Connect with us

Eranakulam

എങ്ങുമെത്താതെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണ പദ്ധതി

Published

|

Last Updated

കോതമംഗലം: കേരളത്തില്‍ ലക്ഷകണക്കിന് ഇതര സംസ്ഥാന തെഴിലാളികള്‍വിവിധ തൊഴില്‍ മേഖലയില്‍ വര്‍ഷങ്ങളായിജോലി ചൈയ്തു വരുന്നുണ്ട്. ഇവരുടെ വിവരശേഖരണത്തിനായി മൂന്ന് മാസം മുമ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ട പദ്ധതിയാണ് ഇതുവരെ തുടങ്ങാനാകാത്തത്. അഭ്യന്തര, ഐടി, തൊഴില്‍, ആരോഗ്യ, സാമുഹിക ക്ഷേമ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുവാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇവരുടെ ആരോഗ്യസ്ഥിതിയും രോഗവിവരങ്ങളും ഇതോടെപ്പം ശേഖരിക്കാനും പദ്ധതിയില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതര സംസ്ഥാനതെഴിലാളികളുടെ ക്ഷേമം കൂടി ലക്ഷ്യമിട്ടായിരുന്നു വിവരശേഖരണ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിവരശേഖരണത്തിന് ശേഷം ഇവര്‍ക്ക് ഐ ഡി കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുഴുവന്‍ ജില്ലകളിലുമുള്ള ഇത്തരം തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ക്ക് പോലീസ് വകുപ്പ് തുടക്കമിടുകയും ചൈയ്തതാണ്. എന്നാല്‍ ഈ പദ്ധതിക്ക് വേണ്ടത്ര പുരോഗതിയുണ്ടാക്കുവാന്‍ ഇതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല.
ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇവരുടെ വിവരശേഖരണം വേണമെന്ന ആവശ്യം ഏറെ കാലമായി നിലനില്‍ക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവിയായി ലോക് നാഥ് ബെഹറ ചുമതലയേറ്റ ഉടനെ ഈ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഇതിനായി വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപടികള്‍ വേഗത്തിലാക്കുവാനും അഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. വിവരശേഖരണത്തിന് പോലീസ് നേതൃത്വം നല്‍കുകയും അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ തൊഴില്‍ എടുക്കുന്നവര്‍, താമസിക്കുന്നവര്‍ എന്നിവരെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും പരിഗണനയില്‍ ഉണ്ടായിരുന്നു. ഇത്തരം തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന ആവശ്വത്തിന് ഏറെ കാലത്തെ പഴക്കമുണ്ടങ്കിലും നിലവില്‍ 53,000 പേരുടെ വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൈവശം നിലവിലുള്ളു. കേരളത്തിലെ ഇതര സംസ്ഥാനക്കാരുടെ കണക്കുകള്‍ കൃത്യമായി ലഭ്യമല്ലാത്ത അവസ്ഥ കാലങ്ങളായി തുടരുകയാണ്.
ഇത്തരക്കാരുടെ എണ്ണം 40 ലക്ഷത്തില്‍ അധികമാണന്നാണ് അനൗദ്യോഗിക കണക്ക്. ഈ സാഹചര്യത്തില്‍ ഇവരുടെ കൃത്യമായ കണക്ക് തയ്യാറാക്കുകയും ഇതര സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പു മായി സഹകരിച്ച് ഈകണക്ക് ഉറപ്പു വരുത്തുന്നതുള്‍പ്പെടെയുള്ള നടപടികളും ലക്ഷ്യമിട്ട പദ്ധതിയില്‍ ഉണ്ടായിരുന്നു. ഇതര സംസ്ഥാനക്കാരുടെ അവസ്ഥ, ജീവിത സാഹചര്യങ്ങള്‍ ഇവ വിലയിരുത്താനും പദ്ധതി യാഥാര്‍ഥ്യമായാല്‍ സാധ്യമാകുമായിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഇല്ലാത്തതിനെ തുടര്‍ന്ന് തടസ്സപ്പെട്ടുകിടക്കുന്ന വിവരശേഖരണ പദ്ധതി നടപ്പാക്കേണ്ടത് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന സാമുഹിക ആവശ്യംകൂടിയാണ്. ഇത്തരം തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള വിവരശേഖരണ പദ്ധതി എത്രയും വേഗം നടപ്പാക്കാന്‍ ഉന്നത ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Latest