Connect with us

Kozhikode

നടപടി നിലച്ചു; കാഴ്ച മറയ്ക്കുന്ന പരസ്യ ബോര്‍ഡുകള്‍ പൂര്‍ണമായി നീക്കിയില്ല

Published

|

Last Updated

കോഴിക്കോട്: നടപടികള്‍ നിലച്ചതോടെ നഗരത്തിലെ പരസ്യബോര്‍ഡുകളില്‍ മിക്കവയും ഇനിയും മാറ്റിയില്ല. ഹൈവേകളിലും ജംഗ്ഷനുകളിലും കാഴ്ചമറയ്ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഡിജിറ്റല്‍ സ്‌ക്രീനുകള്‍പ്പെടെയുള്ള പരസ്യബോര്‍ഡുകള്‍ക്കെതിരെയാണ് നടപടി ആരംഭിച്ചിരുന്നത്.
വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതിനാലാണ് സിറ്റി ട്രാഫിക്കിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഇവ നീക്കം ചെയ്യാന്‍ നടപടിയെടുത്തത്. ബോര്‍ഡുകള്‍ സ്ഥാപിച്ച കമ്പനികള്‍ക്കെതിരെ സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ബാബു കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടികള്‍ നിലച്ചതോടെ ഇനിയും മാറ്റാതെ നിരവധി പരസ്യ ബോര്‍ഡുകളാണ് നഗരത്തിന്റെ പ്രധാന നിരത്തുകളില്‍ കിടക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പരിശോധനകളും നടപടികളും തുടരുമെന്ന് പറഞ്ഞെങ്കിലും പിന്നീടൊന്നും നടന്നില്ല. ഇതുമായി ബന്ധപ്പെട്ട് സിറ്റി ട്രാഫിക് പോലീസ് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ജംഗ്ഷനുകളിലും ഹൈവേകളിലും കാഴ്ച മറയ്ക്കുന്നതും ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതുമായ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുണ്ട്. ഉത്തരവ് നിലനില്‍ക്കുമ്പോഴും നിരവധി പരസ്യങ്ങളും ഹോള്‍ഡിംഗ്‌സുകളുമാണ് നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
ട്രാഫിക് ബോധവത്കരണം എന്ന ലക്ഷ്യത്തോടെയാണ് തൊണ്ടയാട് ജംഗ്ഷനിലെ ഡിജിറ്റല്‍ സ്‌ക്രീന്‍ സ്ഥാപിച്ചതെങ്കിലും ഇപ്പോള്‍ മുഴുവന്‍ സമയവും പരസ്യങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മാവൂര്‍ റോഡ് ജംഗ്ഷനിലും പാളയം ജംഗ്ഷനിലും കൂടാതെ നഗരത്തിലെ മിക്ക വലിയ കെട്ടിടങ്ങളിലും നിരവധി ഡിജിറ്റല്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാതയോരങ്ങളില്‍ സ്ഥാപിച്ച പരസ്യങ്ങളും കമാനങ്ങളും എടുത്തുമാറ്റാന്‍ കോടതി നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കാലാകാലങ്ങളായി നിയമം പ്രാബല്യത്തിലുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല. റോഡുകളും പൊതുസ്ഥലങ്ങളും കൈയേറി സ്ഥാപിക്കുന്ന പരസ്യങ്ങള്‍ ജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയാണ്. വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കും ഇവ തടസം സൃഷ്ടിക്കുന്നുണ്ട്. വാഹനാപകടങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ക്ക് ഗണ്യമായ പങ്കുണ്ടെന്ന് കണ്ടാണ് ട്രാഫിക് പോലീസ് നടപടി ആരംഭിച്ചത്.
ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും കണ്ണുകള്‍ അത്യാകര്‍ഷകമായ പരസ്യങ്ങളില്‍ ഉടക്കി അപകടങ്ങളുണ്ടാകാറുണ്ട്. കാറ്റിലും മഴയിലും പരസ്യ ബോര്‍ഡുകള്‍ നിലം പതിച്ചുള്ള ദുരന്തങ്ങളും കുറവല്ല. പരസ്യങ്ങള്‍ സ്ഥാപിച്ച പോസ്റ്റുകളില്‍ കയറാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നു.