Connect with us

Editorial

ചെരിപ്പിനൊപ്പിച്ചും മുറിക്കാനാകാതെ

Published

|

Last Updated

ദാരിദ്ര്യ രേഖ വരക്കാന്‍ മറ്റൊരെയെങ്കിലും നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കൈ വലിച്ചിരിക്കുകയാണ് പനഗരിയ സമിതി. ഒന്നര വര്‍ഷക്കാലം പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാതെ പിന്‍വാങ്ങുകയാണെന്ന് സമതി അറിയിച്ചിരിക്കുന്നു. തോറ്റു പിന്‍മാറലാണോ അതോ ഒളിച്ചോട്ടമോ അതുമല്ല, പ്രായോഗിക പ്രയാസങ്ങളാണോ വിഷയത്തില്‍ നിന്ന് പിന്തിരിയാന്‍ സമിതിയെ നിര്‍ബന്ധിതമാക്കിയത്? അതെന്തായാലും ദാരിദ്ര്യം എന്ന ഭീബത്സമായ ഇന്ത്യനവസ്ഥയെ അഭിമുഖീകരിക്കാന്‍ അധികാരികള്‍ക്ക് ധൈര്യമില്ല എന്ന് തന്നെയാണ് ഇത് കാണിക്കുന്നത്.
എന്തുകൊണ്ടാണ് ഇത്തരമൊരു സുപ്രധാനമായ വിഷയത്തില്‍ സമിതിക്ക് തോറ്റു പിന്‍മാറേണ്ടിവരുന്നത് എന്ന ചോദ്യം പ്രധാനമാണ്. വലിയ തോതിലുള്ള സമ്മര്‍ദം ഉണ്ടായിട്ടുണ്ടാകണം. സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് രാഷ്ട്രീയപരവും ധനപരവുമായ തലങ്ങളുള്ള വലിയ ഇച്ഛകള്‍ മുന്നോട്ട് വരുന്നു. യാഥാര്‍ഥ്യവുമായി യാതൊരു താരതമ്യവുമില്ലാത്ത നിര്‍ദേശത്തെ തള്ളാനും കൊള്ളാനും കഴിയാതെ വരാം. ദാരിദ്ര്യത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കുമ്പോഴേ ഇത് വ്യക്തമാകൂ. ദാരിദ്ര്യരേഖ ഉയര്‍ത്തി വരച്ചാല്‍ സബ്‌സിഡി കുറക്കാം എന്നാണ് അധികാരികള്‍ കാണുന്നത്. ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ എങ്ങനെ നിറുത്തല്‍ ചെയ്യാമെന്നാലോചിച്ച് ഉറക്കമിളിക്കുകയാണല്ലോ ലോകത്തെ മിക്ക ഭരണകൂടങ്ങളും. അധികാരികളുടെ ആധികള്‍ മുഴുവന്‍ സാധാരണക്കാരന് ലഭിക്കുന്ന സൗജന്യങ്ങളിലാണ്. ആധാര്‍ പോലുള്ളവയുമായി സര്‍ക്കാര്‍ സൗജന്യങ്ങളും ബന്ധിപ്പിക്കുന്നതിന്റെ കള്ളിയും മറ്റൊന്നല്ല. രണ്ട് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ ഈ ജാഗ്രത കോടീശ്വരന്മാര്‍ക്ക് നികുതിയിളവ് നല്‍കുന്നതില്‍ കാണിക്കുന്നില്ല എന്നത് കാണാതെ പോകരുത്. ദരിദ്രന് അന്നത്തിന് രണ്ട് രൂപ സബ്‌സിഡി കൊടുക്കാന്‍ ഭയക്കുന്നവര്‍ കുത്തകകള്‍ക്ക് കോടികള്‍ താലത്തില്‍ വെച്ചുകൊടുക്കാന്‍ ഒരു വിമ്മിട്ടവും കാട്ടാറില്ല.
സത്യത്തില്‍ ദാരിദ്ര്യ രേഖ വരക്കുന്നതിന്റെ സാംഗത്യമെന്താണ്? അത് പാവങ്ങള്‍ക്ക് ഗുണത്തിനല്ല. മറിച്ച് സര്‍ക്കാര്‍ സേവനവും സൗജന്യവും പരിമിതപ്പെടുത്താനാണ്. അതിനുള്ള ന്യായം ചമയ്ക്കാനും സമ്മിതി സമ്പാദിക്കാനും കീഴെയും മേലെയുമായി രണ്ട് സാങ്കല്‍പ്പിക തട്ടുകള്‍ പടുക്കുന്നു. മുകളിലുള്ളവര്‍ക്ക് എല്ലാം പരിമിതപ്പെടുത്തുന്നു. ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ എളുപ്പവഴി ദാരിദ്ര്യ രേഖ താഴ്ത്തി വരക്കുക എന്നതാണല്ലോ. തലവേദനക്ക് ശമനമായി തല വെട്ടിക്കളയുന്ന ഉപായമാണല്ലോ കുറച്ചായി നമ്മള്‍ പരീക്ഷിച്ചു പോരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന് ചേരികള്‍ ഇല്ലാത്ത ഡല്‍ഹിയെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ അവിടെ പാര്‍ക്കുന്നവരെ പൊക്കിയെടുത്ത് അജ്ഞാത കേന്ദ്രങ്ങളില്‍ തള്ളുകയും ചേരികളെ മറച്ചുകളയുകയും ചെയ്തു.
