Connect with us

Sports

പ്രിയേഷ ദേശ്മുഖിന്റെ റൈഫിള്‍ ഇന്ത്യയുടെ ആരവമായി

Published

|

Last Updated

പ്രിയേഷ ദേശ്മുഖ് മെഡല്‍ സ്വീകരിക്കുന്നു

പൂനെ: റഷ്യയിലെ കസാനില്‍ നടക്കുന്ന പ്രഥമ ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രിയേഷ ദേശ്മുഖിന് വെങ്കലം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇരുപത്തിമൂന്നുകാരി രാജ്യത്തിന്റെ അഭിമാനമായത്. പ്രിയേഷ ആദ്യമായിട്ടാണ് വിദേശത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. നേരത്തെ നാട്ടില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ പങ്കെടുത്തതിന്റെ പരിചയം മാത്രം മുതല്‍ക്കൂട്ടാക്കിയാണ് കസാനില്‍ ഫൈനല്‍ റൗണ്ടില്‍ പ്രിയേഷ പൊരുതിയത്. 180.4 പോയിന്റാണ് ഫൈനലില്‍ പൂനെ ഗേള്‍ സ്വന്തമാക്കിയത്. ഉക്രൈന്‍ താരം സ്വിറ്റ്‌ലാന യാസെങ്കോ (201.6 ), സെര്‍ബിയയുടെ ഗൊര്‍ഡോന മികോവിച് (200.3) എന്നിവര്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ സ്വന്തമാക്കി. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 404.9 പോയിന്റ് നേടിയാണ് ഫൈനലിന് യോഗ്യത നേടിയത്.
മൂന്ന് വര്‍ഷം മുമ്പാണ് പ്രിയേഷ ഷൂട്ടിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്. ചെറിയ കാലയളവിലാണ് പൂനെയില്‍ നിന്നുള്ള ഈ മിടുക്കി മികവറിയിച്ചിരിക്കുന്നത്. മെഡല്‍ നേട്ടം പ്രിയേഷയുടെ ആത്മവിശ്വാസം ഉയര്‍ത്തും, കൂടുതല്‍ അധ്വാനിക്കുവാനുള്ള മനസ് നല്‍കും – പിതാവ് ശരദ്‌റാവു പറഞ്ഞു.
2008 ല്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ക്യാമ്പില്‍ പങ്കെടുത്ത പ്രിയേഷ പിതാവിനോട് റൈഫിള്‍ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടതില്‍ നിന്നാണ് തുടക്കം. എന്നാല്‍. പഠനത്തില്‍ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ശരദ്‌റാവു പറഞ്ഞത്. പ്ലസ് ടു കഴിഞ്ഞ ഉടനെ ഒളിമ്പ്യന്‍ സുമ ഷിരുരുമായി കൂടിക്കാഴ്ച നടത്തിയ ശരദ്‌റാവു മകളുടെ ആഗ്രഹം അറിയിച്ചു. തുടര്‍ന്ന് ഒളിമ്പ്യന്റെ സഹായത്തോടെ റൈഫിള്‍ മകള്‍ക്ക് ലഭ്യമാക്കി. തുര്‍ക്കിയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഡെഫ്‌ലിമ്പിക്‌സ് (ബധിരര്‍ക്കായുള്ള ഒളിമ്പിക്‌സ്) സ്വര്‍ണ മെഡലാണ് പ്രിയേഷ ലക്ഷ്യമിടുന്നത്. ബധിരര്‍ക്കായി ദേശീയ തലത്തില്‍ ഷൂട്ടിംഗ് ഫെഡറേഷന്‍ ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പിന്തുണയോ സഹായമോ ഇല്ലാതെയാണ് പ്രിയേഷ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. ദേശീയ റൈഫിള്‍ അസോസിയേഷന്‍ പാര ഷൂട്ടേഴ്‌സിന് വേണ്ട സഹായങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍, ബധിര താരങ്ങള്‍ പാര ഷൂട്ടേഴ്‌സ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല.