Connect with us

Editorial

റെയില്‍വേയുടെ കൊടും ചതി

Published

|

Last Updated

ഇന്ത്യന്‍ റെയില്‍വേ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, ഏറ്റവും കൂടുതല്‍ പേര്‍ നേരിട്ട് ഗുണഭോക്താക്കളായ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനം മാത്രമല്ല, അത് ദേശീയോദ്ഗ്രഥനത്തിന്റെ മഹാമാതൃകയാണ്. ഇന്ത്യന്‍ ബഹുസ്വരതയെ കൂട്ടിയിണക്കുന്ന കണ്ണിയാണ് അത്. പല ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഭൂമിശാസ്ത്ര സവിശേഷതകള്‍ക്കും കാലവസ്ഥകള്‍ക്കും നടുവിലൂടെ അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. റെയില്‍വേ നമ്മുടെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തോട് ഏറ്റവും നന്നായി ഇഴുകിച്ചേരുന്ന സേവന മേഖല കൂടിയാണ്. സമൂഹത്തിലെ ഏറ്റവും നിസ്വനായ ആള്‍ക്ക് പോലും ആശ്രയിക്കാവുന്ന ഗതാഗത സംവിധാനമാകുക എന്നതാണ് റെയില്‍വേയുടെ ദൗത്യം. എന്നാല്‍ നവ, ഉദാരവത്കരണ സാമ്പത്തിക നയം രാഷ്ട്രത്തിന്റെ ക്ഷേമാധിഷ്ഠിത പരികല്‍പ്പനയെ തന്നെ തകര്‍ത്തെറിയുമ്പോള്‍ റെയില്‍വേയടക്കമുള്ള സംവിധാനങ്ങളുടെ ഭാവി ലാഭ നഷ്ടക്കണക്കുകളില്‍ നിര്‍ണയിക്കപ്പെടുകയാണ്. റെയില്‍വേയെ ലാഭത്തിന്റെ കേന്ദ്രമായി മാറ്റാനും സാമൂഹിക സുരക്ഷാ ദൗത്യത്തില്‍ നിന്ന് അതിനെ പിന്‍വലിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ബഹുമുഖ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. തിരക്കനുസരിച്ച് നിരക്ക് കൂട്ടുന്ന ഫ്‌ളെക്‌സി നിരക്ക് സമ്പ്രദായവും വന്‍ നഷ്ടം സഹിച്ചാണ് റെയില്‍വേ പ്രവര്‍ത്തിക്കുന്നതെന്ന പ്രചാരണവും നഷ്ടത്തിന്റെ കാരണം സബ്‌സിഡി നല്‍കുന്നതാണെന്ന വാദവും റെയില്‍വേ ബജറ്റ് പ്രത്യേകം വേണ്ട, പൊതു ബജറ്റിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന തീരുമാനവുമെല്ലാം ഈ ബഹുമുഖ തന്ത്രത്തിന്റെ ഭാഗമാണ്.
ഫ്‌ളെക്‌സി നിരക്കെന്ന ഓമനപ്പേരില്‍ ഇപ്പോള്‍ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളുടെ തൊണ്ണൂറ് ശതമാനം സീറ്റുകളിലെയും നിരക്ക് കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കാന്‍ കടുത്ത പ്രതിഷേധത്തിനിടയിലും റെയില്‍വേ തയ്യാറായിട്ടില്ല. തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്ക് കൂട്ടുകയെന്ന തത്വം പ്രാവര്‍ത്തികമാക്കുന്ന ഈ സംവിധാനം കൂടുതല്‍ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കാന്‍ തന്നെയാണ് റെയില്‍വേ അധികൃതരുടെ തീരുമാനം. ഇത് സാധാരണക്കാരായ യാത്രക്കാരെ കൊള്ളയടിക്കുന്നതും റെയില്‍വേയുടെ തനതായ സ്വഭാവത്തെ തന്നെ അട്ടിമറിക്കുന്നതുമായ നീക്കമാണ്. വിമാന കമ്പനികള്‍ ഈ സംവിധാനം നടപ്പാക്കുക വഴി മലയാളി പ്രവാസികള്‍ അടക്കമുള്ള വിമാന യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം വിവരാണാതീതമാണ്. ഉത്സവ സീസണുകളിലും അവധി ദിനങ്ങളിലും ഈ ആകാശക്കൊള്ള തുടരുകയാണ്. അതേ നിലയിലേക്കാണ് റെയില്‍വേയെയും കൊണ്ടു പോകുന്നത്.
