Connect with us

Kozhikode

സര്‍വകലാശാല ക്യാമ്പസില്‍ വീണ്ടും പാമ്പ്

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ജല ശുദ്ധീകരണ ശാലയില്‍ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരെ പരിഭ്രാന്തരാക്കി. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഉഗ്ര വിഷമുള്ള വിഭാഗത്തില്‍പ്പെട്ട പാമ്പിനെ കണ്ടത്.
ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ സെക്യൂരിറ്റി ഓഫീസറെ വിവരമറിയിച്ചു. ജല ശുദ്ധീകരണ ശാലയിലെ ജീവനക്കാര്‍ ശബ്ദം ഉണ്ടാക്കിയപ്പോള്‍ പാമ്പ് സമീപത്തുള്ള മരത്തില്‍ കയറി. വിവരമറിയിച്ചതനുസരിച്ച് പാമ്പ് പിടുത്തക്കാരനായ വേങ്ങര മുസ്തഫ സ്ഥലത്തെത്തി. അപ്പോഴേക്കും പാമ്പ് പന മരത്തിലേക്ക് കയറിയിരുന്നു. പാമ്പ് പിടുത്തക്കാരന്‍ മുസ്തഫ കോണി ഉപയോഗിച്ച് പനയില്‍ കയറി പാമ്പിനെ താഴെയിറക്കി.
പാമ്പിനെ പിന്നീട് മുസ്തഫ കൊണ്ടുപോവുകയും ചെയ്തു. എഴുത്താണി മൂര്‍ഖന്‍ ഇനത്തില്‍പ്പെട്ടതാണ് പാമ്പെന്ന് മുസ്തഫ പറഞ്ഞു. ജല ശുദ്ധീകരണശാലയില്‍ ഇത് രണ്ടാം തവണയാണ് പാമ്പിനെ കാണുന്നത്. പമ്പ് ഹൗസും ജല ശുദ്ധീകരണശാലയും അവശ്യ സര്‍വീസായതിനാല്‍ രാത്രിയും പകലും ജോലി ചെയ്യുന്നവരുണ്ട്. ഭീതിയോടെയാണ് ജോലിയെടുക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. പമ്പ് ഹൗസിന് സമീപത്ത് നിന്നാണ് പാമ്പുകള്‍ എത്തുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.