Connect with us

Gulf

'സ്മാര്‍ട് സേവനങ്ങള്‍ ഉപയോഗിക്കൂ, കാര്‍ബണ്‍ പ്രസരണം തടയാം'

Published

|

Last Updated

ദുബൈ: ഈ വര്‍ഷത്തിന്റെ അവസാനം വരെ ദുബൈയിലെ താമസക്കാര്‍ ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ)യുടെ ബില്ലുകള്‍ സ്മാര്‍ട് സര്‍വീസ് വഴി അടക്കുന്നതിലൂടെ 8,000 ടണിലധികം കാര്‍ബണ്‍ പ്രസരണം തടയാനാവുമെന്ന് അധികൃതര്‍.
ബില്‍ പേയ്‌മെന്റ് അടക്കം 25 ലക്ഷത്തിനടുത്ത് സ്മാര്‍ട് സേവനങ്ങള്‍ നടന്നു. 2,492,890 സ്മാര്‍ട് ഇടപാടുകളാണ് ഇതുവരെ നടന്നത്. 68 ശതമാനം സ്മാര്‍ട് സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയതിലൂടെ 8521 ടണ്‍ കാര്‍ബണ്‍ പ്രസരണം തടയാനായി. 42,607 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണിത്.
2018ഓടെ വിവിധ ആവശ്യങ്ങള്‍ക്കായി ഗവണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫീസുകളില്‍ വരുന്ന ആളുകളുടെ എണ്ണം 80 ശതമാനമായി കുറക്കുകയെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് നടപ്പിലാക്കാനാണ് സ്മാര്‍ട് സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ദിവ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ദിവ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ആഗോളതലത്തില്‍ സന്തോഷകരവും സ്മാര്‍ടുമായ നഗരമായി ദുബൈയെ മാറ്റാന്‍ ശൈഖ് മുഹമ്മദ് തുടക്കം കുറിച്ച “സ്മാര്‍ട് ദുബൈ” ഇനീഷ്യേറ്റീവിന്റെ ഭാഗമായാണിത്.
ദിവയുടെ സ്മാര്‍ട് ആപുകളിലൂടെ വിവിധ സേവനങ്ങള്‍ വേഗത്തിലും ലളിതവുമായി നടപ്പാക്കാനാകുമെന്ന് സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദിവ സ്മാര്‍ട് ആപിന്റെ ഇന്‍സ്റ്റലേഷനും അപ്‌ഡേഷനും 781,574 തവണ നടന്നു. ഈ വര്‍ഷം ഇതുവരെ 335,934 തവണ ഇന്‍സ്റ്റലേഷന്‍ നടന്നിട്ടുണ്ട്.

Latest