Connect with us

Sports

ചെല്‍സിക്ക് 'നരക'മൊരുക്കി ലിവര്‍പൂള്‍

Published

|

Last Updated

ചെല്‍സിയില്‍ തിരിച്ചെത്തിയ ലൂയിസിന് മത്സരം കഠിനമായിരുന്നുചെല്‍സിയില്‍ തിരിച്ചെത്തിയ ലൂയിസിന് മത്സരം കഠിനമായിരുന്നു

ലണ്ടന്‍: യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ക്ക് എന്റെ ലിവര്‍പൂള്‍ ടീം നരകമൊരുക്കും. ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് സീസണിന്റെ തുടക്കത്തില്‍ പറഞ്ഞ വാക്കുകള്‍ സത്യമാവുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആഴ്‌സണലിനെയും ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെയും പരാജയപപ്പെടുത്തിയ ലിവര്‍പൂള്‍ ചെല്‍സിയെ അവരുടെ മടയില്‍ ചെന്ന് മലര്‍ത്തിയടിച്ചിരിക്കുന്നു. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ വിജയം. പതിനേഴാം മിനുട്ടില്‍ ലൗറനും മുപ്പത്താറാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹെന്‍ഡേഴ്‌സന്റെ ലോംഗ് റേഞ്ചറും ലിവര്‍പൂളിന് ആദ്യ പകുതിയില്‍ 2-0ന് ലീഡ് സമ്മാനിച്ചു. അറുപത്തൊന്നാം മിനുട്ടില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയിലൂടെ ഗോള്‍ മടക്കിയ ചെല്‍സിക്ക് തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.
പ്രീമിയര്‍ ലീഗില്‍ ഇന്നലെ രാത്രി നടന്ന മത്സരങ്ങളില്‍ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍സിറ്റി, വെസ്റ്റ്‌ബ്രോം ടീമുകള്‍ മികച്ച വിജയം കരസ്ഥമാക്കി. ഹള്‍ സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആഴ്‌സണല്‍ പരാജയപ്പെടുത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ 4-0ന് ബൗണ്‍മൗത്തിനെ തകര്‍ത്തു. ലെസ്റ്റര്‍ സിറ്റിയും നാട്ടങ്കത്തില്‍ 3-0ന് ബണ്‍ലിയെ കീഴടക്കി. വെസ്റ്റ്‌ബ്രോം 4-2ന് വെസ്റ്റ്ഹാമിന്റെ വെല്ലുവിളി അതിജീവിച്ചു.
പ്രീമിയര്‍ ലീഗ് ടേബിളില്‍ അഞ്ച് കളിയും ജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പതിനഞ്ച് പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ആഴ്‌സണല്‍ പത്ത് പോയിന്റുമായി രണ്ടാംസ്ഥാനത്ത്. നാല് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള എവര്‍ട്ടന്‍ മൂന്നാം സ്ഥാനത്തും അഞ്ച് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും നില്‍ക്കുന്നു. ലിവര്‍പൂള്‍ അഞ്ച് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി അഞ്ചാം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ആറാമത്.
