Connect with us

Kerala

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി; ജീവപര്യന്തം നിലനില്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്‌ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനില്‍ക്കും. വധശിക്ഷ നല്‍കിയ തൃശൂര്‍ അതിവേഗ കോടതി വിധിക്കെതിരെ ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹരജി ഭാഗികമായി അംഗീകരിച്ചാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, പ്രഫുല്ല സി പന്ത്, യു യു ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവ്. സൗമ്യയെ മാരകമായി മുറിവേല്‍പ്പിച്ചതിന് 325ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി പിന്നീട് ശരിവെക്കുകയായിരുന്നു. സൗമ്യയെ തള്ളിയിട്ടതിന് തെളിവില്ലെന്ന് കണ്ടെത്തിയാണ് വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. ഗോവിന്ദച്ചാമി കൊലക്കുറ്റം ചെയ്തതിന് തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായും വ്യക്തമാക്കി. പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് നിര്‍ണായക വിധി.
പ്രതി ബലാത്സംഗം ചെയ്തുവെന്ന് ബോധ്യപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ബലാത്സംഗത്തിന് ജീവപര്യന്തം തടവും മോഷണം, മോഷണശ്രമത്തിനിടെ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന പരാമാവധി ശിക്ഷ ഏഴ് വര്‍ഷം തടവുമാണ് വിധിച്ചത്. സേലത്ത് മാലപൊട്ടിച്ച കേസിലും ജയില്‍ ജീവനക്കാരെ ആക്രമിച്ച കേസിലും ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
കേസില്‍ പ്രോസിക്യൂഷന് സമ്പൂര്‍ണ തിരിച്ചടിയാണ് ഉണ്ടായത്. സുപ്രീം കോടതിയില്‍ കേസിലെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവകരമായ അനാസ്ഥ കാട്ടിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
കേസ് ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ പ്രതി ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് തെളിവുണ്ടോ എന്ന് പ്രോസിക്യൂഷനോട് സുപ്രീം കോടതി ചോദിച്ചിരുന്നു. സൗമ്യയെ കൊലപ്പെടുത്താനായി ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ എവിടെയെന്നതുള്‍പ്പെടെ പ്രോസിക്യൂഷനോട് കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഗോവിന്ദച്ചാമി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് തെളിയിക്കുന്ന എന്ത് രേഖയാണ് നിങ്ങളുടെ കൈകളിലുള്ളതെന്ന ചോദ്യത്തിന് പോലും പ്രോസിക്യൂഷന് മറുപടി ഉണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിയാതെ വന്നപ്പോഴായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചിന്റെ ചോദ്യം. സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രോസിക്യൂഷന്റെ അടിസ്ഥാനം.
ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി ജോസഫ്, സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാറിനായി ഹാജരായത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ അഡ്വ. ബി എ ആളൂര്‍ തന്നെയാണ് സുപ്രീം കോടതിയിലും ഹാജരായത്.
2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.

Latest