Connect with us

International

ചിബോക്ക് പെണ്‍കുട്ടികളുടെ മോചനം; നൈജീരിയ ബോക്കോ ഹറാം തീവ്രവാദികളെ വിട്ടയക്കുന്നു

Published

|

Last Updated

അബൂജ: ചിബോക്ക് സ്‌കൂള്‍ പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിനായി ബോക്കോ ഹറാം തീവ്രവാദികളെ വിട്ടയക്കുന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത് ആഗോളതലത്തില്‍ ചര്‍ച്ചയായതോടെ ഭീകരവാദികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും ഉപാധികള്‍ പരാജയപ്പെട്ടതോടെ തീരുമാനം നടപ്പായിരുന്നില്ല.
പെണ്‍കുട്ടികളെ മോചനത്തിനായി തടവിലുള്ള ഭീകരവാദികളെ ബോക്കോ ഹറാമിന്റെ അധീനതയിലുള്ള നഗരമായ മെയ്ദുഗുരിയില്‍ വിട്ടയക്കണമെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ മാസം പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി ധാരണയായിരുന്നു.
തടവുകാരെ തുറന്നുവിടുന്ന സ്ഥലത്തിന്റെയും മറ്റും കാര്യങ്ങളില്‍ ധാരണയായതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി ലായി മുഹമ്മദ് പറഞ്ഞു. തീവ്രവാദ സംഘത്തിന്റെ ആവശ്യങ്ങള്‍ വളരെ വലുതായിരുന്നു. രണ്ടാഴ്ച നീണ്ട ചര്‍ച്ചക്കൊടുവിലാണ് തടവുപുള്ളികളെ കൈമാറാന്‍ ധാരണയായത്. ചിബോക്ക് പെണ്‍കുട്ടികളെ രക്ഷിക്കാനുള്ള നീക്കത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അതുവരെ സൈന്യം സംയമനം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോക്കോ ഹറാം ഭീകരവാദികള്‍ നിരവധി പേരെ ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടു പോകുകയും ഇവരുടെ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. ബോക്കോ ഹറാമിന്റെ മേധാവിയായി ഈയിടെ അബു മൂസബ് അല്‍ ബര്‍നവിയെ തിരഞ്ഞെടുത്തിരുന്നു. മുന്‍ മേധാവിയായിരുന്ന അബൂബക്കര്‍ ശൈഖിന്റെ കാലത്ത് നിരവധി പേരെ കൊന്നൊടുക്കിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
ചിബോക്ക് പെണ്‍കുട്ടികള്‍ തങ്ങളുടെ ക്യാമ്പില്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സംഘടന പുറത്തുവിട്ടത് അബൂബക്കര്‍ ശൈഖ് സ്ഥിരീകരിച്ചിരുന്നു. ഭീകര സംഘടനയിലെ നിലവിലെ നേതൃത്വം പെണ്‍കുട്ടികളുടെ മോചനത്തിനായി വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഗുഡ്‌ലക്ക് ജൊനാഥന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ മോചനത്തിനായി വലിയ ഡിമാന്‍ഡുകളായിരുന്നു ഭീകരര്‍ക്ക് മുന്നില്‍ വെച്ചിരുന്നത്. ബന്ദിയാക്കപ്പട്ടവരുടെ മോചനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചിബോക്കിലെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 276 പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിന് ജൊനാഥന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ എടുത്തിരുന്നില്ല. ഇത് പുതിയ പ്രസിഡന്റ് ബുഹാരിക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നു. പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി ബോക്കോ ഹറാം കേന്ദ്രങ്ങളില്‍ നേരത്തെ നൈജീരിയന്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.