അരവിന്ദ് പനഗരിയ ആരാണെന്ന് കൂടി അറിയുമ്പോള്‍ ഇപ്പോഴത്തെ സംഭവത്തില്‍ ചിത്രം കുറച്ചുകൂടി വ്യക്തമാകും. സ്വതന്ത്ര വിപണിയുടെ പ്രചാരകന്‍, ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ ആരാധകന്‍, എ ഡി ബി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്നീ വിശേഷണ പദങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഏഴകളോടുള്ള സമീപനവും വ്യക്തമാക്കുന്നതാണ്. സമാന്യബുദ്ധിയെ പരിഹസിക്കുന്ന തരത്തിലാണ് പലപ്പോഴും ദാരിദ്ര്യ രേഖ ചമയ്ക്കാന്‍ നിയുക്തരാകുന്ന സമിതികളുടെ നിര്‍ദേശങ്ങള്‍ ഉണ്ടാകാറുള്ളത്. യു പി എ ഭരണകാലത്ത് നിയമിതമായ രംഗരാജന്‍ സമിതി നഗരങ്ങളില്‍ 47 രൂപക്കും ഗ്രാമങ്ങളില്‍ 32 രൂപക്കും താഴെ മാത്രം പ്രതിദിനം ചെലവഴിക്കാന്‍ കഴിയുന്നവരെ ദരിദ്രരായി നിര്‍ദേശം വെച്ചത് ഓര്‍ക്കുക.
ശീതീകരിച്ച മുറിക്കുള്ളിലിരുന്നുള്ള ചര്‍ച്ചകള്‍ക്ക് നിര്‍വചിച്ചെടുക്കാന്‍ കഴിയുന്ന ഒന്നല്ല ഇന്ത്യന്‍ ജനതയുടെ ദാരിദ്ര്യം. അത് ഏകശിലാത്മകല്ല. വൈവിധ്യങ്ങളുടെ ഇന്ത്യയില്‍ ദാരിദ്ര്യത്തിന്റെ മാനദണ്ഡങ്ങള്‍ മാത്രം ഒന്നാകാന്‍ തരമില്ലല്ലോ. ഏറ്റവും നീതിപൂര്‍വകമായത് ഫെഡറല്‍ സ്വഭാവത്തോട് നീതി പുലര്‍ത്തി പ്രാദേശികമായ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മാനദണ്ഡങ്ങള്‍ തയ്യാറാക്കുക എന്നതാണ്. ഗ്രാമങ്ങളും നഗരങ്ങളും എന്ന നിലയില്‍ മാത്രം ഇന്ത്യയെ വിഭജിക്കുന്നത് അസംബന്ധമായിരിക്കും. ഗ്രാമങ്ങള്‍ തന്നെയും പല സാമൂഹിക തലത്തിലാണ് നിലകൊള്ളുന്നത്. അസമിലെ ഒരു ഗ്രാമവും കേരളത്തിലെ ഒരു ഗ്രാമവും തമ്മില്‍ ഒരു പക്ഷേ, യാതൊരു താരതമ്യവുമുണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍, ഇവര്‍ക്കെല്ലാവര്‍ക്കും ഒരു മാനദണ്ഡം എന്ന് പറയുന്നത് എത്ര വലിയ അശ്ലീലമായിരിക്കും? “തെങ്ങിനും കമുങ്ങിനും ഒരു തളപ്പോ” എന്ന പഴഞ്ചൊല്ലിലെ ആശ്ചര്യം തന്നെയാണ് കാര്യം.
ഇതോടൊപ്പം തന്നെ, ദാരിദ്ര്യരേഖയുടെ മാനദണ്ഡം താഴ്ത്തുന്ന ആത്മവഞ്ചനയല്ല, ഉയര്‍ത്തുന്ന സത്യസന്ധതയാണ് ഒരു ജനാധിപത്യ ഭരണകൂടം ചെയ്യേണ്ടത്. രാഷ്ട്രസമ്പത്തിന് ഏറ്റവും അര്‍ഹര്‍ സാധാരണക്കാരാണ്. ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പ്പം പുലരുന്നത് ജനങ്ങളുടെ ജീവിത നിലവാരമുയരുമ്പോഴാണ്. എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട ഈ രാജ്യത്തിന്റെ സമ്പത്ത് സാധാരണക്കാര്‍ക്കും ഉപകാരപ്പെടട്ടെ. കുത്തകകള്‍ മാത്രമല്ലല്ലോ ഈ ഭൂമിയുടെ അവകാശികള്‍.

---- facebook comment plugin here -----

Latest