Connect with us

Qatar

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ ബില്‍: ഖത്വര്‍ ആശങ്കയറിയിച്ചു

Published

|

Last Updated

ദോഹ: സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് ആക്രമണത്തിലെ ഇരകള്‍ക്ക് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ക്കെതിരെ യു എസ് കോടതികളെ സമീപിക്കാമെന്ന യു എസ് സെനറ്റിന്റെ തീരുമാനത്തില്‍ ഖത്വര്‍ ആശങ്കയറിച്ചു. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും ബില്‍ പാസാക്കാന്‍ യുഎസ് കോണ്‍ഗ്രസിനെ അനുവദിക്കരുതെന്നും ഖത്വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരവാദത്തിന്റെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയുള്ള നടപടിയായാണ് സെനറ്റ് നിയമത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഇത്തരം നിയമനിര്‍മാണം രാജ്യാന്തര നിയമത്തിന് എതിരാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള സമത്വത്തിന് വിരുദ്ധമാണെന്നും ഖത്വര്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഇത്തരം നിയമം അപകടകരമായ പ്രതിഫലനം സൃഷ്ടിക്കുമെന്നും തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
യു എസിന്റെ പരിഗണനയിലുള്ള ജസ്റ്റിസ് എഗന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്ട് സംബന്ധിച്ച് ജി സി സിയും കടുത്ത ആശങ്ക അറിയിച്ചു. യു എന്‍ ചാര്‍ട്ടറില്‍ പ്രതിപാദിച്ച ലോക രാഷ്ട്രങ്ങളുടെ പരമാധികാരം ഉള്‍പ്പെടെയുള്ള രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണ് നിയമമെന്നു ജി സി സി അറിയിച്ചു. അറബ് ലീഗും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് ഇരയായവര്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ ആക്രമണവുമായി വിദേശരാജ്യം ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ആ രാജ്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച നിയമമാണിത്. അമേരിക്കന്‍ സെനറ്റ് വെള്ളിയാഴ്ച നിയമം പാസാക്കിയിരുന്നു. ഹൗസ് ഓഫ് റെപ്രസന്റേറ്റീവില്‍ മെയില്‍ പാസാക്കി. ഇനി വൈറ്റ് ഹൗസിന്റെ അനുമതിയാണു വേണ്ടത്. നിയമം വീറ്റോ ചെയ്യാന്‍ പ്രസിഡന്റിന് അധികാരമുണ്ട്.
എന്നാല്‍, വൈറ്റ്ഹൗസ് ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വഷളാകാന്‍ നിയമം വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാജ്യാന്തര ബന്ധങ്ങള്‍ സംബന്ധിച്ച തത്വങ്ങള്‍ക്കു വിരുദ്ധമാണു നിയമമെന്നു ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി പറഞ്ഞു. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്തു പ്രശ്‌നം സൃഷ്ടിക്കുന്നതുകൂടാതെ, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും പുതിയ നിയമം വിഘാതമാകും. യുഎസ് നിയമം അംഗീകരിക്കില്ലെന്നാണു പ്രതീക്ഷയെന്നും ജിസിസി അറിയിച്ചു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധവും തത്വവും സംബന്ധിച്ച അടിസ്ഥാനങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും ജിസിസി രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.

Latest