Connect with us

Ongoing News

പശു പാല്‍ മാത്രമല്ല, ലാഭവും തരും

Published

|

Last Updated

മലപ്പുറം: പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് ജില്ലയില്‍ മികച്ച പ്രതികരണം. കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നതായാണ് കണക്കുകള്‍. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പശുവളര്‍ത്തല്‍ തൊഴിലായി സ്വീകരിച്ചവരും ഏറെയാണ്.
കൂടുതല്‍ വരുമാനം ലഭിക്കുന്നുവെന്നതും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എല്ലാ വിധ സഹായങ്ങളും ലഭിക്കുന്നതും ആളുകളെ ഈ രംഗത്തേക്ക് ആകര്‍ഷിപ്പിക്കുന്നു. ഒരു പശുവിനെ മുതല്‍ പത്ത് പശുക്കളെ വരെ വാങ്ങാനുള്ള ധനസഹായം ക്ഷീര വികസന വകുപ്പ് നല്‍കുന്നുണ്ട്. ജില്ലയില്‍ ഇത്തരത്തില്‍ 57 പേര്‍ക്ക് ഓരോ പശുവിനെ വീതം നല്‍കുന്നുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം ഇതിലേറെയാണ്. ഇതേ തുടര്‍ന്ന് 20 പേര്‍ക്കെങ്കിലും സഹായം അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കളെ വീതം വളര്‍ത്തുന്നതിന് 66 പേര്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതിയിലും 20 എണ്ണം കൂടുതല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അഞ്ച് പശുക്കളെ വീതം വളര്‍ത്താന്‍ പത്ത് പേര്‍ക്കാണ് ക്ഷീര വികസന വകുപ്പ് സഹായം നല്‍കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ 10 പേര്‍ക്ക് കൂടി അധികം ആവശ്യപ്പെട്ടിരിക്കുകയാണ്. പത്ത് പശുക്കളെ വാങ്ങുന്നതിന് രണ്ട് പേര്‍ക്കാണ് സഹായം നല്‍കുന്നത്. ഇതും രണ്ട് പേര്‍ക്ക് അധികം നല്‍കാനുള്ള ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അന്‍പത് ശതമാനം സബ്‌സിഡിയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. പശുക്കളെ കേരളത്തിന് പുറത്ത് നിന്നായിരിക്കണം വാങ്ങേണ്ടതെന്ന നിബന്ധനയുണ്ട്.
ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച പരിശീലനവും നല്‍കും. ജില്ലയിലുള്ളവര്‍ക്ക് കോഴിക്കോടും പാലക്കാട് ആലത്തൂരുമുള്ള കേന്ദ്രങ്ങളിലേതെങ്കിലും ഒന്നില്‍ പോയാല്‍ പരിശീലനത്തിനുള്ള സൗകര്യവും നല്‍കും. കര്‍ഷകര്‍ക്ക് എന്ത് ആവശ്യത്തിനും സഹായം നല്‍കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഇതിനാല്‍ പശുവളര്‍ത്തിലുമായി ബന്ധപ്പെട്ട് മറ്റ് നിരവധി സഹായങ്ങളും നല്‍കുന്നുണ്ട്. ഫാം നിര്‍മാണം, പശുക്കള്‍ക്ക് കിടക്കാനുള്ള റബര്‍മാറ്റ്, എക്‌സോസ്റ്റ് സ്ഥാപിക്കല്‍, കറവ യന്ത്രം, വാഹനം, പുല്ലരിയാനുള്ള മെഷീന്‍ തുടങ്ങിയവക്കും തീറ്റപുല്‍ കൃഷിക്ക് ഹെക്ടറിന് അനുസരിച്ചുള്ള സഹായവും ലഭ്യമാണ്. ഇവയെ കൂടാതെ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളും ക്ഷീരോല്‍പാദനം വര്‍ധിപ്പിക്കാനായി നിലവിലുണ്ട്. ജില്ലയില്‍ ആറായിരം ലിറ്ററോളം പാല്‍ 235 സംഘങ്ങള്‍ വഴി ഇപ്പോള്‍ ശേഖരിക്കുന്നുണ്ട്. 15 ക്ഷീര വികസന യൂനിറ്റുകളാണ് ജില്ലയിലുള്ളത്. നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ സംഘങ്ങളുള്ളത്. 53 എണ്ണം. കഴിഞ്ഞ വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ പാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടായിട്ടുള്ളതായി ജില്ലാ ക്ഷീര വികസന ഓഫീസര്‍ പറഞ്ഞു.

വിജയ സാക്ഷ്യവുമായി നൗഷാദ്
പത്ത് വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് പശു വളര്‍ത്തലില്‍ വിജയം നേടുകയാണ് വേങ്ങര ഇരിങ്ങല്ലൂരിലെ മേലേതൊടി നൗഷാദ്. കോട്ടക്കല്‍ പുതുപറമ്പിലാണ് 22 പശുക്കളുള്ള ഇദ്ദേഹത്തിന്റെ ഫാമുള്ളത്. തുടക്കത്തില്‍ ഒരു പക്ഷെ, വലിയ നഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും പിന്നീട് ഇത് മറികടക്കാനാകുമെന്നാണ് നൗഷാദിന്റെ അനുഭവ സാക്ഷ്യം. നാല് ഏക്കര്‍ സ്ഥലത്തുള്ള പശു ഫാമിനെ കൂടാതെ മുട്ടക്കോഴി, പച്ചക്കറി കൃഷി എന്നിവയുമുണ്ട്. 150 ലിറ്ററോളം പാല്‍ ദിവസം കറവയുണ്ട്. തന്റെ ഫാമില്‍ പുതിയ ജനുസ്സില്‍പ്പെട്ട 25 പശുക്കളെ എത്തിക്കാനുള്ള തെയ്യാറെടുപ്പിലാണ് ഇപ്പോള്‍ നൗഷാദ്. നേരത്തെ ഇരിങ്ങല്ലൂരില്‍ തന്നെയായിരുന്നു ഫാമെങ്കിലും പിന്നീട് പുതുപ്പറമ്പിലേക്ക് മാറ്റുകയായിരുന്നു.
സഹായം ഇങ്ങനെ

ഒരു പശു – 32,000
രണ്ട് പശു- 64,000
അഞ്ച് പശു- 1,75,000
പത്ത് പശു- 3.5 ലക്ഷം
അഞ്ച് കിടാരി- 90,500
10 കിടാരി-1,81,200
ആരെ സമീപിക്കണം?
പശുക്കളെ വാങ്ങാനും ഫാം തുടങ്ങാനുമെല്ലാം ആഗ്രഹിക്കുന്നവര്‍ അടുത്തുള്ള ക്ഷീര വികസന യൂനിറ്റുകളെയാണ് സമീപിക്കേണ്ടത്. ജില്ലാക്ഷീര വികസന ഓഫീസുമായി ബന്ധപ്പെട്ടാലും കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഫോണ്‍: 0483 2734944.

Latest