പ്രീമിയര്‍ ലീഗ് സീസണില്‍ ആഴ്‌സണലിനെ 3-4ന് തോല്‍പ്പിച്ച ലിവര്‍പൂള്‍ ടോട്ടനം ഹോസ്പറിനെതിരെ എവേ മാച്ചില്‍ 1-1ന് സമനില പിടിച്ചിരുന്നു. ജര്‍മന്‍ കോച്ച് യുര്‍ഗന്‍ ക്ലോപിന്റെ തന്ത്രങ്ങളുടെ ബലത്തില്‍ ലിവര്‍പൂള്‍ ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് ലീഗില്‍. ചെല്‍സി നിരയില്‍ ബ്രസീലിയന്‍ സെന്റര്‍ബാക്ക് ഡേവിഡ് ലൂയിസ് തിരിച്ചെത്തിയതായിരുന്നു ശ്രദ്ധേയം. പരിചയ സമ്പന്നനായ ജോണ്‍ ടെറി പരുക്കേറ്റ് പുറത്തായതിനാല്‍ ലൂയിസിനായിരുന്നു ഡിഫന്‍സിലെ പ്രധാന ചുമതല. ക്ലാസിക് പോരില്‍ ലൂയിസ് തന്റെ മിടുക്ക് പ്രദര്‍ശിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
ലോംഗ് റേഞ്ച് ഗോളുകളില്‍ ലിവര്‍പൂള്‍ ഏറെ ശ്രദ്ധയൂന്നാന്‍ തുടങ്ങിയത് യുര്‍ഗന്‍ ക്ലോപ് കോച്ചായതോടെയാണ്. ക്ലോപിന്റെ ലിവര്‍പൂള്‍ പതിനഞ്ച് തവണ ലോംഗ് റേഞ്ച് ഗോളുകള്‍ നേടി. മുന്‍ ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ലോംഗ് റേഞ്ചറുകളെ അനുസ്മരിപ്പിക്കും വിധം പുതിയ നായകന്‍ ഹെന്‍ഡേഴ്‌സന്‍ ചെല്‍സിക്കെതിരെ നേടിയ രണ്ടാം ഗോള്‍ ഇതിനകം ചര്‍ച്ചയായി. മുപ്പത്തിമൂന്ന് വാര അകലെ നിന്ന് ഹെന്‍ഡേഴ്‌സന്‍ തൊടുത്ത ഷോട്ട് 1.23 സെക്കന്‍ഡ്‌സിലാണ് വലക്കുള്ളില്‍ കയറിയത്. ചെല്‍സിയുടെ ഗ്രീക്ക് ഗോളി കുര്‍ടോയിസ് മുഴുനീള ഡൈവ് ചെയ്തിട്ടും പന്ത് നൂലിഴ വ്യത്യാസത്തില്‍ വലയില്‍ തുളച്ചു കയറി. ചെല്‍സിക്കെതിരെ ഓരോ പന്തിലേക്കും ആക്രമിച്ചു കളിക്കുക എന്ന സമ്മര്‍ദ തന്ത്രമായിരുന്നു യുര്‍ഗന്‍ ക്ലോപ് നടപ്പാക്കിയത്. പ്രത്യാക്രമണത്തില്‍ മാത്രമായിരുന്നു ചെല്‍സിക്ക് രക്ഷ. അതാകട്ടെ, ഫലപ്രദമായി ലിവര്‍പൂള്‍ മധ്യനിരയും പ്രതിരോധ നിരയും തടഞ്ഞു. യൂറോപ്പിലെ മുന്‍ നിര പരിശീലകരായ യുര്‍ഗന്‍ ക്ലോപും അന്റോണിയോ കോന്റെയും തമ്മിലുള്ള പോരില്‍ ഇരുവരുടെയും തന്ത്രങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. റോബര്‍ടോ ഫിര്‍മിനോ എന്ന സുപ്രധാന അറ്റാക്കര്‍ പരുക്കേറ്റ് പുറത്തായതോടെ ക്ലോപ് മുന്‍നിരയില്‍ സ്റ്ററിഡ്ജ്, മാനെ, ഫിലിപ് കോട്ടീഞ്ഞോ എന്നിവരെ അണിനിരത്തി. ഇത് ഫലപ്രദമായി. പകരക്കാരെ ഇറക്കിയതിലും ക്ലോപിന്റെ കണക്ക് കൂട്ടലുകള്‍ വിജയകരമായി.