ബുക്കിംഗ് കൊള്ള ഇതിന് പുറമേയാണ്. നേരത്തേ ബുക്ക് ചെയ്യുന്ന ആദ്യത്തെ പത്ത് ശതമാനം സീറ്റുകളില്‍ സാധാരണ നിരക്ക്; അടുത്ത പത്ത് ശതമാനത്തില്‍ പത്ത് ശതമാനം നിരക്ക് വര്‍ധന; അങ്ങനെ അമ്പത് ശതമാനം വരെ വര്‍ധന. ഇതാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം ആദ്യത്തെ പത്ത് ശതമാനത്തില്‍ ഉള്‍പ്പെടാനായി യാത്രക്കാര്‍ നേരത്തേ തന്നെ ബുക്ക് ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അവസാന നിമിഷം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട ഗതിയാകും പലര്‍ക്കും ഉണ്ടാകുക. അങ്ങനെ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വമ്പന്‍ തുകയാണ് റെയില്‍വേക്ക് ഒരു ചെലവുമില്ലാതെ കിട്ടാന്‍ പോകുന്നത്. ഫ്‌ളെക്‌സി നിരക്ക് സമ്പ്രദായം വരാന്‍ പോകുന്നതിന്റെ മുന്നോടിയായി ക്യാന്‍സലേഷന്‍ പിഴ ഇപ്പോള്‍ തന്നെ കൂട്ടി വെച്ചിട്ടുണ്ട്. ഉദാഹരണത്തിന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് 325 രൂപയാണ് റിസര്‍വേഷന്‍ ചാര്‍ജ്. ഇത് റദ്ദാക്കിയാല്‍ 200 രൂപയേ തിരിച്ചു കിട്ടൂ. മുമ്പ് നഷ്ടമാകുന്ന തുക 20 രൂപമാത്രമായിരുന്നു. ഈ കൊടുംചതിക്ക് മറ്റൊരു വശം കൂടിയുണ്ട്. ഇങ്ങനെ ക്യാന്‍സല്‍ ചെയ്യുന്ന സീറ്റുകള്‍ തത്കാലിലേക്കാണ് പോകുക. അതും റെയില്‍വേക്ക് പണച്ചാകരയാണ്.
ഫ്‌ളെക്‌സി നിരക്കുകളെ പൊടുന്നനെ ഉണ്ടായ പരിഷ്‌കാരമായോ റെയില്‍വേയുടെ നഷ്ടം നികത്താനുള്ള ഉപാധിയായോ കാണാനാകില്ല. പ്രീമിയം നിരക്കുകള്‍ എന്ന പേരില്‍ ഇപ്പോള്‍ തന്നെ കൊള്ള നടക്കുന്നുണ്ട്. സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയെന്ന നയത്തിന്റെ ഭാഗമാണ് ഇത്. എല്‍ പി ജി സബ്‌സിഡിയുടെ കാര്യത്തില്‍ അത് കണ്ടു. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളഞ്ഞതിലും പൊതു മേഖലാ സ്ഥാപനങ്ങളോടുള്ള സമീനത്തിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സര്‍വ മേഖലകളില്‍ നിന്നും സര്‍ക്കാറിന്റെ പടിപടിയായ പിന്‍മാറ്റത്തിലുമെല്ലാം ഈ മുതലാളിത്ത നയമാണ് ദൃശ്യമാകുന്നത്. അപകടകരമായ സ്വകാര്യവത്കരണമാണ് നടക്കുന്നത്. ഇത്തരം നയങ്ങള്‍ നടപ്പാക്കുമ്പോള്‍ പാര്‍ലിമെന്റിന്റെ അനുമതി തേടുന്നു പോലുമില്ല. എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നയം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അത്‌കൊണ്ട് സാധാരണ മനുഷ്യരുടെ ആശ്രയമായ റെയില്‍വേയെയും ലാഭാധിഷ്ഠിത കുത്തക സ്ഥാപനമാക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്ന് വരേണ്ടിയിരിക്കുന്നു. നിരക്ക് വര്‍ധിപ്പിക്കാത്തതല്ല റെയല്‍വേയുടെ പ്രശ്‌നം. മറിച്ച് കെടുകാര്യസ്ഥതയും അനാസ്ഥയുമാണെന്ന് തിരിച്ചറിയാല്‍ സര്‍ക്കാര്‍ തയ്യാറാകണം. റെയില്‍വേയുടെ സേവന മുഖം നിലനിര്‍ത്തിയുള്ള പരിഷ്‌കാരങ്ങളാണ് ഇന്ത്യന്‍ റെയില്‍വേക്ക് വേണ്ടത്.

Latest