Connect with us

National

കാവേരി: കർണാടകക്ക് വീണ്ടും തിരിച്ചടി, 6000 ഘനയടി വെള്ളം നൽകാൻ സുപ്രി‌ം കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകക്ക് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി. തമിഴ്‌നാടിന് പ്രതിദിനം 6000 ഘനഅടി വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കി. വിധിക്ക് പിന്നാലെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കര്‍ണാടകത്തിന്റെ ആവശ്യത്തിനുള്ള ജലം തന്നെ കാവേരിയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചുവെങ്കിലും സുപ്രിം കോടതി ഇത് അംഗീകരിച്ചില്ല. സുപ്രിം കോടതി നിയോഗിച്ച കാവേരി മേല്‍നോട്ട സമിതി 3000 ഘനയടി വെള്ളം നല്‍കണമെന്ന് ഇന്നലെ നിര്‍ദേശിച്ചിരുന്നു. ഇത് ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.

അക്രമ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം നല്‍കാന്‍ കര്‍ണാടകത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നല്‍കിയ ഹരജിയിലും, വെള്ളം നല്‍കാനുള്ള ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക നല്‍കിയ റിവ്യൂഹരജിയിലുമാണ് സുപ്രീംകോടതി ഇന്ന് തുടര്‍വാദം കേട്ടത്. അക്രമസാധ്യതയുള്ള മണ്ഡ്യയിലാണ് കൂടുതല്‍ കേന്ദ്ര സേനയെ ഇറക്കിയിരിക്കുന്നത്. സി ആര്‍ പി ഫ്, സി ഐ എസ് എഫ്, ആര്‍ പി എഫ് സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്.

തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്ന കൃഷ്ണരാജ് സാഗര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന മണ്ഡ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ ഈ മാസം 25 വരെ നിരോധനാജ്ഞ തുടരും. ബെംഗളൂരുവില്‍ തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും കൃഷ്ണരാജസാഗര്‍ അണക്കെട്ടിന്റെ പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാവേരിനദീതട മേഖലയായ ബെംഗളൂരു, മൈസൂരു, മണ്ഡ്യ, ചിത്രദുര്‍ഗ, ധാര്‍വാഡ്, ഹൊസൂര്‍ എന്നിവിടങ്ങളിലും ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ ബാധിക്കുന്ന വിധത്തില്‍ കാവേരി പ്രക്ഷോഭം രൂക്ഷമായതും നിയന്ത്രണ വിധേയമാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാറിന് സംഭവിച്ച വീഴ്ചയും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നത്. മദ്ദൂര്‍, ശ്രീരംഗപട്ടണ, പാണ്ഡവ പുര എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം അവധിപ്രഖ്യാപിച്ചു. അത്തിബലെ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്കുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിലെ മുന്‍കൂര്‍ ബുക്കിംഗ് കഴിഞ്ഞയാഴ്ച നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ കേരള ആര്‍ ടി സി ബസുകള്‍ മാത്രമാണ് സേലം, കോയമ്പത്തൂര്‍ വഴി ബെംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്. കര്‍ണാടക ആര്‍ ടി സിയും തമിഴ്‌നാട് കോര്‍പറേഷനും പത്ത് ദിവസത്തിലേറെയായി ഈ റൂട്ടിലെ സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.

കര്‍ണാടക രജിസ്‌ട്രേഷനുള്ള സ്വകാര്യ ബസുകളെയും അതിര്‍ത്തി കടക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ കേരള ആര്‍ ടി സി മാത്രം സര്‍വീസ് നടത്തുന്നത് സാഹസമാണെന്ന് അധികൃതര്‍ പറയുന്നു. മണ്ഡ്യ, ചാമരാജ്‌നഗര്‍, മൈസൂരു എന്നിവിടങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതലെന്നതിനാല്‍ മലബാര്‍ ഭാഗത്തേക്കുള്ള ഷെഡ്യൂളുകളും റദ്ദാക്കി. അതേസമയം, കേരള ആര്‍ ടി സി കൂടി സര്‍വീസ് റദ്ദാക്കിയത് ഓണാവധിക്ക് ശേഷം ബെംഗളൂരുവിലേക്ക് തിരിക്കുന്ന മലയാളികളെ കടുത്ത ദുരിതത്തിലാക്കി. സംസ്ഥാനന്തര റൂട്ടില്‍ ഒരാഴ്ചയിലേറെയായി ദീര്‍ഘദൂര ബസുകള്‍ കുറഞ്ഞതോടെ ട്രെയിനുകളെയാണ് കര്‍ണാടകയിലെ മലയാളികള്‍ പ്രധാനമായും ആശ്രയിക്കുന്നത്.
രണ്ടാഴ്ചയോളം സര്‍വീസ് താറുമാറായതിന്റെ പേരില്‍ കര്‍ണാടക ആര്‍ ടി സി, തമിഴ്‌നാട് കോര്‍പറേഷന്‍ ബസുകള്‍ക്കും സ്വകാര്യ ബസ് ഓപറേറ്റര്‍ക്കുമായി 200 കോടി രൂപയിലേറെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. അക്രമങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് മണ്ഡ്യ ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കോളജുകള്‍ക്കും ജില്ലാ ഭരണകൂടം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 120 പേരെ അറസ്റ്റ് ചെയ്തു. കെ പി എന്‍ ട്രാവല്‍സിന്റെ ബസുകള്‍ കൂട്ടമായി കത്തിച്ച കേസില്‍ സി ഐ ഡി അന്വേഷണം ഊര്‍ജിതമാക്കി.
അതിനിടെ, വരുണ കനാലിലേക്ക് കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്ന് കാവേരി ജലം വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ചുമതലയുള്ള കാവേരി നീരാവരി നിംഗം അധികൃതര്‍ കഴിഞ്ഞ ദിവസം മുതലാണ് ജലവിതരണം നിര്‍ത്തിയത്.

എന്നാല്‍, സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം മുടങ്ങാതെ നടക്കുന്നുണ്ട്. ജലവിതരണം നിര്‍ത്തിയതിനെതിരെ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നെല്‍കൃഷിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കെ ജലവിതരണം നിര്‍ത്തിയത് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.

Latest