Connect with us

Palakkad

മലമ്പുഴ ഉദ്യാനത്തില്‍ വിനോദ സഞ്ചാരികളുടെ തിരക്ക്: വരുമാനത്തില്‍ വന്‍ വര്‍ധന

Published

|

Last Updated

മലമ്പുഴ: ബക്രീദ്-ഓണത്തോടനുബന്ധിച്ച് മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ അണപൊട്ടിയൊഴുകിയപ്പോള്‍ വരുമാനത്തിലും റെക്കോര്‍ഡ്. ബക്രീദ്, ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലായി 20.60 ലക്ഷം രൂപയാണ് ഉദ്യാനത്തില്‍നിന്നുള്ള വരുമാനം. ഉത്രാട ദിനത്തില്‍ 8.6ലക്ഷം രൂപ ലഭിച്ചു. കഴിഞ്ഞ ഉത്രാടദിനത്തില്‍ നേടിയത് 8.2ലക്ഷം രൂപയായിരുന്നു വ്യാഴാഴ്ച മറി കടന്നത്.
42,000 സന്ദര്‍ശകര്‍ വ്യാഴാഴ്ച മാത്രം ഉദ്യാനത്തിലെത്തി. തിരുവോണ ദിനത്തില്‍ 30,500 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. 6.80 ലക്ഷം രൂപയായിരുന്നു വരുമാനം. ഉത്രാടം ദിനത്തില്‍ 26,430 പേര്‍ ഉദ്യാനത്തിലെത്തി. 5.80 ലക്ഷം രൂപയായിരുന്നു അന്നത്തെ വരുമാനം. ജലപ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് പോകാനാകാത്തതു വിനോദ സഞ്ചാരികളെ മലമ്പുഴയിലെത്തിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ കലാപരിപാടികളും ബീമര്‍ ലൈറ്റ് ഷോയും ഒരുക്കിയിരുന്നു. ബീമര്‍ ലൈറ്റ് ഷോ ആസ്വദിക്കാന്‍വേണ്ടി മാത്രം അവിട്ടം ദിനത്തില്‍ രാത്രിയോടെ പതിനായിരത്തോളം സന്ദര്‍ശകരാണെത്തിയത്. വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി വന്‍ ഗതാഗതക്കുരുക്കാണ് മലമ്പുഴയിലുണ്ടായത്.
സന്ദര്‍ശകരുടെ വാഹനത്തിന്റെ നിര ഉദ്യാനത്തിനു നാലു കിലോമീറ്റര്‍ അകലെ മന്തക്കാട് വരെ നീണ്ടു. മലമ്പുഴ, ഹേമാംബിക നഗര്‍, മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പ് എന്നിവിടങ്ങളില്‍നിന്നായി അമ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായെത്തിയിരുന്നു.ഫീഷറീസ് വകുപ്പിന് കീഴിലുള്ള മലമ്പുഴയിലെ മറൈന്‍ അക്വേറിയം, ഡി ടി പി സിയുടെ കീഴിലുള്ള റോക്ക് ഗാര്‍ഡന്‍, വനംവകുപ്പിന് കീഴിലുള്ള പാമ്പുവളര്‍ത്തല്‍ കേന്ദ്രം, റോപ്പ് വേ, ഫാന്റസി പാര്‍ക്ക് എന്നിവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഇവിടങ്ങളിലും റെക്കോര്‍ഡ് വരുമാനമാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഓണത്തിന് ഉദ്യാനത്തില്‍ പ്രത്യേക ഭീമര്‍ലൈറ്റുകള്‍ തിങ്കളാഴ്ച മുതല്‍ വെളിച്ചം വിതറിത്തുടങ്ങിയിരുന്നു. പ്രകാശ രശ്മികള്‍ കൊണ്ട് അന്തരീക്ഷത്തില്‍ ചിത്രം വരയ്ക്കുന്ന പ്രത്യേക ലൈറ്റുകളാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചത്.

Latest