Connect with us

Kannur

കുടുംബ പ്രശ്‌നം റോഡില്‍ തീര്‍ത്തപ്പോള്‍ പൊലിഞ്ഞത് അഞ്ച് ജീവന്‍

Published

|

Last Updated

പയ്യന്നൂര്‍: ഭാര്യയോടുള്ള ദേഷ്യവും കുടുംബ പ്രശ്‌നവും മുഴുവന്‍ ഡ്രൈവിംഗിലും റോഡിലും തീര്‍ത്തപ്പോള്‍ കുന്നരുവില്‍ പൊലിഞ്ഞത് മൂന്ന് കുടുംബങ്ങളിലെ അഞ്ച് ജീവനുകള്‍. ടിപ്പര്‍ ലോറി ഡ്രൈവര്‍ രാമന്തളി ഓണപറമ്പിലെ സന്തോഷ് എന്ന ശേഖരന്‍ മദ്യലഹരിയില്‍ ഭാര്യയോട് കലഹിച്ച് അരിശം മുഴുവന്‍ റോഡില്‍ കാണിച്ചപ്പോള്‍ പൊലിഞ്ഞു പോയത് മറ്റ് മൂന്ന് കുടുംബത്തിന്റെ സന്തോഷങ്ങളായിരുന്നു. സന്തോഷ് മദ്യലഹരിയില്‍ കാരന്താടിനടുത്ത ഭാര്യവീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്ക് കഴിഞ്ഞാണ് ഇയാള്‍ മദ്യലഹരിയില്‍ ടിപ്പര്‍ ഓടിച്ച് പോയത്. അമിത വേഗതയില്‍ വന്ന ലോറി കാരന്താടിനടുത്ത് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡരികില്‍ മത്സ്യം വില്‍ക്കുന്ന ഗുഡ്‌സ് ഓട്ടോയിലും ഇടിച്ച ശേഷം സമീപത്തെ മതിലിനിടിച്ചാണ് ലോറി നിന്നത്. അപകടം നടന്നയുടന്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.
ഒരു നിമിഷത്തിനകം സംഭവിച്ച ദാരുണമായ ദുരന്തത്തില്‍ പ്രദേശം മുഴുവനായും വിറങ്ങലിച്ചു പോയി. വൈകുന്നേരത്തെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാനായി പോകുകയായിരുന്നു ഗണേശനും കുടുംബവും ഒപ്പം സുഹൃത്ത് ശ്രീജിത്തിന്റെയും കുടുംബവും. കളിച്ചും ചിരിച്ചുമുള്ള യാത്ര വലിയ ദുരന്തത്തിലേക്കുള്ളതായിരിക്കുമെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. ഒരു കുടുംബത്തിന്റെ പ്രശ്‌നം മറ്റ് മൂന്ന് കുടുംബത്തെ തകര്‍ത്തെറിഞ്ഞു. ഓണത്തിന്റെ തിരക്ക് കഴിഞ്ഞ് എട്ടിക്കുളം ബീച്ചില്‍ പോയി വരാനായിരുന്നു ഇവരുടെ യാത്ര.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്നു പോയ ഓട്ടോയില്‍ നിന്ന് കൂട്ട നിലവിളി ഉയര്‍ന്നപ്പോള്‍ ഓടിയെത്തിയവരും കാഴ്ച കണ്ട് അന്താളിച്ച് പോയി. ഗണേശനും ലളിത ആരാധ്യയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. ഓട്ടോയിലിടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി ഇടിച്ച ഗുഡ്‌സ് ഓട്ടോ ശരീരത്തില്‍ വീണാണ് ദേവകിക്ക് ഗുരുതരമായി പരുക്കേറ്റത്. മത്സ്യം വാങ്ങാനുള്ള യാത്ര തന്റെ അവസാന യാത്രയാകുമെന്ന് ദേവകിയും കരുതിയിട്ടുണ്ടാകില്ല. കണ്ണടച്ചു തുറക്കും മുന്നെ ടിപ്പര്‍ ലോറിയുടെ ഇടിയുടെ ആഘാതത്തില്‍ നിന്നും മത്സ്യ വില്‍പന കാരനായ അനില്‍ കുമാര്‍ ഇനിയും മുക്തി നേടിയിട്ടില്ല. അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് പരുക്കേറ്റ് ചിതറി കിടക്കുന്ന ആളുകളെയാണ് കാണാന്‍ കഴിഞ്ഞത്.
കിട്ടിയ വാഹനങ്ങളില്‍ നാട്ടുകാര്‍ എല്ലാവരെയുമെടുത്ത് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ദേവകിയും മരണപ്പെട്ടു. പിന്നീടാണ് ഒരു കുടുംബത്തിന്റെ ദുഃഖം പൂര്‍ണതയിലെത്തിച്ചു കൊണ്ട് ഗണേഷ്- ലളിത ദമ്പതിമാരുടെ മകള്‍ ജിഷ്ണയും മരണത്തിന് കീഴടങ്ങിയത്.
സംഭവമറിഞ്ഞ് നാട്ടുകാര്‍ കുന്നരുവിലേക്ക് ഒഴുകി എത്തി. പയ്യന്നൂര്‍ എസ് ഐ. എ വി ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് അപകടം നടന്ന സ്ഥലത്തെ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ രാമന്തളി ഗവ. മാപ്പിള യു പി സ്‌കൂള്‍ പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കും. മരണപെട്ടവരോടുള്ള ആദര സൂചകമായി രാമന്തളി, വടക്കുമ്പാട് പ്രദേശങ്ങളില്‍ ഉച്ചവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.

Latest