജെ എന്‍ യു സമരകാലത്തിന്റെ വിജയം കൂടിയാണ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പോലും എ ബി വി പി കുറുക്കുവഴികളും നിയമവിരുദ്ധ രീതികളുമാണ് സ്വീകരിച്ചത്. എ ബിവി പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വേണ്ടി ജെ എന്‍ യു അഡ്മിനിസ്‌ട്രേഷനിലെ ചിലരെ സ്വാധീനിച്ച്, മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫോണ്‍ നമ്പറുകള്‍ മോഷ്ടിച്ച് നിരവധി മെസേജുകള്‍ അയച്ചു. എല്ലാ ദിവസവും നിരന്തരം ഇത്തരം ടെക്സ്റ്റ് മെസേജുകള്‍ കിട്ടാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ പരാതിയുമായി മുന്നോട്ടു വന്നു. പേപ്പര്‍ വേസ്റ്റ് ഒഴിവാക്കാനാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്ന പുതിയ വാദവുമായാണ് എ ബി വി പി ഇതിനെ നേരിടാന്‍ ശ്രമിച്ചത്. എന്നാല്‍ ലക്ഷക്കണക്കിന് രൂപയുടെ പാംലെറ്റ് വിതരണം ചെയ്തതും എ ബി വി പി തന്നെ. ഒരു സ്ഥാനാര്‍ഥി പരമാവധി 5,000 രൂപ മാത്രം പ്രചാരണത്തിന് ഉപയോഗിക്കണം എന്ന നിയമം ക്യാമ്പസില്‍ നിലനില്‍ക്കുമ്പോള്‍ പോലും കൂടുതല്‍ പണമിറക്കി വ്യാപകമായ പ്രചാരണങ്ങള്‍ നടത്തി എ ബി വി പി. എന്നിട്ട് പോലും ഫലം വന്നപ്പോള്‍ ഒന്നുമാകാതിരുന്നത് ജെ എന്‍ യു എന്ന കലാലയത്തിന്റെ മതേതര രാഷ്ട്രീയ ബോധം ഐക്യപ്പെട്ടതിനാലാണ് എന്ന് പറയാതെ വയ്യ.
ലോകത്തുനടക്കുന്ന വിവിധ സംഭവ വികാസങ്ങളെയും നവംനവങ്ങളായ ആശയങ്ങളെയും തത്വചിന്തകളെയും സംബന്ധിച്ച് ഇത്രമേല്‍ ഗഹനമായും ഗംഭീരമായും സംവദിക്കുന്ന മറ്റൊരു ക്യാമ്പസ് രാജ്യത്തില്ല. അതുകൊണ്ടുതന്നെയാണ് ആളെണ്ണത്തില്‍ വളരെ പിന്നിലുള്ള ഈ സര്‍വകലാശാലയുടെ സന്തതികള്‍ രാജ്യത്തെ വിവിധ സംഘടനകളുടെ ദേശീയനേതൃത്വത്തിലും സിവില്‍ സര്‍വിസ് രംഗത്തും അക്കാദമിക രംഗത്തുമെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. ഒറ്റനോട്ടത്തില്‍ എത്രമാത്രം വിപ്ലവാത്മകവും ചിലപ്പോള്‍ രാജ്യദ്രോഹപരവും മറ്റു ചിലപ്പോള്‍ സാമൂഹികവിരുദ്ധവുമായി തോന്നാവുന്ന വിഷയങ്ങള്‍ ഈ ക്യാമ്പസ് സധൈര്യം ചര്‍ച്ചക്കെടുക്കാറുണ്ട്. അധികം വൈകാതെതന്നെ അവ രാജ്യത്താകമാനം കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെക്കാറുമുണ്ട്. അതിര്‍വരമ്പുകളില്ലാത്ത ഭൂപടങ്ങളെപറ്റിയും പുരുഷകേന്ദ്രീകൃതമല്ലാത്ത കുടുംബവ്യവസ്ഥയെ സംബന്ധിച്ചും ദേശീയവാദ പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ ആശയദൗര്‍ബല്യങ്ങളെക്കുറിച്ചുമെല്ലാം സധൈര്യം സംവദിക്കാനുള്ള ഒരിടം നല്‍കിവരുന്നുവെന്നതാണ് ജെ എന്‍ യു രാഷ്ട്രത്തിന് നല്‍കുന്ന വലിയൊരു സംഭാവന. അതുതന്നെയാണ് പലര്‍ക്കും ജെ എന്‍ യു വിന്റെ ഏറ്റവുംവലിയ പോരായ്മയായും തോന്നാറുള്ളത്. സംവാദാത്മക അക്കാദമിക പ്രവര്‍ത്തനമെന്ന ജെ എന്‍ യു വിന്റെ സമീപനം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച നയംമാറ്റമല്ല; അതിന്റെ തുടക്കം മുതല്‍ പുലര്‍ത്തിപ്പോന്ന പാരമ്പര്യമാണ്.
ഫാസിസത്തിനെതിരെ സമീപകാലത്ത് വളര്‍ന്നുവന്ന പ്രതിരോധങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് വിദ്യാര്‍ഥി സമൂഹത്തിന്റെ ചെറുത്തുനില്‍പുകളാണ്. അതിന് ഊര്‍ജം പകരുന്നതാണ് ജെ എന്‍ യു എസ് യു തിരഞ്ഞെടുപ്പ് ഫലം. ആര്‍ എസ് എസ് നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ക്യാമ്പസുകളിലെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്നുവെന്നത് വലിയ പ്രതീക്ഷയാണ്. കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ വര്‍ഗീയ അജന്‍ഡകള്‍ സിലബസിലും അക്കാദമിക തലങ്ങളിലും നടപ്പാക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുമ്പോള്‍, ജെ എന്‍ യു ഫലം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌കാരവും മതേതര ബോധവും ക്യാമ്പസിനു പുറത്തേക്കും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്പോഴാണ് രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും സൗഹാര്‍ദവും കൂടുതല്‍ കരുത്താര്‍ജിക്കുക. അതിനുള്ള പുതിയ പ്രഭാതങ്ങളാകട്ടെ, വിദ്യാര്‍ഥികള്‍ വരക്കുന്ന ദേശീയ രാഷ്ട്രീയ ഭൂപടത്തിലെ ഈ വിജയം.