Connect with us

Gulf

ശൈഖ് ജാസിം കപ്പ് ലഖ്‌വിയ്യ നിലനിര്‍ത്തി

Published

|

Last Updated

ലഖ്‌വിയ്യ ടീം ശൈഖ് ജാസിം കപ്പ് ഏറ്റുവാങ്ങുന്നു

ദോഹ: യൂസഫ് അല്‍ അറബിക്ക് മുടക്കിയ ചെലവ് ആദ്യ മത്സരത്തില്‍ തന്നെ മുതലാക്കി ലഖ്‌വിയ്യ. ശൈഖ് ജാസിം കപ്പ് കലാശപ്പോരാട്ടത്തില്‍ മൂന്നാം മിനിറ്റില്‍ തന്നെ യൂസഫ് അല്‍ അറബി നേടിയ ഗോളിലൂടെ മുന്‍തൂക്കം നേടിയാണ് അല്‍ റയ്യാനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്‍മാരായ ലഖ്‌വിയ്യ കിരീടം നിലനിര്‍ത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലഖ്‌വിയ്യയുടെ വിജയം. നാളെ തുടക്കം കുറിക്കുന്ന ഖത്വര്‍ സ്റ്റാഴ്‌സ് ലീഗിന്റെ പുതിയ സീസണില്‍ വിജയക്കുതിപ്പ് നടത്താന്‍ ലഖ്‌വിയ്യക്ക് ഈ കിരീടനേട്ടം നല്‍കുന്ന ആത്മവിശ്വാസം വാനോളമാണ്.
അല്‍ സദ്ദ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്‍ജ്വറി ടൈമില്‍ ഖത്വര്‍ ദേശീയ ടീം താരം ഇസ്മാഈല്‍ മുഹമ്മദ് നേടിയ ഗോളിലൂടെ ലഖ്‌വിയ്യ കിരീടം ഉറപ്പിക്കുകയായിരുന്നു. ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി വിജയികള്‍ക്ക് കിരീടം സമ്മാനിച്ചു. ഖത്വറിലെ ഫുട്‌ബോള്‍ സീസണിലെ ആദ്യ ടൂര്‍ണമെന്റാണ് ശൈഖ് ജാസിം കപ്പ്. ഖത്വര്‍ സ്റ്റാര്‍സ് ലീഗ് ചാമ്പ്യന്‍മാരും അമീര്‍ കപ്പ് വിജയികളുമാണ് ശൈഖ് ജാസിം കപ്പിനായി ഏറ്റുമുട്ടുന്നത്. അല്‍ റയ്യാനായിരുന്നു കഴിഞ്ഞ തവണത്തെ ഖത്വര്‍ സ്റ്റാര്‍സ് ലീഗ് വിജയികള്‍, അമീര്‍ കപ്പ് സ്വന്തമാക്കിയത് ലഖ്‌വിയ്യയും. ശൈഖ് ജാസിം കപ്പ് സ്വന്തമാക്കുന്ന ടീമിന് ട്രോഫിക്ക് പുറമെ സ്വര്‍ണമെഡലും ലഭിക്കും. റണ്ണര്‍അപ്പിന് വെള്ളിമെഡല്‍. രണ്ടു ടീമുകള്‍ക്കും ക്യാഷ് പ്രൈസും ലഭിക്കും. കഴിഞ്ഞ ശൈഖ് ജാസിം കപ്പ് ഫൈനലില്‍ 4-2 എന്ന സ്‌കോറിന് അല്‍ സദ്ദിനെ പരാജയപ്പെടുത്തിയാണ് ലഖ്‌വിയ കിരീടം സ്വന്തമാക്കിയത്. 2015ലെ ശൈഖ് ജാസിം കപ്പ് ഈ വര്‍ഷം ജനുവരിയിലാണ് നടന്നത്. അല്‍ സദ്ദിനും ലഖ്‌വിയ്യക്കും കഴിഞ്ഞ വര്‍ഷത്തെ എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കേണ്ടിവന്നതിലാണ് കഴിഞ്ഞവര്‍ഷത്തെ കപ്പ് ഫൈനല്‍ നീട്ടിവെച്ചത്. 2016ല്‍ രണ്ടു തവണ ശൈഖ് ജാസിം കപ്പ് മത്സരം നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1977ലാണ് ശൈഖ് ജാസിം കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായത്. അല്‍സദ്ദാണ് ഏറ്റവുമധികം തവണ വിജയികളായത്, പതിമൂന്ന് പ്രാവിശ്യം. അല്‍ അറബി ആറ് തവണ ശൈഖ് ജാസിം കപ്പ് സ്വന്തമാക്കി. ഖത്തര്‍ എസ് സി, അല്‍ വഖ്‌റ, അല്‍ റയ്യാന്‍ എന്നിവ നാല് തവണ വീതവും ചാമ്പ്യന്‍മാരായിരുന്നു. 2014ന് മുമ്പുവരെ ഖത്വറിലെ ഫസ്റ്റ്, സെക്കന്‍ഡ് ഡിവിഷനുകളിലെ പതിനെട്ട് ടീമുകള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം. പിന്നീടാണ് അമീര്‍ കപ്പ്, ഖത്വര്‍ സ്റ്റാര്‍സ് ലീഗ് വിജയികള്‍ തമ്മിലുള്ള പോരാട്ടമാക്കി മാറ്റിയത്.

Latest