Connect with us

National

നാവികസേനക്ക് കരുത്തേകാന്‍ 'മോര്‍മുഗാവോ' നീറ്റിലിറങ്ങി

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിച്ച് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ “മോര്‍മുഗാവോ” നീറ്റിലിറക്കി. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധക്കപ്പലുകളിലൊന്നാണ് മോര്‍മുഗാവോ എന്ന് നാവിക സേനാമേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ പറഞ്ഞു. ലാന്‍ബയുടെ ഭാര്യ റീനയാണ് കപ്പല്‍ നീറ്റിലിറക്കിയത്.

7300 ടണ്‍ ഭാരമുള്ള കപ്പലിന് 30 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഭൂതലഭൂതല മിസൈലുകളും ഭൂതലവായു മിസൈലുകളും അന്തര്‍വാഹിനികളെ പ്രതിരോധിക്കാവുന്ന റോക്കറ്റ് ലോഞ്ചറുകളും കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ഹെലികോപ്റ്ററുകള്‍ വഹിക്കാനുള്ള ശേഷി മോര്‍മുഗാവോക്കുണ്ട്.

പരിശോധനകളും പരീക്ഷണങ്ങളും പൂര്‍ത്തിയാകുന്നതോടെ “ഐ.എന്‍.എസ് മോര്‍മുഗാവോ” എന്ന് പേരില്‍ കപ്പല്‍ നാവികസേനയുടെ ഭാഗമാകും. 15ബി പദ്ധതിയുടെ (പ്രൊജക്ട് 15ബി) ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന കപ്പലുകളിലൊന്നാണ് മോര്‍മുഗാവോ. ഐ.എന്‍.എസ് വിശാഖപട്ടണം, ഐ.എന്‍.എസ് കൊല്‍ക്കത്ത, ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് ചെന്നൈ എന്നിവയാണ് ക്ലാസ് ഡിസ്‌ട്രോയര്‍ ശ്രേണിയിലെ മറ്റ് യുദ്ധക്കപ്പലുകള്‍.

2011 ജനുവരിയിലാണ് മോര്‍മുഗാവോ നിര്‍മിക്കുന്നതിനുള്ള കരാറില്‍ മുംബൈ മാസഗോണ്‍ ഡോക് ഷിപ്പ് ബിള്‍ഡേഴ്‌സ് ലിമിറ്റഡുമായി (എം.ഡി.എല്‍) നാവികസേന കരാറിലേര്‍പ്പെട്ടത്. 20202024 കാലയളവില്‍ നാല് കപ്പലുകള്‍ കൂടി എം.ഡി.എല്‍ നിര്‍മിച്ച് നല്‍കും. 2015 ആഗസ്റ്റ് 20നാണ് ഐ.എന്‍.എസ് വിശാഖപട്ടണം നീറ്റിലിറക്കിയത്. 1960 മുതല്‍ നാവികേസേനയും എം.ഡി.എല്ലും തമ്മില്‍ യുദ്ധക്കപ്പല്‍ നിര്‍മാണത്തില്‍ സഹകരണം തുടങ്ങിയത്.