Connect with us

International

സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തുന്നതിന്റെ ഭാഗമായി അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. വ്യോമാക്രമണങ്ങളും ബോംബാക്രമണങ്ങളും ചിലയിടങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇവിടങ്ങളില്‍ വിലക്കിയെന്നും അലപ്പോയിലെ മുതിര്‍ന്ന വിമത നേതാവ് പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്ന റഷ്യയും ചില വിമത ഗ്രൂപ്പുകളെ പിന്തുണക്കുന്ന അമേരിക്കയും തമ്മിലാണ് വെടിനിര്‍ത്തലിന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ധാരണയിലെത്തിയത്.
ഇതിന് ശേഷം അക്രമ സംഭവങ്ങളില്‍ പൊതുവെ കുറവു വന്നിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിന് വെള്ളിയാഴ്ച അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഗത്യന്തരമില്ലാതെയാണ് വെടിനിര്‍ത്തല്‍ കരാറിന് അക്രമകാരികള്‍ തയ്യാറായത്. ഇവരുടെ മേല്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കാനാണ് കരാര്‍ കൊണ്ടുവന്നതെന്നാണ് ഇവര്‍ കരുതുന്നത്.
അക്രമം വിതച്ച പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും ഇവര്‍ വിശ്വസിക്കുന്നു. വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ സമയത്തേക്ക് നീട്ടാന്‍ കഴിയില്ലെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടതായി വിമത നേതാവ് പറഞ്ഞു. അതേസമയം, വിമതര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് റഷ്യ കുറ്റപ്പെടുത്തി. അമേരിക്ക ഉടമ്പടിയെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാകണമെന്നും റഷ്യ കുറ്റപ്പെടുത്തി. അലപ്പോയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനെ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്.
വിമത പ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍മാറിയതായി റഷ്യ വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ വിമതര്‍ ആക്രമണം തുടര്‍ന്നതോടെ ഇവിടങ്ങളില്‍ സൈന്യത്തെ പുനര്‍ വിന്യസിച്ചുവെന്ന് റഷ്യ പറഞ്ഞു.

Latest