സ്റ്ററിഡ്ജിനെ പിന്‍വലിച്ച് ഡിവോക് ഒറിഗിയെ കളത്തിലിറക്കിയതും നിരന്തരം അറ്റാക്ക് ചെയ്ത് കളിച്ച കോട്ടീഞ്ഞോ ക്ഷീണിച്ചപ്പോള്‍ ഡിഫന്‍സീവ് ഗെയിം കളിക്കുന്ന ലുകാസിനെ കളത്തിലിറക്കി ലീഡ് നിലനിര്‍ത്താന്‍ ശ്രമിച്ചതും ക്ലോപിന്റെ വിജയമായി. പകരക്കാരെ കളത്തിലിറക്കാന്‍ കോന്റെ വൈകിയത് ചെല്‍സിക്ക് തിരിച്ചടിയായി. എണ്‍പത്തിമൂന്നാം മിനുട്ടിലാണ് ചെല്‍സി ആദ്യ സബ്സ്റ്റിറ്റിയൂഷന്‍ നടത്തുന്നത്. മാറ്റിചിന് പകരം ഫാബ്രിഗസും വില്യെയ്‌ന് പകരം മോസസും ഓസ്‌കറിന് പകരം പെഡ്രോയും എത്തിയത് വൈകിയ വേളയിലായിരുന്നു. ട്രാന്‍സ്ഫറില്‍ വലിയ വില നല്‍കി ടീമിലെത്തിച്ച മിചി ബാഷുയിയെ കോന്റെ കളത്തിലിറക്കിയില്ല. എഴുപത്തൊന്ന് മിനുട്ടിന് മുമ്പായി അന്റോണിയോ കോന്റെ നടപ്പ് പ്രീമിയര്‍ ലീഗ് സീസണില്‍ സബ്സ്റ്റിറ്റിയൂഷന്‍ നടത്തിയിട്ടില്ല.
സാഞ്ചസിലൂടെ ഗണ്ണേഴ്‌സ്
ഹള്‍ സിറ്റിക്കെതിരെ ആഴ്‌സണലിന് മികച്ച വിജയം ഒരുക്കിയത് ചിലെ സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസിന്റെ ഡബിളാണ്. വാല്‍കോട്ട്, ഷാക്ക ഓരോ ഗോളുകള്‍ വീതം നേടി. ഹള്ളിന്റെ ജാക് ലൈവ്‌മോര്‍ ചുവപ്പ് കാര്‍ഡ് കണ്ടു.
ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച സ്‌പോട് കിക്ക് സാഞ്ചസിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.
പതിനേഴാം മിനുട്ടില്‍ സാഞ്ചസ് ആദ്യ ഗോള്‍ നേടിയതിന് ശേഷമായിരുന്നു ഇത്. വാല്‍കോട്ടിലൂടെ രണ്ടാം ഗോള്‍ നേടിയ ആഴ്‌സണല്‍ എഴുപത്തൊമ്പതാം മിനുട്ടില്‍ ഗോള്‍ വഴങ്ങി. പെനാല്‍റ്റിയിലൂടെ സ്‌നോഡ്ഗ്രാസായിരുന്നു സ്‌കോര്‍ ചെയ്തത്. എണ്‍പത്തിമൂന്നാം മിനുട്ടില്‍ സാഞ്ചസിന്റെ രണ്ടാം ഗോളും ഇഞ്ചുറി ടൈമില്‍ സാക്കയുടെ ഗോളും ഗണ്ണേഴ്‌സിന്റെ വിജയം ആധികാരികമാക്കി.
ഗോര്‍ഡിയോളയുടെ മനം കവര്‍ന്ന് ഡിബ്രൂയിന്‍
മാഞ്ചസ്റ്റര്‍ സിറ്റിയുടെ നൊലിറ്റോ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ ഡിബ്രൂയിന്‍, ഇഹിനാചോ, സ്റ്റെര്‍ലിംഗ്, ഗുന്‍ഡോഗാന്‍ എന്നിവര്‍ സിറ്റിയുടെ നാല് ഗോള്‍ ജയം ഉറപ്പാക്കി.
ഡിബ്രൂയിന്റെ മികവിനെ കോച്ച് പെപ് ഗോര്‍ഡിയോള പ്രശംസിച്ചു. മറ്റൊരു ലെവലിലായിരുന്നു ബെല്‍ജിയം മിഡ്ഫീല്‍ഡറെന്ന് പെപ് പറഞ്ഞു. മുഖ്യ സ്‌ട്രൈക്കര്‍ ഇഹിനാചോക്ക് പിറകില്‍ രണ്ടാം സ്‌ട്രൈക്കറായിട്ടാണ് ഡിബ്രൂയിന്‍ കളിച്ചത്. അതിവേഗ പാസിംഗ് ഗെയിം പുറത്തെടുത്ത സിറ്റിക്ക് ബോക്‌സിനുള്ളിലേക്ക് കളി മെനഞ്ഞത് ഡിബ്രൂയിന്റെ മാസ്റ്റര്‍മൈന്‍ഡായിരുന്നു.
ബണ്‍ലികെതിരെ ലെസ്റ്റര്‍ സിറ്റിക്കായി സ്ലിമാനിരണ്ട് ഗോളുകള്‍ നേടി. മറ്റൊന്ന് സെല്‍ഫ് ഗോളായിരുന്നു. വെസ്റ്റ് ഹാമിനായി ചാഡ്‌ലി ഇരട്ട ഗോളുകള്‍ നേടി. റോന്‍ഡോന്‍, മക്ക്ലീന്‍ വെസ്റ്റ് ഹാമിനായി സ്‌കോര്‍ ചെയ്തു.

Latest