Connect with us

Palakkad

വി എസ് അച്യുതാനന്ദന്റെ നിലപാട് അത്ഭുതകരം: ഉമ്മന്‍ചാണ്ടി

Published

|

Last Updated

പാലക്കാട് : സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന വി എസ് അച്യുതാനന്ദന്‍ സൗമ്യ വധക്കേസില്‍ വിധി വന്നപ്പോള്‍ സ്വീകരിച്ച നിലപാട് അത്ഭുതമുളവാക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കവളപ്പാറ കാരക്കാട്ടിലെത്തി അമ്മ സുമതിയെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷയ്‌ക്കെതിരായി സി പി എം ഇപ്പോള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാനാണ്.
വി എസ് അച്യുതാനന്ദനും എം എ ബേബിയും വധശിക്ഷക്കെതിരെയുള്ള നിലപാടിലാണ്. എന്നാല്‍ ഹൈക്കോടതി ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ ഇവര്‍ ഇത്തരം നിലപാട് സ്വീകരിച്ചിരുന്നുമില്ല. സി പി എം നേതാക്കള്‍ വധശിക്ഷയെക്കുറിച്ചുള്ള നിലപാടില്‍ തര്‍ക്കത്തിലാണ്. അതുകൊണ്ടു തന്നെ വിചാരണ കോടതിയിലും ഹൈക്കോടതിയിലും കേസ് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു. അഭിഭാഷകന്റെ സേവനം സുപ്രീംകോടതിയില്‍ വിനിയോഗിക്കാതിരുന്നതാണ് തിരിച്ചടിക്ക് കാരണമായതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പിന് അഡ്വ. സുരേശന്റെ പ്രത്യേക സേവനം തേടണമെന്ന് യു ഡി എഫ് സര്‍ക്കാര്‍ ഉത്തരവ് തന്നെ ഇറക്കിയിരുന്നു. സുപ്രീംകോടതിയില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ നാല് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും വിട്ടു കൊടുത്തിരുന്നതാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ കേസ് കോര്‍ഡിനേറ്റ് ചെയ്യേണ്ട സ്റ്റാന്റിംഗ് കൗണ്‍സിലിനെ മാറ്റി പുതിയ ആളെ നിയോഗിച്ചു.
അദ്ദേഹം കേസ് നടത്തിപ്പിനാവശ്യമായ കോര്‍ഡിനേഷന്‍ നടത്തിയില്ല. പുതുതായി ചുമതലയേറ്റ അഡ്വക്കേറ്റ് ജനറലോ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറോ നേരത്തെയുണ്ടായിരുന്ന ടീമിന്റെ സേവനം ഉപയോഗിച്ചില്ല. ഇതാണ് കേസിന്റെ ഗുരുതരമായ വീഴ്ചയ്ക്ക് ഇടയാക്കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സൗമ്യ വധക്കേസിലെ ഗുരുതരമായ വീഴ്ചകള്‍ക്ക് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ഇപ്പോള്‍ വധശിക്ഷക്കെതിരെ അഭിപ്രായം പറയുന്ന സാഹചര്യം സി പി എം വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ഷാഫി പറമ്പില്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, കെ പി സി സി സെക്രട്ടറിമാരായ വി കെ ശ്രീകണ്ഠന്‍, പി ജെ പൗലോസ്, സി ചന്ദ്രന്‍, മുന്‍ എം പി വി എസ് വിജയരാഘവന്‍, മുന്‍ എം എല്‍ എമാരായ ബെന്നി ബെഹന്നാന്‍, സി പി മുഹമ്മദ്, കെ എ ചന്ദ്രന്‍ എന്നിവരും ഉമ്മന്‍ചാണ്ടിയെ അനുഗമിച്ചു.
രാവിലെ എട്ട് മണിയോടെയാണ് സൗമ്യയുടെ അമ്മ സുമതിയെ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട്ടിലെത്തിയത്.