Connect with us

Articles

'ഓന്‍'ലൈന്‍ ഓണവും ഓണപ്പൊട്ടനും

Published

|

Last Updated

ഇക്കൊല്ലവും വരുന്നുണ്ടാവും, അല്ലേ? നന്നായി. കൊല്ലാകൊല്ലം പ്രജകളെ കാണാനുള്ള വരവ് നല്ലത് തന്നെ. ഒരു ദിവസമാണെങ്കില്‍ ഒരു ദിവസം, അവരുടെ ആവലാതി കേള്‍ക്കാമല്ലോ. സന്തോഷത്തില്‍ പങ്ക് ചേരാമല്ലോ. ഇവിടെയാണെങ്കില്‍ അഞ്ച് കൊല്ലം കഴിഞ്ഞാണല്ലോ നേതാക്കളുടെ വരവ്. പഞ്ചവത്സര പദ്ധതി എന്നു പറയാം.
നാട്ടില്‍ ചില്ലറ മാറ്റങ്ങളുണ്ട്. അതിവേഗം ബഹുദൂരം പോയി. ഉമ്മന്‍ ചാണ്ടിയില്ല, സരിത ഇല്ല. നാട്ടുകാര്‍ ചവിട്ടിത്താഴ്ത്തി എന്നു പറയാം. അഞ്ച് കൊല്ലം സഹിച്ചു സഹിച്ച് മടുത്തപ്പോള്‍ വന്നു, മാറ്റം. എല്ലാം ശരിയാക്കുന്നവരാണിപ്പോള്‍. ഭരണം പോയ കാരണവര്‍ക്ക് ഭരണപരിഷ്‌കാര കമ്മീഷന്‍. ഒരാശ്വാസത്തിന് അതും മതി!
അവധിക്കാലമായത് നന്നായി. അല്ലെങ്കില്‍ മാവേലിയുടെ വരവും അവധി നോക്കി വേണമെന്ന് പറയുമായിരുന്നു. ഇവിടെ പൂക്കളമിടലും ഓണ സദ്യയും ഒഴിവുകാലത്ത് മതിയെന്നാണ്. അങ്ങയുടെ വരവ് ഏതായാലും അവധിക്കാലത്താണല്ലോ. നന്നായി.
ശ്രദ്ധിക്കണേ, പഴയകാലം പോലെ നടക്കല്ലേ. കവി പറഞ്ഞതു പോലെ മുന്നിലും പിന്നിലും കണ്ണുവേണം. കണ്ണുവേണമിരുപുറമെപ്പോഴും… അല്ലെങ്കില്‍ നായയുടെ കടിയേല്‍ക്കും. മുഖം നമ്മുടെ റോഡ് പോലെയാകും. കുണ്ടും കുഴിയും നിറഞ്ഞ്, ചെളി നിറഞ്ഞ മട്ടില്‍. നായകളെ കൊല്ലണോ, വന്ധ്യംകരിക്കണോ, ഇനി കരിച്ചുകളയണോ എന്നൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ നായകടിയാണ്.
കണ്ണൂരിലെ സ്ഥിതിയാണ് ഏറെ ദയനീയം. അവിടെയുള്ളവര്‍ നായകളെ പേടിച്ചാല്‍ മാത്രം പോരാ. മനുഷ്യരും ചിലപ്പോള്‍ നായയേക്കാളും തരംതാഴും. പകലും രാത്രിയും എന്ന ഭേദമില്ല. പാടത്ത് പണിയും വരമ്പത്ത് കൂലിയുമാണവിടെ!
ഇപ്പോഴും മാണിയും ബാബുവും തന്നെയാണ് താരങ്ങള്‍. ബാര്‍ക്കോഴ, കോഴിക്കോഴ ഇങ്ങനെ പോകുന്നു കോഴക്കഥകള്‍. ബിനാമികളും ഇറങ്ങിയിട്ടുണ്ട്. ഇനി എന്താകുമെന്നറിയില്ല.
പിള്ളേരെന്താ തലയും താഴ്ത്തി ഇരിക്കുന്നതെന്നോ? യാതൊരു ദുഃഖവുമില്ല. ചെത്തി നടക്കാന്‍ ബൈക്കും ഉടുത്തണിയാന്‍ പലമാതിരി ഡ്രസുകളും കഴിക്കാന്‍ ഫാസ്റ്റ് ഫുഡും. അവരിപ്പോള്‍ വാട്‌സ്ആപ്പിലാണ്. ഇനി എപ്പോഴാണ് തല ഉയര്‍ത്തുക എന്നറിയില്ല. എന്നാലും അങ്ങയെ കാണുമ്പോള്‍ അവരോടിയെത്തും. എന്തിനാണെന്നോ? സെല്‍ഫിയെടുക്കാന്‍. സെല്‍ഫിയെടുത്ത്, സെല്‍ഫിയെടുത്ത് താങ്കളുടെ കാര്യം ഒരു വകയാകും. മത്സരമാണ്. സെല്‍ഫിഷുകള്‍ എന്നു പറയാം!
നമ്മുടെ മറ്റവനെ ഓണ്‍ ലൈനില്‍ ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. “ഓന്‍” ലൈനില്‍ നിന്ന് സാധനം വാങ്ങുന്നത് തീരെ പിടിച്ചില്ല. വെയിലും മഴയും കൊണ്ട് ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിന്? അതുകൊണ്ട് ഒരു മാറ്റം. ഓണ്‍ലൈന്‍. ഇപ്പോള്‍ അതെന്തായി എന്നറിയില്ല. എന്നാല്‍ ഓനിപ്പോഴും ലൈനിലാണ്. അത് കിട്ടിയാലേ ഓണം ഓണമാകൂ എന്നാണ്.
ഓഫറുകളുടെ കാലം കൂടിയാണല്ലോ. സൂചി വാങ്ങിയാലും ഫ്രീ കിട്ടും. തക്കാളിക്കൊപ്പം ചേനയും വെണ്ടക്കൊപ്പം വഴുതിനയും ഫ്രീ കൊടുക്കുന്ന കാലമെപ്പോഴാണ് വരിക? നാട്ടുകാര്‍ കണ്ണില്‍ കണ്ടതെല്ലാം വാങ്ങും. എന്തിനാണെന്ന് ചോദിക്കരുത്. ഉത്സവ സീസണാകുമ്പോള്‍ അതാണ് പതിവ്. ശമ്പളവും ബോണസും അഡ്വാന്‍സും മാര്‍ക്കറ്റില്‍ കൊടുത്ത് അവര്‍ തരുന്നതും വാങ്ങി ഒരോണം. ഒന്നിനും നേരമില്ല, മലയാളിക്ക്.
അതാ, ഓണപ്പൊട്ടന്‍ മണി കിലുക്കി നടന്നു വരുന്നു. കലാസമിതിക്കാരുടേതാകും. മുഖം വ്യക്തമല്ല, എന്നാലും ഒരു സംശയം. മലയാളിയാണോ, ബംഗാളിയാണോ?

Latest